ലാഭമെടുപ്പിൽ നേട്ടം നിലനിർത്താനാവാതെ വിപണി; സൂചികകൾ തൊട്ടത് പുതിയ ഉയരം
- ആദ്യ പകുതി വരെ നേട്ടത്തിലായിരുന്ന വിപണി രണ്ടാം പകുതിയിൽ ലാഭമെടുപ്പിന് വിധേയമായി
- നിഫ്റ്റി ഐടി, എഫ്എംസിജി, ടെലികോം എന്നിവ 0.4 ശതമാനം വീതം ഇടിഞ്ഞു
- ബ്രെൻ്റ് ക്രൂഡ് 0.31 ശതമാനം ഇടിഞ്ഞ് ബാരലിന് 80.88 ഡോളറിലെത്തി
;
ആഴ്ച്ചയിലെ ആദ്യ വ്യാപാര ദിനത്തിൽ സൂചികകൾ തൊട്ടത് പുതിയ ഉയരമാണ്. ആദ്യ പകുതി വരെ നേട്ടത്തിലായിരുന്ന വിപണി രണ്ടാം പകുതിയിൽ ലാഭമെടുപ്പിന് വിധേയമായി. ഈ ആഴ്ച അവസാനത്തോടെ യുഎസ് ഫെഡ് പലിശ നിരക്ക് തീരുമാനം പുറത്തുവരാനിരിക്കെ നിക്ഷേപകർ എഫ്എംസിജി, ഐടി ഓഹരികളിൽ ലാഭമെടുത്തത് വിപണിയെ വലച്ചു.
സെൻസെക്സ് 23.12 പോയൻ്റ് അഥവാ 0.03 ശതമാനം ഉയർന്ന് 81,355.84ലും നിഫ്റ്റി 0.01 പോയൻ്റ് അഥവാ 1.25 ശതമാനം ഉയർന്ന് 24,836.10ലുമാണ് ക്ലോസ് ചെയ്തത്. ഇൻട്രാ ഡേ വ്യാപാരത്തിൽ സെൻസെക്‌സ് 81,908.43 എന്ന റേസികോർഡ് നേട്ടത്തിലെത്തിയിരുന്നു. നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവലായ 24,999.75 പോയൻ്റിലുമെത്തി.
ദിവിസ് ലാബ്‌സ്, എൽ ആൻഡ് ടി, ബിപിസിഎൽ, ബജാജ് ഫിൻസെർവ്, എം ആൻഡ് എം തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ടൈറ്റൻ കമ്പനി, ഭാരതി എയർടെൽ, സിപ്ല, ഐടിസി, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഐടി, എഫ്എംസിജി, ടെലികോം എന്നിവ 0.4 ശതമാനം വീതം ഇടിഞ്ഞപ്പോൾ നിഫ്റ്റി ഓട്ടോ, ബാങ്ക്, മീഡിയ, ക്യാപിറ്റൽ ഗുഡ്‌സ്, ഓയിൽ ആൻഡ് ഗ്യാസ്, പവർ, റിയാലിറ്റി എന്നിവ 0.5-2.5 ശതമാനം വരെ ഉയർന്നു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക ഒരു ശതമാനത്തോളം ഉയർന്നപ്പോൾ സ്‌മോൾക്യാപ് സൂചിക 1.2 ശതമാനം നേട്ടം നൽകി.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോംഗ് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുന്നു. വെള്ളിയാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിലാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ(എഫ്ഐഐ) വെള്ളിയാഴ്ച 2,546.38 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.31 ശതമാനം ഇടിഞ്ഞ് ബാരലിന് 80.88 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.34 ശതമാനം ഉയർന്ന് 2436 ഡോളറിലെത്തി.