പിഎല്‍ഐ: നിര്‍ണായക മേഖലകളില്‍ വളര്‍ച്ച വളരെ കുറവ്

  • മൂന്ന് മേഖലകളിലെ വളര്‍ച്ച ഗണ്യമായ രീതിയില്‍ മന്ദഗതിയില്‍
  • നിക്ഷേപങ്ങളുടെ വരവ് ചില മേഖലകള്‍ മാത്രം കേന്ദ്രീകരിച്ച്
  • ടെലികോം, ഫാര്‍മ മേഖലകളില്‍ നിക്ഷേപം ഉയര്‍ന്നു

Update: 2024-02-12 06:08 GMT

ഉല്‍പ്പാദന അധിഷ്ഠിത ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിക്ക് കീഴിൽ ആഭ്യന്തര ഉൽപ്പാദനം ഉത്തേജിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ പ്രധാന മേഖലകളിലെ നിക്ഷേപ വളര്‍ച്ച മന്ദഗതിയില്‍. ഈ സാമ്പത്തിക വർഷം ടെക്‌സ്റ്റൈൽസ്, ഇൻഫർമേഷൻ ടെക്‌നോളജി ഹാർഡ്‌വെയർ, സ്‌പെഷ്യാലിറ്റി സ്റ്റീൽ എന്നിവയിൽ നിക്ഷേപ വളർച്ച “ഗണ്യമായ രീതിയില്‍ മന്ദഗതിയില്‍” ആണെന്നാണ് വിലയിരുത്തല്‍. പിഎല്‍എ സ്കീം സംബന്ധിച്ച് അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. 

നടപ്പു സാമ്പത്തിക വര്‍ഷം 49,682 കോടി രൂപയുടെ നിക്ഷേപം പിഎല്‍ഐ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്. ഇതിൽ 61.8 ശതമാനം അഥവാ 30,695 കോടി രൂപ ഈ സാമ്പത്തിക വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ 14 മേഖലകളിലായി ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഈ നിക്ഷേപങ്ങളുടെ വരവ് പ്രധാനമായും ചില മേഖലകള്‍ മാത്രം കേന്ദ്രീകരിച്ചാണ്. മുകളിൽ സൂചിപ്പിച്ച മൂന്ന് മേഖലകൾക്ക് പുറമെ, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾ, എസിസി ബാറ്ററികൾ, വൈറ്റ് ഗുഡ്‌സ് എന്നിവയുടെ കാര്യത്തിലും പുരോഗതി മന്ദഗതിയിലാണ്.

മൊബൈൽ ഫോണുകൾ, ബൾക്ക് ഡ്രഗ്‌സ്, ഫാർമസ്യൂട്ടിക്കൽസ്, ടെലികോം, ഡ്രോണുകൾ, ഭക്ഷ്യ സംസ്‌കരണം എന്നിവയ്‌ക്കായുള്ള പിഎൽഐ സ്കീമുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഈ മേഖലകളിലെ നിക്ഷേപം, ഉൽപ്പാദനം, വിൽപ്പന, തൊഴിൽ ലക്ഷ്യങ്ങൾ എന്നിവ മുന്നേറുന്നുണ്ടെന്നും സമിതിയുടെ അവലോകന യോഗത്തില്‍ വിലയിരുത്തപ്പെട്ടു. 

പിഎല്‍ഐ സ്കീമുകളുടെ പ്രധാന പങ്കാളികൾ, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, നിതിആയോഗ്, ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് എന്നിവയുടെ പ്രതിനിധികള്‍ ഈ സമിതിയില്‍ ഉള്‍പ്പെടുന്നു. 

Tags:    

Similar News