ഐപിഒയ്ക്കായി സമർപ്പിച്ച കരട് പത്രിക പിൻവലിച്ച് ഒയോ; റീഫിനാൻസിങ് പദ്ധതികൾക്ക് തുടക്കം
- ഡോളർ ബോണ്ടുകൾ വഴി 450 മില്യൺ ഡോളർ സമാഹരിക്കാൻ കമ്പനി തയ്യറെടുക്കുന്നുണ്ട്
- പ്രതിവർഷം 9 മുതൽ 10 ശതമാനം വരെ പലിശ നിരക്ക്
- ഡിആർഎച്ച്പിയുടെ പരിഷ്‌ക്കരിച്ച പതിപ്പ് വീണ്ടും ഫയൽ ചെയ്യാൻ കമ്പനി പദ്ധതിയിടുന്നുണ്ട്
;
സോഫ്റ്റ്‌ബാങ്ക് പിന്തുണയുള്ള അന്താരാഷ്ട്ര ട്രാവൽ ടെക്‌നോളജിയിലെ മുൻനിര കമ്പനിയായ ഒയോ ഐപിഒയ്ക്കായി സമർപ്പിച്ച കരട് പത്രിക പിൻവലിച്ചു. റീഫിനാൻസിങ് പദ്ധതിയുടെ ഭാഗമായാണ് കമ്പനി പത്രിക പിൻവലിച്ചത്. ഡോളർ ബോണ്ടുകൾ വഴി 450 ദശലക്ഷം ഡോളർ സമാഹരിക്കാൻ കമ്പനി തയ്യറെടുക്കുന്നുണ്ട്. പ്രതിവർഷം 9 മുതൽ 10 ശതമാനം വരെ പലിശ നിരക്കിൽ ഡോളർ ബോണ്ടുകൾ വിൽക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇഷ്യൂവിന്റെ ലീഡ് ബാങ്കർ ജെപി മോർഗൻ ആയിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
നിലവിലെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) പിൻവലിക്കാൻ മാർക്കറ്റ് റെഗുലേറ്റർ സെബിക്ക് ഒയോ ഇതിനകം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ബോണ്ട് ഓഫറിനെത്തുടർന്ന്, ഡിആർഎച്ച്പിയുടെ പരിഷ്‌ക്കരിച്ച പതിപ്പ് വീണ്ടും ഫയൽ ചെയ്യാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
2021 സെപ്റ്റംബറിൽ 8,430 കോടി രൂപയുടെ ഐപിഒയ്ക്കുള്ള പ്രിലിമിനറി പേപ്പറുകൾ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമർപ്പിച്ചു. ആ സമയത്തെ അസ്ഥിരമായ വിപണി സാഹചര്യങ്ങൾ കാരണം കമ്പനിക്ക് കുറഞ്ഞ മൂല്യത്തിന് തയ്യാറെടുക്കേണ്ടിവന്നു. 11 ബില്യൺ ഡോളറിന് പകരം 4-6 ബില്യൺ ഡോളറിന്റെ മൂല്യമായിരുന്നു ഐപിഒ വൈകാൻ കാരണമായത്.