സർവ്വകാല ഉയരത്തിൽ നിഫ്റ്റി; ഉയരങ്ങൾ താണ്ടി മിഡ്‌ക്യാപ് സൂചിക

  • നിഫ്റ്റി ഒരു ശതമാനത്തോളം ഉയർന്ന് 23,400 കടന്നു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഉയർന്ന് 83.54 എത്തി
  • സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള 12 സൂചികകളും പച്ചയിലാണ്

Update: 2024-06-12 05:15 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളുടെ ഉയർന്ന വാങ്ങൽ സൂചികകൾക്ക് കരുത്തേകി.

സെൻസെക്‌സ് 252.62 പോയിൻ്റ് ഉയർന്ന് 76,709.21 ലും നിഫ്റ്റി 82.25 പോയിൻ്റ് ഉയർന്ന് 23,347.10 ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടർന്നുള്ള വ്യാപാരത്തിൽ നിഫ്റ്റി സർവ്വകാല ഉയരം തൊട്ടു. സൂചിക ഒരു ശതമാനത്തോളം ഉയർന്ന് 23,400 കടന്നു.

നിഫ്റ്റിയിൽ എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ബിപിസിഎൽ, വിപ്രോ, എൽടിഐ മൈൻഡ്ട്രീ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ഏഷ്യൻ പെയിൻ്റ്സ്, ടൈറ്റൻ കമ്പനി, ഗ്രാസിം, എൻടിപിസി, എച്ച്.യു.എൽ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക ആദ്യമായി 54,000 പോയിന്റുകൾ മറികടന്നു. സൂചിക 54,094.40 എന്ന പുതിയ റെക്കോർഡ് ഉയരത്തിലെത്തി.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള 12 സൂചികകളും പച്ചയിലാണ്.

ഏഷ്യൻ വിപണികളിൽ, സിയോൾ നേട്ടത്തോടെ വ്യാപാരം തുടരുമ്പോൾ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

"കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഇന്ത്യ  വിക്സിലുണ്ടായ 32 ശതമാനം ഇടിവ് സൂചിപ്പിക്കുന്നത് ഉയർന്ന ചാഞ്ചാട്ടത്തിൻ്റെ നാളുകൾ അവസാനിച്ചുവെന്നും വിപണി ഒരു ആശ്വാസ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്നുമാണ്. ഇനി മുതൽ അടിസ്ഥാനകാര്യങ്ങളിലും വാർത്താ പ്രവാഹങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക" ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ഇന്ന് രാത്രി വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകളും ഫെഡറൽ പോളിസി ഫലവും ആഗോള ഓഹരി വിപണിയുടെ ദിശയെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രെൻ്റ് ക്രൂഡ് 0.42 ശതമാനം ഉയർന്ന് ബാരലിന് 82.26 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) ചൊവ്വാഴ്ച 111.04 കോടി രൂപയുടെ ഓഹരികൾ വിറ്റു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഉയർന്ന് 83.54 എത്തി.

ചൊവ്വാഴ്ച സെൻസെക്സ് 33.49 പോയിൻ്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 76,456.59 ലും നിഫ്റ്റി 5.65 പോയിൻ്റ് അഥവാ 0.02 ശതമാനം ഉയർന്ന് 23,264.85 ലുമാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News