വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 26)

Update: 2024-09-26 01:45 GMT

യുഎസ് വിപണിക്ക് ഊര്‍ജം നഷ്ടപ്പെട്ടതുപോലെയാണ്. പൊസീറ്റീവായ സെപ്റ്റംബറിന് അവസാനം സംഭവിക്കുകയാണ്. തുടര്‍ച്ചയായ നാലു ദിവസത്തെ മുന്നേറ്റത്തിനാണ് ഇന്നലെ വിരാമമിട്ടത്. ഡൗ ജോണ്‍സ് മുന്നൂറോളം പോയിന്റ് താഴ്ന്നാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. എന്‍വഡിയയുടെ മുന്നേറ്റത്തില്‍ നാസ്ഡാക് നേരിയ ഉയര്‍ച്ചയില്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പിയും താഴെയായിരുന്നു.

ലേബര്‍ മാര്‍ക്കറ്റ്, പണപ്പെരുപ്പക്കണക്കുകള്‍ എന്നിവ വരും ദിവസങ്ങളില്‍ പുറത്തുവരും. പലിശ കുറച്ചതിനുശേഷമുള്ള ആദ്യത്തെ ഡേറ്റകളാണ് എത്തുന്നത്. സമ്പദ്ഘടനയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യക്തതയാണ് ഈ കണക്കുകളെ നിക്ഷേപകര്‍ കാണുന്നത്. ഈ കണക്കുകള്‍ ഫെഡറല്‍ റിസര്‍വിന്റെ ഭാവി തീരുമാനങ്ങളെ സ്വാധീനിക്കുന്നതാണ്. നിക്ഷേപകര്‍ പിന്‍വലിഞ്ഞു നില്‍ക്കുവാനുള്ള കാരണവുമിതാണ്. പശ്ചിമേഷ്യയിലെ ഇസ്രായേല്‍- ഹിസ്ബുള്ള സംഘര്‍ഷമൊന്നും വിപണിയെ തെല്ലും സ്വാധീനിച്ചിട്ടില്ല. ക്രൂഡോയില്‍ വിലയെ അതു ഒട്ടുംതന്നെ സ്വാധീനിക്കുന്നില്ല എന്നത് വിപണി ആശ്വാസത്തോടെയാണ് കാണുന്നത്.

ആഗോള വിപണിയിലെ സംഭവ വികാസങ്ങളാണ് ഇന്ത്യന്‍ വിപണിയെ നിയക്കുന്നത്. ഇന്ത്യയില്‍നിന്നു നിര്‍ണായക സംഭവങ്ങള്‍ അടുത്ത മാസം മുതലേ ഉണ്ടാകൂ. റിസര്‍വ് ബാങ്കിന്റെ പണനയവും കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളുമാണ് ഏടുത്ത മാസം എത്തുന്നത്. ഇതു രണ്ടും ഭാവിയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന സംഭവങ്ങളാണ്.

ഇന്ന് സെപ്റ്റംബറിലെ ഡെറിവേറ്റീവ് ക്ലോസിംഗ് ദിനമാണ്. റേഞ്ച്ബൗണ്ട് നീക്കത്തിനാണ് സാധ്യത.

ഇന്ത്യന്‍ വിപണി ഇന്നലെ

വന്യമായ വ്യതിയാനങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്നലെ റിക്കാര്‍ഡ് ഉയരത്തില്‍ എത്തി.

ഇന്ത്യന്‍ വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി ഇന്നലെ ആദ്യമായി 26000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. ക്ലോസിംഗ് 26004.15 പോയിന്റാണ്. ഇത് തലേദിവസത്തെ 25940.4 പോയിന്റിനേക്കാള്‍ 63.75 പോയിന്റ് (0.25 ശതമാനം) കൂടുതലാണ്. ഇതു റിക്കാര്‍ഡ് ക്ലോസിംഗാണ്. തുടര്‍ച്ചായ അഞ്ചാമത്തെ ദിവസമാണ് നിഫ്റ്റി മെച്ചപ്പെട്ടു ക്ലോസ് ചെയ്യുന്നത്.

തുടക്കം ദുര്‍ബലമായിട്ടായിരുന്നുവെങ്കിലും വ്യാപാരം മെച്ചപ്പെട്ടതോടെ നിഫ്റ്റിക്ക് കരുത്തു ലഭിച്ചു. എങ്കിലും അവസാന മണിക്കൂറിലാണ് 26000 പോയിന്റഇലേക്കെത്തുന്നതും ക്ലോസ് ചെയ്യുന്നതും. ഉയര്‍ന്ന ടോപ്പും താഴ്ന്ന ബോട്ടവുമാണ് സൂചിക കുറിച്ചത്.

റിയല്‍റ്റി, ബാങ്ക്, മെറ്റല്‍, മീഡിയ, ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ നിഫ്റ്റിക്കു പിന്തുണ നല്‍കിയപ്പോള്‍ പിഎസ് യു ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയവയില്‍ വില്‍പ്പന സമ്മര്‍ദ്ദമാണ് അനുഭവപ്പെട്ടത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ചരിത്രത്തില്‍ ആദ്യമായി 85000 പോയിന്റിനു മുകളില്‍ ഇന്നലെ ക്ലോസ് ചെയ്തു. ഇന്നലെ 255.83 പോയിന്റ് ( 0.3 ശതമാനം) ഉയര്‍ന്ന് 85169.87 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ഇന്നലെ 85247.42 പോയിന്റ് വരെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു. ഇതു രണ്ടു റിക്കാര്‍ഡ് ഉയരങ്ങളാണ്. ചൊവ്വാഴ്ച സെന്‍സെക്‌സ് 85000 പോയിന്റിനു മുകളില്‍ എത്തിയിരുന്നുവെങ്കിലും ക്ലോസിംഗ് 84914.04 പോയിന്റിലായിരുന്നു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ചൊവ്വാഴ്ച 26000 പോയിന്റില്‍ തൊട്ട നിഫ്റ്റി ഇന്നലെ ശക്തമായ നിലയില്‍ ഇതിനു മുകളിലെത്തുകുയം ക്ലോസ് ചെയ്യുകയുമായിരുന്നു. നിഫ്റ്റിയുടെ മൊമന്റം പോസീറ്റീവായി തുടരുകയാണ്. എന്നാല്‍ ഓവര്‍ ബോട്ട് തലത്തിലാണ് നിഫ്റ്റിയുടെ നിലയിപ്പോള്‍. എന്തെങ്കിലും പ്രതികൂല സംഭവ വികാസങ്ങളുണ്ടായാല്‍ നിശ്ചയമായും ശക്തമായ വില്‍പ്പനയുണ്ടാകും. ഉയര്‍ന്ന തലങ്ങളില്‍ ബുക്ക് പ്രോഫിറ്റിംഗ് പ്രവണത പ്രതീക്ഷിക്കാം.

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ ഇന്നലെത്തെ ഉയര്‍ന്ന പോയിന്റായ 26032.8 പോയിന്റ് ദുര്‍ബലമായ റെസിസ്റ്റന്‍സാണ്. അതിനു മുകളില്‍ 26140 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷി്ക്കാം. നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം 26200 പോയിന്റാണ്.

നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 25850 പോയിന്റിലും തുടര്‍ന്ന് 25700-25750 തലത്തിലും പിന്തുണ പ്രതീക്ഷിക്കാം. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 25500 ചുറ്റളവില്‍ പിന്തുണയുണ്ട്. നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 75.12 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: തുടര്‍ച്ചായ നാലാം ദിവസവും ബാങ്ക് നിഫ്റ്റി 54000 പോയിന്റിനു മുകളിലെത്തിയെന്നു മാത്രമല്ല, ശക്തമായ നിലയില്‍ ക്ലോസ് ചെയ്യുകയും ചെയ്തു. ഇന്നലെ ബാങ്ക് നിഫ്റ്റി തലേദിവസത്തേക്കാള്‍ 133.05 പോയിന്റ് മെച്ചത്തോടെ 54101.65 പോയിന്റിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇത് തിങ്കളാഴ്ചത്തെ റിക്കാര്‍ഡ് ക്ലോസിംഗിനേ്ക്കാള്‍ ( 54105.8 പോയിന്റ്) നേരിയ തോതില്‍ താഴെയാണ്. മാത്രവുമല്ല, ഇന്നത്തെ ബാങ്ക് നിഫ്റ്റിയുടെ ടോപും ബോട്ടവും തലേദിവസത്തേക്കാള്‍ താഴ്ന്നതാണ്. ഇതു വിപണിയുടെ ദുര്‍ബലാവസ്ഥയെയാണ് കാണിക്കുന്നത്.

ബാങ്ക് നിഫ്റ്റി ഇന്നലത്തെ മൊമന്റം നിലനിര്‍ത്തുകയാണെങ്കില്‍ ഇന്ന് 54250 പോയിന്റ് ആദ്യ റെസിസ്റ്റന്‍സായിരിക്കും. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 54500 പോയിന്റും തുടര്‍ന്നു 54702 പോയിന്റും റെസിസ്റ്റന്‍സായിരിക്കും. മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ് നീങ്ങുന്നതെങ്കില്‍ 53750 പോയിന്റിലും തുടര്‍ന്ന് 53560 പോയിന്റിലും 53440 പോയിന്റിലും പിന്തുണ കിട്ടും. താഴേയ്ക്കുള്ള നീക്കം ശക്തമാണെങ്കില്‍ അടുത്ത പിന്തുണ 53000 പോയിന്റിലാണ്. ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 74.27 ആണ്. ഓവര്‍ബോട്ട് സോണിലാണ് ബാങ്ക് നിഫ്റ്റി. ഏതു സമയവും വില്‍പ്പന ഉണ്ടായേക്കാം.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 30 പോയിന്റ് നേട്ടത്തിലാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വപണി ഫ്യൂച്ചേഴ്‌സ് എല്ലാം പോസീറ്റീവാണ് പോസീറ്റീവ് ഓപ്പണിംഗ് പ്രതീക്ഷിക്കാം. അല്ലെങ്കില്‍ ഫ്‌ളാറ്റ് ഓപ്പണിംഗ്. വിപണിയുടെ പൊതു മനോഭാവം പോസീറ്റീവാണ്.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ 7.37 ശതമാനം കുറഞ്ഞ് 12.74 -ലെത്തി. ചൊവ്വാഴ്ചയിത് 13.39 ആയിരുന്നു. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.333 ആയി. ചൊവ്വാഴ്ച 1.31 ആയി രുന്നു. ഇപ്പോഴും വിപണി ശക്തമായ ബുള്ളീഷ് ട്രെന്‍ഡില്‍ത്തന്നെയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.09 ശതമാനം താഴ്ന്നപ്പോള്‍ വിപ്രോ മാറ്റമില്ലാതെ തുടര്‍ന്നു. ഐസിഐസിഐ ബാങ്ക് 0.1 ശതമാനവും എച്ച് ഡിഎഫ്സി ബാങ്ക് 0.12 ശതമാനം മെച്ചപ്പെട്ടു. ഡോ. റെഡ്ഡീസ് 0.04 ശതമാനവും യാത്ര ഓഹരിയായ യാത്ര ഓണ്‍ലൈന്‍ 1.78 ശതമാനവും മെച്ചപ്പെട്ടു. എന്നാല്‍ മേക്ക് മൈ ട്രിപ് 1.22 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ്0.94 ശതമാനവും താഴുകയായിരുന്നു.

യുഎസ് വിപണികള്‍

യുഎസ് വിപണി ഇന്നലെ പൊതുവേ ഇടിവിന്റെ പാതയിലായിരുന്നു. ഡൗ ജോണ്‍ ഇന്‍ഡസ്ട്രീയല്‍സ് ഇന്നലെ റിക്കാര്‍ഡ് ഉയരം കുറിച്ചശേഷം മുക്കാല്‍ ശതമാനത്തോളം ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. ഇന്നലെ രാവിലെ നേരിയ ഉയര്‍ച്ചയോടെ ഓപ്പണ്‍ ചെയ്ത ഡൗ റി്ക്കാര്‍ഡ് ഉയരത്തില്‍ (42299.64 പോയിന്റ്) എത്തിയശേഷം 293.47 പോയിന്റ് (0.7 ശതമാനം) ഇടിഞ്ഞ് 41914.75 പോയിന്റില്‍ ക്ലോസ് ചെയ്തു. ചൊവ്വാഴ്ചത്തെ 42208.22 പോയിന്റ് റിക്കാര്‍ഡ് ക്ലോസിംഗാണ്. തുടര്‍ച്ചയായ നാലു ദിവസത്തെ മുന്നേറ്റത്തിനാണ് വിരാമമുണ്ടായത്.

ടെക് സൂചികയായ നാസ്ഡാക് ഇന്നലെ 7.68 പോയിന്റും (0.04 ശതമാനം) നേട്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ എസ് ആന്‍ഡ് പി 500 സൂചിക 10.67 പോയിന്റും (0.19 ശതമാനം) താഴ്ന്നാണ് ക്ലോസ് ചെയ്തത്.

യുറോപ്യന്‍ വിപണികള്‍ എല്ലാം ഇന്നലെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 14.06 പോയിന്റും (0.17 ശതമാനം) ജര്‍മന്‍ ഡാക്സ് 78.13 പോയിന്റ്ും (0.41 ശതമാനവും) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 40.72 പോയിന്റും (0.12 ശതമാനവും) സിഎസി ഫ്രാന്‍സ് 38.39 പോയിന്റും (0.5 ശതമാനവും) താഴ്ന്നാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് മെച്ചപ്പെട്ടാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

ഇന്നലെ 70 പോയിന്റോളം താഴ്ന്നു ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ നാനൂറോളം പോയിന്റ് മെച്ചപ്പെട്ട ഓപ്പണ്‍ ചെയ്തു. ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 626.42 പോയി്ന്റ് നേട്ടത്തിലാണ്. ഇന്നു രാവിലെ കൊറിയന്‍ കോസ്പി 44.93 പോയിന്റും മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശ നിക്ഷപേകസ്ഥാപനങ്ങള്‍ ഇന്നലെയും വില്‍പ്പനക്കാരായിരുന്നു. ഇന്നലെ അവര്‍ 15086.88 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 16060.82 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. നെറ്റ് വില്‍പ്പന 973.94 കോടി രൂപയുടെ ഓഹരികള്‍. ഇതോടെ സെപ്റ്റംബര്‍ 25 വരെ അവരുടെ നെറ്റ് വാങ്ങല്‍ 25567.08 കോടി രൂപയിലേക്ക് താഴ്ന്നു. അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 1778.99 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇന്നലെ അവര്‍ 12899.34 കോടി രൂപയുടെ ഓഹരികള്‍ വാങ്ങകുകയും 11120.35 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇതോടെ സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ 15842.76 കോടി രൂപയായി ഉയര്‍ന്നു.

സാമ്പത്തിക വാര്‍ത്തകള്‍

എഡിബി അനുമാനം: ഇന്ത്യന്‍ ജിഡിപി വളര്‍ച്ച നടപ്പുവര്‍ഷം ഏഴു ശതമാനമായിരിക്കുമെന്ന എഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് ( എഡിബി) വിലയിരുത്തുന്നു. കാര്‍ഷികോത്പാദനം വര്‍ധിക്കുന്നതും ഉയര്‍ന്ന സര്‍ക്കാര്‍ ചെലവഴിക്കലും ജിഡിപി വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന് എഡിബി അവരുടെ സെപ്റ്റംബറിലെ അവലോകനത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍ ഇന്ത്യ 8.2 ശതമാനം വളര്‍ച്ചനേടിയിരുന്നു. നടപ്പുവര്‍ഷം 7.2 ശതമാനം വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇ്ത്യ അുമാനിക്കുന്നത്. എന്നാല്‍ നടപ്പുവര്‍ഷം ആദ്യക്വാര്‍ട്ടറില്‍ ജിഡിപി വളര്‍ച്ച 6.7 ശതമാനമായിരുന്നു.

2024 മണ്‍സൂണ്‍ സീസണ്‍: ഏതാണ്ട് അഞ്ചര ശതമാനം അധിക മഴയോടെ 2024 മണ്‍സൂണ്‍ സീസണ്‍ അവസാനിക്കുകയാണ്. സെപ്റ്റംബര്‍ 25 വരെ രാജ്യത്തൊട്ടാകെ 894.7 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഈ കാലയളവില്‍ ലഭിക്കുന്ന ദീര്‍ഘകാലശരാശരി മഴ 848.5 മില്ലീമീറ്ററാണ്. അതായത് ഇതുവരെ 5.4 ശതമാനം അധികമഴ ലഭിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണപോലെ മഴ ലഭിച്ചിരിക്കുകയാണ്. രാജ്യത്തുനിന്നും മണ്‍സൂണ്‍ പതിെയ പിന്‍വാങ്ങിത്തുടങ്ങിയിട്ടുണ്ട്.

ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. നടപ്പുവര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട ഉത്പാദനം എല്ലാ മേഖലയിലും പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷമായി ഉയരുന്ന ഭക്ഷ്യവിലക്കയറ്റത്തെ മെരുക്കാന്‍ ഇതു സഹായിക്കുമെന്നു കരുതുന്നു.

അതേപോലെ ജലശേഖരം കഴിഞ്ഞ വര്‍ഷത്തേതിന്റെ 123 ശതമാനമായി ഉയര്‍ന്നു. പത്തു വര്‍ഷത്തെ ദീര്‍ഘകാലശരാശരിയേക്കാള്‍ 118 ശതമാനവും ഉയര്‍ന്നു നില്‍ക്കുകയാണ്.

ഭക്ഷ്യോത്പാദനം: 2023-24-ല്‍ ( ജൂലൈ- ജൂണ്‍) ഭക്ഷ്യോത്പാദനം 332.3 ദശലക്ഷം ടണ്ണായിരിക്കുമന്ന് കാര്‍ഷിക മന്ത്രാലയത്തിന്റെ ഫൈനല്‍ അനുമാനത്തില്‍ പറയുന്നു. ഇത് മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ ( 329.69 ദശലക്ഷം ടണ്‍) 2.611 ദശലക്ഷം കൂടുതലാണ്. അരിയുത്പാദനം 137.83 ദശലക്ഷം ടണ്ണിലെത്തി. മുന്‍വര്‍ഷത്തേക്കാള്‍ 2.07 ദശലക്ഷം കൂടുതല്‍. ഗോതമ്പ് ഉത്പാദനം മുന്‍വര്‍ഷത്തെ 110.55 ദശലക്ഷം ടണ്ണില്‍നിന്ന് 113.29 ദശലക്ഷം ടണ്ണായി ഉയര്‍ന്നു.

കമ്പനി വാര്‍ത്തകള്‍

സഹസ്ര ഇലക്‌ട്രോണിക് സൊലൂഷന്‍സ് ഐപിഒ: എസ്എംഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇഷ്യുമായി എത്തുകയാണ് സഹസ്ര ഇലക്‌ട്രോണിക് സൊലൂഷന്‍സ്. കമ്പനി 180 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇഷ്യു ഇന്നാരംഭിക്കും. പുതിയ ഓഹരികളും ഓഫ്എസും ഉള്‍പ്പെടുന്നു. പ്രൈസ് ബാന്‍ഡ് 269-283 രൂപ. എന്‍എസ് ഇ എസ്എംഇയില്‍ ഒക്ടോബര്‍ നാലിന് ലിസ്റ്റ് ചെയ്യും.

മന്‍ബ ഫിനാന്‍സ് ഐപിഒ: ബാങ്കിംഗേതര ധനകാര്യ സ്ഥാപനമായ മന്‍ബ ഫിനാന്‍സിന്റെ ഇഷ്യുവിന് 224.10 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു.കമ്പനി 150.48 കോടി രൂപയാണ് ഇഷ്യുവഴി സമാഹരിക്കുന്നത്. ഇഷ്യുവില114-120 രൂപ. കമ്പനിയുടെ 87.99 ലക്ഷം ഓഹരികള്‍ക്കായി 197.18 കോടി ഓഹരികള്‍ക്കുള്ള അപേക്ഷ ലഭിച്ചു. സെപ്റ്റംബര്‍ 30-ന് ലിസ്റ്റ് ചെയ്യും.

കെ ആര്‍എന്‍ ഹീറ്റ് എക്‌സ്‌ചേഞ്ചര്‍ ആന്‍ഡ് റെഫ്രജിറേഷന്‍: കമ്പനിയുടെ കന്നി പബ്‌ളിക് ഇഷ്യുവിന്റെ ആദ്യദിവസംതന്നെ 24.09 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. അതായത് 1.09 കോടി ഓഹരികള്‍ക്കായി 26.48 കോടി ഓഹരികള്‍ക്കുള്ള അപേക്ഷ ലഭിച്ചു. കമ്പനി 342 കോടി രൂപയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രൈസ് ബാന്‍ഡ് 209-220 രൂപ.

ക്രൂഡോയില്‍ വില

യുഎസ് ക്രൂഡോയില്‍ ശേഖരത്തില്‍ 4.5 ദശലക്ഷം ബാരലിന്റെ കുറവുണ്ടായിട്ടും ക്രൂഡോയില്‍ വില നേരിയ തോതില്‍ താഴുകയാണ് ചെയ്തത്. എണ്ണ ഡിമാണ്ട് പ്രതീക്ഷിക്കുന്നതനുസരിച്ച് വര്‍ധിക്കുന്നില്ല. ചൈനീസ് ഉത്തേജക നടപടികള്‍ തുടക്കത്തില്‍ ഊര്‍ജം പകര്‍ന്നെങ്കിലും ചൈനീസ് സാമ്പദ്ഘടനയുടെ ആരോഗ്യത്തെക്കുറിച്ചുള്ള സംശയങ്ങള്‍ പിന്നീട് വിലയില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. പാക്കേജുകളും ചൈനീസ് ഡിമാണ്ട് വര്‍ധ്ിക്കുവാന്‍ ഇടയാക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഒപ്പെക് എണ്ണ ഡിമാണ്ടിനെക്കുറിച്ച് ബുള്ളീഷ് മനോഭാവമാണ് സ്വീകരിക്കുന്നത്. 2029- ഓടെ ആഗോള എണ്ണ ഡിമാണ്ട് പ്രതിദിനം 112.3 ദശലക്ഷം ബാരലായി ഉയരുമെന്നാണ് അവരുടെ വിലയിരുത്തല്‍. 2023-ലിത് 102.2 ദശലക്ഷം ബാരലായിരുന്നു.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 73.53 ഡോളറാണ്. ഇന്നലെയിത് 75.29 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 69.73 ഡോളറുമാണ്. ഇന്നലെ രാവിലെ 71.67 ഡോളറായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.

ഇന്ത്യന്‍ രൂപ ഇന്നലെ

ഡോളര്‍ വിവിധ കറന്‍സികള്‍ക്കെതിരേ ദുര്‍ബലമായതിനെത്തുടര്‍ന്ന് ഇന്നലെ രൂപയുടെ നേട്ടം കുറിച്ചു. ഡോളര്‍ മൂല്യം ചൊവ്വാഴ്ചത്തെ 83.63 രൂപയില്‍നിന്ന് 83.58-ലേക്ക് എത്തി. ക്രൂഡോയില്‍ വില താഴ്ന്നതും ഇന്ത്യന്‍ ഓഹരി വിപണി പുതിയ ഉയരങ്ങളില്‍ എത്തിയതും രൂപയ്ക്കു കരുത്തു പകര്‍ന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News