നിർണായക ലെവലിൽ നിഫ്റ്റി; സൂചികകൾ വ്യാപാരം ആരംഭിച്ചത് ചുവപ്പിൽ

  • ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരവും ആഭ്യന്തര വിപണിയെ ബാധിച്ചു
  • നിഫ്റ്റിയിലെ 50 ഓഹരികളിൽ 39 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്
  • ജൂൺ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ്

Update: 2024-05-29 05:00 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ചുവപ്പിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിക്കുന്നത് വിപണിക്ക് വിനയായി. ഉയർന്നു വരുന്ന ലാഭമെടുപ്പും സൂചികകളെ ഇടിവിലേക്ക് നയിച്ചു. ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരവും ആഭ്യന്തര വിപണിയെ ബാധിച്ചു. ആദ്യഘട്ട വ്യാപാരത്തിൽ സെൻസെക്‌സ് 416.1 പോയിൻ്റ് ഇടിഞ്ഞ് 75,000-ന് താഴെയെത്തി. നിഫ്റ്റി 125.9 പോയിൻ്റ് താഴ്ന്ന് 22,762.25 ലും ആണ് വ്യാപാരം ആരംഭിച്ചത്

നിഫ്റ്റിയിലെ 50 ഓഹരികളിൽ 39 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എസ്‌ബിഐ ലൈഫ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, അൾട്രാടെക് സിമൻ്റ്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ പവർ ഗ്രിഡ് കോർപ്പറേഷൻ, അദാനി എൻ്റർപ്രൈസസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, സൺ ഫാർമ, കോൾ ഇന്ത്യ എന്നിവ ഇടിഞ്ഞു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, ഫിനാൻഷ്യൽ സർവീസസ്, ഓട്ടോ, ഐടി, എഫ്എംസിജി, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ആരാധ്യഘട്ട വ്യാപാരത്തിൽ ഇടിഞ്ഞു. നിഫ്റ്റി മീഡിയ, മെറ്റൽ, ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത് കെയർ സൂചികകൾ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.19 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.24 ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോങ് എന്നിവ താഴ്ന്ന നിലയിലാണ്. ഷാങ്ഹായ് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. യുഎസ് വിപണികളിൽ ചൊവ്വാഴ്ച സമ്മിശ്ര വ്യാപാരമായിരുന്നു.

“തിരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തോടെ വിപണിയിലെ അസ്വസ്ഥത തുടരുകയാണ്,” ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ജൂൺ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ്. പൊതുതെരഞ്ഞെടുപ്പിൻ്റെ ഫലം ജൂൺ നാലിന് പ്രഖ്യാപിക്കും.

ബ്രെൻ്റ് ക്രൂഡ് 0.21 ശതമാനം ഉയർന്ന് ബാരലിന് 84.40 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 65.57 കോടി രൂപയുടെ ഓഹരികൾ വാങ്ങി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 83.27 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.13 ശതമാനം ഉയർന്ന് 2359 ഡോളറിലെത്തി.

ചൊവ്വാഴ്ച സെൻസെക്സ് 220.05 പോയിൻ്റ് അഥവാ 0.29 ശതമാനം താഴ്ന്ന് 75,170.45 ലും നിഫ്റ്റി 44.30 പോയിൻ്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 22,888.15 ലും ആണ് ക്ലോസ് ചെയ്തത്.

Tags:    

Similar News