കുതിപ്പ് തുടർന്ന് വിപണി; സർവ്വകാല ഉയരത്തിൽ നിഫ്റ്റി
- തുടർച്ചയായി മൂന്നാം ദിവസമാണ് സൂചികകൾ കുതിപ്പ് തുടരുന്നത്
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 83.57 എത്തി
- ഇന്ത്യ വിക്സ് സൂചിക 1.1 ശതമാനം ഉയർന്ന് 14.4 എത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് സൂചികകൾ കുതിപ്പ് തുടരുന്നത്. വിദേശ നിക്ഷേപകരുടെ വാങ്ങലും യുഎസ് വിപണികളിലെ റാലിയും വിപണിക്ക് കരുത്തേകി.
സെൻസെക്‌സ് 185.55 പോയിൻ്റ് ഉയർന്ന് 80,850.41 ലെത്തി. നിഫ്റ്റി 63.35 പോയിൻ്റ് ഉയർന്ന് 24,650.05 എന്ന എക്കാലത്തെയും ഉയർന്ന ലെവലും തൊട്ടു.
ബിപിസിഎൽ, കോൾ ഇന്ത്യ, ഭാരതി എയർടെൽ, അദാനി എൻ്റർപ്രൈസസ്, ഒഎൻജിസി എന്നിവയാണ് നിഫ്റ്റിയിലെ മികച്ച നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ്, എൽടിഐഎംഡ്രീ, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോകോർപ്പ്, എൽ ആൻഡ് ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.
മേഖലാ സൂചികകളിൽ നിഫ്റ്റി റിയൽറ്റി, മെറ്റൽ, എനർജി ഓഹരികൾ ഏറ്റവും കൂടുതൽ ഉയർന്നു. റിയൽറ്റിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ഹെൽത്ത് കെയർ, ഫാർമ, ഐടി എന്നിവ ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക 0.4 ശതമാനം ഇടിഞ്ഞു. എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഓഹരികൾ സൂചികയിൽ നഷ്ടമുണ്ടാക്കി.
മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.4, 0.6 ശതമാനം ഉയർന്നാണ് വ്യാപാരം നടത്തുന്നത്. മിഡ്‌ക്യാപ് സൂചിക 16,169 എന്ന പുതിയ ഉയരത്തിലെത്തി.
ഇന്ത്യ വിക്സ് സൂചിക 1.1 ശതമാനം ഉയർന്ന് 14.4 എത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 2,684.78 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചപ്പോൾ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഇടിവിലാണ്. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ബ്രെൻ്റ് ക്രൂഡ് 0.27 ശതമാനം ഇടിഞ്ഞ് ബാരലിന് 84.62 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.22 ശതമാനം ഉയർന്ന് 2434 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 83.57 എത്തി.