ഉയരങ്ങൾ താണ്ടി വിപണി; കുതിപ്പ് തുടർന്ന് സൂചികകൾ
- ആഗോള വിപണികളിലെ റാലിക്കും ഐടി ഓഹരികളിലെ കുതിപ്പും വിപണിക്ക് കരുത്തേകി
- ഇന്ത്യ വിക്സ് സൂചിക 13.83 ലെവലിൽ എത്തി
- ഇന്ത്യയുടെ മൊത്ത ജിഎസ്ടി കളക്ഷൻ 8 ശതമാനം വർധിച്ച് 1.74 ലക്ഷം കോടി രൂപയായി
;
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് പുതിയ ഉയരത്തിൽ. സെൻസെക്സും നിഫ്റ്റിയും ആദ്യഘട്ട വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന നില തൊട്ടു. ആഗോള വിപണികളിലെ റാലിയും ഐടി ഓഹരികളിലെ കുതിപ്പും വിപണിക്ക് കരുത്തേകി.
സെൻസെക്‌സ് 379.68 പോയിൻ്റ് ഉയർന്ന് 79,855.87 എന്ന റെക്കോർഡ് ഉയരത്തിലെത്തി. നിഫ്റ്റി 94.4 പോയിൻ്റ് ഉയർന്ന് 24,236.35 എന്ന എക്കാലത്തെയും ഉയർന്ന ലെവലും തൊട്ടു.
ഒഎൻജിസി, വിപ്രോ, ഇൻഫോസിസ്, കോൾ ഇന്ത്യ, എച്ച്‌സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികൾ ഇടിഞ്ഞു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, ബാങ്ക്, എഫ്‌സിഎംജി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ ഇടിഞ്ഞതോടെ നിഫ്റ്റി ഓട്ടോ സൂചിക ഇടിവിലേക്ക് നീങ്ങി. നിഫ്റ്റി ഐടിയും റിയാലിറ്റിയും മികച്ച നേട്ടത്തിലാണ്.
മിഡ്‌ക്യാപ്‌സ്, സ്‌മോൾ ക്യാപ്‌സ് സൂചിക യഥാക്രമം 0.15, 0.53 ശതമാനവും ഉയർന്നു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 13.83 ലെവലിൽ എത്തി.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെ വ്യാപാരം നടത്തുമ്പോൾ സിയോൾ ഇടിവിലാണ്. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ജൂൺ മാസത്തിൽ ഇന്ത്യയുടെ മൊത്ത ജിഎസ്ടി കളക്ഷൻ 8 ശതമാനം വർധിച്ച് 1.74 ലക്ഷം കോടി രൂപയായി.
ബ്രെൻ്റ് ക്രൂഡ് 0.23 ശതമാനം ഉയർന്ന് ബാരലിന് 86.80 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 426.03 കോടി രൂപയുടെ ഓഹരികൾ വിറ്റു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 83.56 എത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവിൽ 2337 ഡോളറിലെത്തി.
തിങ്കളാഴ്ച, ബിഎസ്ഇ ബെഞ്ച്മാർക്ക് 443.46 പോയിൻ്റ് അല്ലെങ്കിൽ 0.56 ശതമാനം ഉയർന്ന് 79,476.19 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. നിഫ്റ്റി 131.35 പോയിൻ്റ് അഥവാ 0.55 ശതമാനം ഉയർന്ന് 24,141.95 എന്ന പുതിയ ആജീവനാന്ത ഉയർന്ന നിലയിലെത്തി.