എൽ ആൻഡ് ടിയെ തേടി വിദേശ കരാർ; ഓഹരികൾ കുതിപ്പിൽ
- തമിഴ്‌നാട്ടിലെ മധുര എയിംസിൽ നിന്ന് എൽ ആൻഡ് ടി മറ്റൊരു കരാറും നേടിയിരുന്നു
- കരാറിന്റെ വലുപ്പം 5000-10,000 കോടി രൂപ വരെ
- ഓഹരികൾ ഇന്നത്തെ ഉയർന്ന വിലയായ 3,623.25 രൂപ തൊട്ടു
മിഡിൽ ഈസ്റ്റിൽ നിന്നും എൽ ആൻഡ് ടി എനർജി ഹൈഡ്രോകാർബൺ പുതിയ കരാർ നേടി. ഓൺഷോർ ഗ്യാസ് പൈപ്പ് ലൈൻ നിർമാണത്തിനുള്ള കരാറാണിതെന്ന് ലാർസൻ ആൻഡ് ടൂബ്രോ അറിയിച്ചു. കരാറിന്റെ വലുപ്പം 5000-10,000 കോടി രൂപ വരെയാണെന്നും എൽ ഏൻഡ് ടി വ്യക്തമാക്കി. വാർത്തകളെ തുടർന്ന് ഓഹാരികൾ കുതിച്ചു. ഓഹരികൾ ഇന്നത്തെ ഉയർന്ന വിലയായ 3,623.25 രൂപ തൊട്ടു.
നിലവിലുള്ള പൈപ്പ്‌ലൈൻ ഇടനാഴിക്ക് സമാന്തരമായി പ്രവർത്തിക്കുന്ന, അനുബന്ധ സ്‌ക്രാപ്പർ റിസീവറുകൾ, ലോഞ്ചുകൾ, മെയിൻ ലൈൻ ഐസൊലേഷൻ വാൽവ് (MLIV) സ്റ്റേഷനുകൾ എന്നിവയുള്ള രണ്ട് പുതിയ 56 ഇഞ്ച് പൈപ്പ് ലൈനുകളുടെ എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം എന്നിവ കരാറിൽ ഉൾപ്പെടുന്നതായി കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.
“ഇതുവരെ ഞങ്ങൾക്ക് ലഭിച്ചത്തിൽ വെച്ച് ഏറ്റവും വലിയ ക്രോസ്-കൺട്രി പൈപ്പ്‌ലൈൻ ഇപിസി പ്രോജക്റ്റാണിത്, ഈ തന്ത്രപ്രധാനമായ പദ്ധതിയിലേക്ക് ഞങ്ങളുടെ വൈദഗ്ധ്യം കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്,” എൽ ആൻഡ് ടിയുടെ ഹോൾ ടൈം ഡയറക്ടറും സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റുമായ (എനർജി) സുബ്രഹ്മണ്യൻ ശർമ്മ പറഞ്ഞു.
മാർച്ച് 13-ന് എൽ ആൻഡ് ടിയുടെ കെട്ടിടങ്ങളുടെയും ഫാക്ടറികളുടെയും വിഭാഗം, തമിഴ്‌നാട്ടിലെ മധുര എയിംസിൽ നിന്ന് മറ്റൊരു കരാറും നേടിയിരുന്നു. ഇതിൽ 720 കിടക്കകളുള്ള ആശുപത്രി, 150 കിടക്കകളുള്ള പകർച്ചവ്യാധിക്കുള്ള ബ്ലോക്ക്, 30 കിടക്കകളുള്ള ആയുഷ് ബ്ലോക്ക്, 150 സീറ്റുകളുള്ള മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, 750 സീറ്റുകളുള്ള ഓഡിറ്റോറിയം, ഹോസ്റ്റൽ, പാർപ്പിട സൗകര്യങ്ങൾ എന്നിവ കമ്പനി നിർമ്മിക്കുമെന്ന് എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. പദ്ധതി 33 മാസത്തിനുള്ളിൽ പൂർത്തിയാകും. മൊത്തം 2.1 ദശലക്ഷം ചതുരശ്ര അടിയിൽ വരുന്ന പദ്ധതിയാണിത്.
നിലവിൽ എൽ ആൻഡ് ടി ഓഹരികൾ എൻഎസ്ഇ യിൽ 2.39 ശതമാനം ഉയർന്ന് 3,623.20 രൂപയിൽ വ്യാപാരം തുടരുന്നു.