ഇന്ത്യ 4 ട്രില്യണ്‍ ഡോളർ സമ്പദ് വ്യവസ്ഥ? അവകാശ വാദവുമായി അദാനിയും ഫഡ്‍നാവിസും

  • പ്രചാരണം അവാസ്തവമെന്ന് ഉന്നത വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍
  • കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു

Update: 2023-11-20 07:52 GMT

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 4 ട്രില്യണ്‍ ഡോളറിന്‍റെ മൂല്യം മറികടന്നുവെന്ന് അവകാശപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ച് ശതകോടീശ്വരന്‍ ഗൗതം അദാനിയും രണ്ട് കേന്ദ്ര മന്ത്രിമാരും. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ നാഴികക്കല്ല് പിന്നിട്ടോ എന്നതു സംബന്ധിച്ച് ധനകാര്യ മന്ത്രാലയമോ ദേശീയ സ്‍റ്റാറ്റിസ്‍റ്റിക്കല്‍ ഓഫിസോ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. പ്രചരിക്കുന്ന പോസ്റ്റ് അവാസ്തവമാണെന്നും ഇന്ത്യ ഈ നേട്ടത്തിലേക്ക് എത്തുന്നതേയുള്ളൂ എന്നുമാണ് ഉന്നത വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) തത്സമയ ജിഡിപി  ട്രാക്കിംഗിന്‍റെ അടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങളുടെ ജിഡിപി വിവരം എന്ന തരത്തിലാണ് സ്ഥിരീകരിക്കപ്പെടാത്ത സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചത്. മുതിർന്ന ബിജെപി നേതാക്കളടക്കം സോഷ്യൽ മീഡിയയിൽ ഇത് വ്യാപകമായി പങ്കിടുകയും വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തു.

"അഭിനന്ദനങ്ങൾ, ഇന്ത്യ. 4.3 ട്രില്യൺ ഡോളറിലെത്തി ജർമ്മനിയെയും 4.4 ട്രില്യൺ ഡോളറിലെത്തി ജപ്പാനെയും മറികടന്ന് ആഗോള ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുന്നതിന് രണ്ട് വർഷം കൂടി ബാക്കിയുണ്ട്. ത്രിവർണ്ണ കുതിച്ചുചാട്ടം തുടരുന്നു! ജയ് ഹിന്ദ്," അദാനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ പറഞ്ഞു. ഈ പോസ്‍റ്റ് പിന്നീട് പിന്‍വലിക്കപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ ഈ 'നേട്ടത്തെ' പ്രകീര്‍ത്തിച്ച് രംഗത്തെത്തി.

"നമ്മുടെ ജിഡിപി 4 ട്രില്യൺ ഡോളർ കടന്നത് ഇന്ത്യയുടെ ആഗോള മഹത്വത്തിന്റെ മറ്റൊരു നിമിഷമാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ #NewIndia യുടെ ഉയർച്ച യഥാർത്ഥത്തിൽ സമാനതകളില്ലാത്തതാണ്,"  കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

Tags:    

Similar News