പകുതിയിലധികം നിക്ഷേപകരും ഈ 6 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്
- ഏറ്റവും കൂടുതല്‍ രജിസ്റ്റേഡ് നിക്ഷേപകരുള്ള ഇന്ത്യന്‍ സംസ്ഥാനം മഹാരാഷ്ട്രയാണ്
- മഹാരാഷ്ട്രയില്‍ നിന്നുള്ള ഓഹരി നിക്ഷേപകരുടെ എണ്ണം 15.3 ദശലക്ഷമാണ്
- ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്ത്
2024 ജനുവരി 31 വരെ രാജ്യത്ത് 87 ദശലക്ഷം പേരാണ് ഓഹരി വിപണിയില്‍ നിക്ഷേപകരായിട്ടുള്ളത് എന്ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) കണക്കുകള്‍ പറയുന്നു.
2015 മാര്‍ച്ച് അവസാനം 17.9 ദശലക്ഷം നിക്ഷേപകരായിരുന്നു. ഇതാണ് 2024 ജനുവരി എത്തിയപ്പോള്‍ 389 ശതമാനം ഉയര്‍ന്ന് 87 ദശലക്ഷത്തിലെത്തിയത്.
2014-15 സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള നിക്ഷേപകരില്‍ ഗണ്യമായ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 2014 സാമ്പത്തിക വര്‍ഷത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള നിക്ഷേപകര്‍ 6.9 ശതമാനമായിരുന്നു. അതില്‍ നിന്ന് ഇപ്പോള്‍ 10.7% ആയി വര്‍ധിച്ചു.
യുപിയില്‍ നിന്നുള്ള നിക്ഷേപകര്‍ 2015 മാര്‍ച്ചില്‍ 1.24 ദശലക്ഷമായിരുന്നു. അതില്‍ നിന്ന് 2024 ജനുവരി എത്തിയപ്പോള്‍ നിക്ഷേപകര്‍ ഏകദേശം 9.36 ദശലക്ഷമായി.
2022 നവംബറില്‍ ഓഹരി വിപണിയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറി.
ഗുജറാത്തിനെ മറികടന്നാണ് ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്തെത്തിയത്.
2024 ജനുവരി വരെയുള്ള കണക്ക്പ്രകാരം ഓഹരി വിപണിയില്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റേഡ് നിക്ഷേപകരുള്ള ഇന്ത്യന്‍ സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപകരുടെ 17.4 ശതമാനം പങ്കാളിത്തവും മഹാരാഷ്ട്രയില്‍ നിന്നാണ്.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 19.9 ശതമാനമായിരുന്നു.
2024 ജനുവരി 31 വരെയുള്ള കണക്ക്പ്രകാരം, മഹാരാഷ്ട്രയില്‍ നിന്നുള്ള ഓഹരി നിക്ഷേപകരുടെ എണ്ണം 15.3 ദശലക്ഷമാണ്.
ഇത് 2015 മാര്‍ച്ച് 31-ല്‍ 3.55 ദശലക്ഷമായിരുന്നു.
ഗുജറാത്ത് (9%), പശ്ചിമ ബംഗാള്‍(5.6%), കര്‍ണാടക(5.6%), രാജസ്ഥാന്‍ (5.6%) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നിക്ഷേപകരുടെ പങ്കാളിത്തം.
ഇന്ത്യന്‍ ഓഹരി വിപണിയിലെ 54% നിക്ഷേപകരും വരുന്നത് ഈ ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്.
തമിഴ്‌നാട്-4.86 ദശലക്ഷം (5.5%), മധ്യപ്രദേശ്-4.18 ദശലക്ഷം (4.8%), ആന്ധ്രപ്രദേശ്-4.05 ദശലക്ഷം (4.6%) ഡല്‍ഹി-40.50 ലക്ഷം (4.6%), ബിഹാര്‍-3.59 ദശലക്ഷം (4.1%) എന്നിങ്ങനെയാണു മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പങ്കാളിത്തം.