വരുന്ന ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ വിപണി 10%നു മുകളില്‍ വളരും: റോയിട്ടേര്‍സ് സര്‍വെ
- 2024 പകുതിയോടെ സെന്‍സെക്സ് 70,000ന് മുകളിലെത്തും
- ഗ്രോത്ത് സ്‍റ്റോക്കുകളേക്കാള്‍ മികച്ച പ്രകടനം നടത്തുക വാല്യൂ സ്‍റ്റോക്കുകള്‍
- യുവ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയെ മുന്നോട്ട് നയിക്കുന്നു
അടുത്ത ആറ് മാസത്തിനുള്ളിൽ ഇന്ത്യയുടെ ഓഹരി വിപണി പുതിയ ഉയരങ്ങളിലെത്തുകയും, 2024 അവസാനത്തോടെ നിലവിലെ നിലയില്‍ നിന്ന് 10 ശതമാനത്തിലധികം മുകളിലേക്ക് എത്തുകയും ചെയ്യുമെന്ന് റോയിട്ടേര്‍സ് നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട്. ഇക്വിറ്റി സ്ട്രാറ്റജിസ്റ്റുകള്‍ക്കിടയിലാണ് റോയിട്ടേര്‍സ് ഇതു സംബന്ധിച്ച അഭിപ്രായം ആരാഞ്ഞത്. സമീപ വർഷങ്ങളിൽ മൊത്തത്തിലുള്ള ഇക്വിറ്റി പ്രകടനത്തെ പുറകിലേക്ക് വലിച്ച വാല്യൂ സ്‍റ്റോക്കുകള്‍ (അടിസ്ഥാന ഘടകങ്ങള്‍ക്കൊത്ത് പ്രകടനം വന്നിട്ടില്ലാത്ത ഓഹരികള്‍) ഭാവിയില്‍ നിലവിലെ വളര്‍ച്ചാ സ്‍റ്റോക്കുകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.
സെൻസെക്‌സ് സൂചിക സെപ്തംബറിൽ എക്കാലത്തെയും ഉയർന്ന നിലവാരമായ 67,927.23 ൽ എത്തുകയും, 16 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ റാലിക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. പിന്നീട് ഏകദേശം 3 ശതമാനം ഇടിഞ്ഞെങ്കിലും 2023ല്‍ ഇതുവരെ ഏകദേശം 8 ശതമാനം ഉയര്‍ച്ച സെന്‍സെക്സിന് ഉണ്ടായിട്ടുണ്ട്. ഇത് ഇന്ത്യയെ ആഗോള തലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിപണികളിലൊന്നായി മാറ്റി.. കഴിഞ്ഞ 10 വർഷങ്ങളിൽ ഒമ്പതിലും ബിഎസ്ഇ സൂചിക ഉയരുകയായിരുന്നു. അതിന്‍റെ ഫലമായി മറ്റ് ഏഷ്യന്‍ വിപണികളെയും പ്രധാന സൂചികകളെയും അപേക്ഷിച്ച് ഇന്ത്യന്‍ വിപണി ചെലവേറിയതായി മാറുന്നു.
എൽഎസ്ഇജി ഡാറ്റ പ്രകാരം ബിഎസ്ഇയുടെ നിലവിലെ വില-വരുമാന അനുപാതമായ 21.45 എന്നത് യുഎസിലെ എസ്&പി 500-ന്‍റെ അനുപാതമായ 23.11-ന് മാത്രം പിന്നിലാണ്. എങ്കിലും വരുന്ന ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്തുമെന്നാണ് വിദഗ്ധരില്‍ ഏറെപ്പേരും പ്രതീക്ഷിക്കുന്നത്. നവംബർ 10-22 തീയതികളില്‍ റോയിട്ടേര്‍സ് നടത്തിയ വോട്ടെടുപ്പിൽ 90 ശതമാനം വിദഗ്ധരും ഇന്ത്യൻ വിപണി കയറും എന്നാണ് അഭിപ്രായപ്പെട്ടത്.
സെന്‍സെക്സിന് 70,000 അകലെയല്ല
2024 പകുതിയോടെ 70,000 എന്ന സർവകാല ഉയരത്തിലേക്ക് സെന്‍സെക്സ് സൂചിക എത്തുമെന്നാണ് നിഗമനം. നിലവിലെ നിലയില്‍ നിന്ന് 6 ശതമാനത്തിന് മുകളിലുള്ള വളര്‍ച്ചയാണിത്. ഓഗസ്റ്റില്‍ നടത്തിയ വോട്ടെടുപ്പിലെ നിഗമനം 68,578 ആയിരുന്നു. 2024 അവസാനത്തോടെ 3.6 ശതമാനം കൂടി കൂട്ടിച്ചേര്‍ത്ത് 72,500 ൽ എത്താൻ സെന്‍സെക്സിന് സാധിക്കുമെന്നും പുതിയ വോട്ടെടുപ്പില്‍ വിദഗ്ധര്‍ വിലയിരുത്തുന്നു.
പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. അടുത്ത രണ്ട് വർഷത്തിൽ 6 ശതമാനത്തിലധികം ജിഡിപി വളർച്ച ഇന്ത്യക്കുണ്ടാകുമെന്നാണ് നിഗമനം. ഇത് ആഭ്യന്തര ഓഹരി വിപണികളിലും ഗുണപരമായി പ്രതിഫലിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
"ഇന്ത്യൻ വിപണികളിലെ വളർച്ചയുടെ കാര്യത്തില്‍ ഇത് നല്ല വർഷമായിരുന്നു, അടുത്ത വർഷം വളർച്ചയിൽ കുറച്ച് മിതത്വം ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അപ്പോഴും, ഇന്ത്യ മികച്ച പൊസിറ്റിവ് വിപണികളിൽ ഒന്നായി തുടരുമെന്ന് ഞാൻ കരുതുന്നു," സൊസൈറ്റ് ജനറലിലെ ഏഷ്യ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് രജത് അഗർവാൾ പറഞ്ഞു. ഇന്ത്യന്‍ വിപണിയുടെ വളർച്ച പ്രതിരോധശേഷി പ്രകടമാക്കുന്നുണ്ടെന്നും മാക്രോ മൊമന്‍റം ശക്തമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. അത് 2024-ലും തുടരുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
നയിക്കുന്നത് യുവ നിക്ഷേപകര്‍
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന പദവി ചൈനയെ പിന്തള്ളി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായി ഇന്ത്യയിലെ യുവ നിക്ഷേപകരുടെ എണ്ണം കുതിച്ചുയർന്നതാണ് ആഭ്യന്തര ഇക്വിറ്റി വിലകളിലെ ശക്തമായ മുന്നേറ്റത്തിന് ഒരു കാരണം.
"മികച്ച സാമ്പത്തിക സാക്ഷരതയും സാമ്പത്തിക സേവനങ്ങളിലേക്കുള്ള വർദ്ധിച്ച പ്രവേശനവും മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകളുടെ എണ്ണത്തിലെ കുതിച്ചുചാട്ടത്തിന് ഇടയാക്കി. 2016ൽ 60 ദശലക്ഷത്തിൽ താഴെയായിരുന്നു അക്കൗണ്ടുകളുടെ എണ്ണമെങ്കില്‍ ഇപ്പോഴത് 150 ദശലക്ഷത്തിനു മുകളിലാണ്," ക്യാപിറ്റൽ ഇക്കണോമിക്സിലെ ഡെപ്യൂട്ടി ചീഫ് ഇഎം ഇക്ണോമിസ്‍റ്റ് ഷിലാൻ ഷാ പറയുന്നു.
വരുന്ന ആറ് മാസത്തില്‍ രാജ്യത്തെ കോർപ്പറേറ്റ് വരുമാനം മികച്ച വളര്‍ച്ച പ്രകടമാക്കുമെന്നാണ് ഈ ചോദ്യത്തോട് പ്രതികരിച്ച 27 പേരും പറഞ്ഞിട്ടുള്ളത്
വാല്യൂ സ്‍റ്റോക്കുകള്‍ മികച്ച പ്രകടനം നടത്തും
വരുന്ന ആറ് മാസത്തിനുള്ളിൽ ഗ്രോത്ത് സ്‍റ്റോക്കുകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുക വാല്യൂ സ്‍റ്റോക്കുകളാകും എന്നാണ് ഈ ചോദ്യത്തോട് പ്രതികരിച്ച 24-ൽ 16 വിശകലന വിദഗ്ധർ പറഞ്ഞത്.
"പലിശ നിരക്ക് ഉയർന്ന തലത്തിലുള്ള, ഇനിയും ഉയർന്ന തലത്തില്‍ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍, മൂല്യം സാധാരണഗതിയിൽ പ്രാധാന്യമര്‍ഹിക്കുന്നതാണ്," ആക്സിസ് സെക്യൂരിറ്റീസ് പോർട്ട്ഫോളിയോ മാനേജർ നിഷിത് മാസ്റ്റർ പറഞ്ഞു.
നിഫ്റ്റി 50 സൂചിക ഇക്കഴിഞ്ഞ തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോഴുള്ള 19,694-ൽ നിന്ന് 5.6 ശതമാനം ഉയർന്ന് 2024 പകുതിയോടെ 20,800-ൽ എത്തുമെന്നും 2024 അവസാനത്തോടെ 21,840-ൽ എത്തുമെന്നും വോട്ടെടുപ്പില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പ്രവചിക്കുന്നു