ജിപിടി ഹെൽത്ത് കെയർ ഓഹരികൾ ലിസ്റ്റ് ചെയ്തു
- ലിസ്റ്റിംഗ് 15 ശതമാനം പ്രീമിയത്തിൽ
- ഇഷ്യൂ വില 186 രൂപ, ലിസ്റ്റിംഗ് വില 215 രൂപ
കിഴക്കൻ ഇന്ത്യയിൽ വ്യാപിച്ച കിടക്കുന്ന ഹോസ്പിറ്റൽ ശൃംഖലയായ ജിപിടി ഹെൽത്ത് കെയറിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 186 രൂപയിൽ നിന്നും 15.59 ശതമാനം പ്രീമിയത്തിൽ 215 രൂപയ്ക്കാണ് ഓഹരികൾ വിപണിയിലെത്തിയത്. ഇഷ്യൂ വഴി 525.14 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇതിൽ 40 കോടി രൂപയുടെ പുതിയ ഇഷ്യൂവും 485.14 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.
ജിപിടി സൺസ് പ്രൈവറ്റ് ലിമിറ്റഡ്, ദ്വാരിക പ്രസാദ് താന്തിയ, ഡോ. ഓം താന്തിയ, ശ്രീ ഗോപാൽ താന്തിയ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക കടം തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
1989-ൽ സ്ഥാപിതമായ ജിപിടി ഹെൽത്ത്‌കെയർ ലിമിറ്റഡ് കിഴക്കൻ ഇന്ത്യയിൽ ഐഎൽഎസ് ഹോസ്പിറ്റൽസ് ബ്രാൻഡിന് കീഴിൽ മിഡ്-സൈസ്, മൾട്ടി-സ്പെഷ്യാലിറ്റി, ഫുൾ-സർവീസ് ഹോസ്പിറ്റലുകളുടെ ശൃംഖലയാണ്.
പശ്ചിമ ബംഗാളിലെ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി, ഇൻ്റേണൽ മെഡിസിൻ, ഡയബറ്റോളജി, നെഫ്രോളജി (വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ), ലാപ്രോസ്കോപ്പിക്, ജനറൽ സർജറി, ഗൈനക്കോളജി, ഒബ്സ്റ്റട്രിക്സ്, തീവ്രപരിചരണം, ഗ്യാസ്ട്രോഎൻട്രോളജി, ഓർത്തോപീഡിക്‌സ് ആൻഡ് ജോയിൻ്റ് റീപ്ലേസ്‌മെൻ്റ്, ഇൻ്റർവെൻഷണൽ കാർഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി, പീഡിയാട്രിക്‌സ്, നിയോനാറ്റോളജി എന്നിവയുൾപ്പെടെ 35-ലധികം സ്പെഷ്യാലിറ്റികളിലും സൂപ്പർ സ്പെഷ്യാലിറ്റികളിലും ആരോഗ്യ സംരക്ഷണ സേവനങ്ങൾ നൽകുന്നുണ്ട്.
എൻഎസ്ഇ യിൽ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള വ്യാപാരത്തിൽ ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. നിലവിലെ ഓഹരികൾ അഞ്ചു ശതമാനത്തോളം താഴ്ന്ന് 204.30 രൂപയിലെത്തി.