ആഗോള വിപണികൾ ദുർബലമായി, ഇന്ത്യൻ സൂചികകളിൽ തിരുത്തലിന് സാധ്യത

  • വിപണി ഇന്ന് താഴ്ന്ന് തുറക്കാൻ സാധ്യത
  • ഗിഫ്റ്റ് നിഫ്റ്റി 250 പോയിൻറ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
  • ഏഷ്യൻ വിപണികളിൽ രാവിലെ വ്യാപാരം ഇടിഞ്ഞു.

Update: 2024-08-02 02:37 GMT

ആഗോള വിപണിയിലെ ശക്തമായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് ( വെള്ളിയാഴ്ച) താഴ്ന്ന നിലയിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി 250 പോയിൻറ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഏഷ്യൻ വിപണികളിൽ രാവിലെ വ്യാപാരം ഇടിഞ്ഞു. ദുർബലമായ സാമ്പത്തിക ഡാറ്റ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയതു മൂലം യുഎസ് ഓഹരി വിപണിയും ഇന്നലെ നെഗറ്റീവായിരുന്നു.

വ്യാഴാഴ്ച, ഇന്ത്യൻ  ബെഞ്ച്മാർക്ക് സൂചികകൾ പുതിയ ക്ലോസിംഗ് ഉയരങ്ങളിൽ അവസാനിച്ചു. തുടർച്ചയായ അഞ്ചാം സെഷനിലും നേട്ടം അടയാളപ്പെടുത്തി, നിഫ്റ്റി 25,000- ന് മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 126.21 പോയിൻറ് ഉയർന്ന് 81,867.55ലും നിഫ്റ്റി 59.75 പോയിൻറ് അഥവാ 0.24 ശതമാനം ഉയർന്ന് 25,010.90ലും ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിൽപ്പന, ബജറ്റിനോടുള്ള നിഷേധാത്മക പ്രതികരണം, ഇസ്രായേൽ-ഹമാസ് സംഘർഷത്തിലെ സംഭവവികാസങ്ങൾ, യു.എസ്-ചൈന വ്യാപാര പിരിമുറുക്കം, പ്രചോദനാത്മകമല്ലാത്ത ഒന്നാം പാദ ഫലങ്ങൾ തുടങ്ങി വിവിധ വെല്ലുവിളികൾക്കിടയിലും മുൻനിര സൂചിക ഈ നേട്ടം കൈവരിച്ചു.

ഏഷ്യൻ വിപണികൾ

വെള്ളിയാഴ്ച ഏഷ്യൻ വിപണികൾ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാനിലെ നിക്കി ഏകദേശം 5% ഇടിഞ്ഞപ്പോൾ ടോപിക്സ് 5% ത്തിൽ കൂടുതൽ ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്‌പി 2.6 ശതമാനവും കോസ്‌ഡാക്ക് 2.56 ശതമാനവും ഇടിഞ്ഞു. ഹോങ്കോങ്ങിൻറെ ഹാംഗ് സെങ് സൂചിക ഫ്യൂച്ചറുകൾ താഴ്ന്ന ഓപ്പണിംഗ് സൂചിപ്പിച്ചു.

വാൾ സ്ട്രീറ്റ്

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ യുഎസ് ഓഹരി വിപണി വ്യാഴാഴ്ച കുത്തനെ ഇടിഞ്ഞു.സഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 494.82 പോയിൻറ് അഥവാ 1.21 ശതമാനം ഇടിഞ്ഞ് 40,347.97 ലും എസ് ആൻറ് പി 500 75.62 പോയിൻറ് അഥവാ 1.37 ശതമാനം ഇടിഞ്ഞ് 5,446.68 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 405.25 പോയിൻറ് അഥവാ 2.30 ശതമാനം താഴ്ന്ന് 17,194.15 ൽ ക്ലോസ് ചെയ്തു.

മെറ്റാ ഓഹരികൾ 5.87 ശതമാനം ഉയർന്നപ്പോൾ ആമസോൺ ഓഹരി വില 4.47 ശതമാനം ഇടിഞ്ഞു. എൻവിഡിയ ഓഹരി വില 6.67% ഇടിഞ്ഞപ്പോൾ എ ആർ എം ഓഹരികൾ 15.72% ഇടിഞ്ഞു,

പിന്തുണയും പ്രതിരോധവും

നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പിന്തുണ: 24876.9, 24802.65, 24674.55

പ്രതിരോധം: 25005, 25058.85, 25186.95

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പിന്തുണ: 51371.7, 51190, 50862.6

പ്രതിരോധം: 51699.1, 51844.8, 52172.2

പുട്ട്-കോൾ അനുപാതം

വിപണി വികാരത്തെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) 1 മുതൽ 0.95 വരെ താഴ്ന്നു. പിസിആർ 0.7-ന് മുകളിൽ അല്ലെങ്കിൽ 1-നെ മറികടക്കുന്നത് പൊതുവെ ബുള്ളിഷ് വികാരത്തെ സൂചിപ്പിക്കുന്നു, അതേസമയം 0.7-ന് താഴെയോ അല്ലെങ്കിൽ 0.5-ലേക്ക് നീങ്ങുന്നതോ ഒരു മോശം അവസ്ഥയെ സൂചിപ്പിക്കുന്നു.

ഇന്ത്യ വിക്സ്

അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 12-13 ശ്രേണിയിൽ തന്നെ തുടരുന്നു. മുൻ സെഷനെ അപേക്ഷിച്ച്, ഭയ സൂചിക 2.42 ശതമാനം ഇടിഞ്ഞ് 12.93 ശതമാനത്തിൽ ക്ലോസ് ചെയ്തു.

സാങ്കേതിക വീക്ഷണം

നിഫ്റ്റിയിൽ, 25000-25100 ലെവലുകളുടെ നിർണായക തടസ്സം അതേപടി നിലനിൽക്കുന്നു. ഈ മേഖലയെ നിർണ്ണായകമായി മറികടക്കാൻ സൂചികയ്ക്ക് കഴിഞ്ഞില്ല. കൂടുതൽ ദൃഢീകരണത്തിനോ ചെറിയ ഇടിവിനോ ഉള്ള സാധ്യതകൾ ഹ്രസ്വകാലത്തേക്ക് തള്ളിക്കളയുന്നില്ലെന്നും ഉടനടിയുള്ള പിന്തുണ 24750 ലെവലിലാണെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി പറഞ്ഞു.

എണ്ണ വില

വെള്ളിയാഴ്ച എണ്ണ വില ഉയർന്നു. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ 33 സെൻറ് അഥവാ 0.4% ഉയർന്ന് ബാരലിന് 79.85 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 38 സെൻറ് അഥവാ 0.5% ഉയർന്ന് 76.69 ഡോളർ ആയി.

രൂപ

ഡോളറിൻറെ ഡിമാൻഡ് വർദ്ധനയും ക്രൂഡ് ഓയിൽ വില വർദ്ധനയും കാരണം വ്യാഴാഴ്ച യുഎസ് കറൻസിക്കെതിരെ രൂപയുടെ മൂല്യം 5 പൈസ ഇടിഞ്ഞ് 83.73 ൽ എത്തി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ വ്യാഴാഴ്ച 2,089 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 337 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

കല്യാൺ ജ്വല്ലേഴ്സ്

കല്യാൺ ജൂവലേഴ്സിൻറെ അറ്റാദായം ആദ്യ പാദത്തിൽ 24 ശതമാനം ഉയർന്ന് 178 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 5535 കോടി രൂപയാണ്.

ഐ.ടി.സി

2024 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ഐടിസിയുടെ അറ്റാദായത്തിൽ നേരിയ മുന്നേറ്റം രേഖപ്പെടുത്തി. അറ്റാദായം 4917.45 കോടി രൂപയായി ഉയർന്നു.

ടാറ്റ മോട്ടോഴ്സ്

മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2024 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ അതിൻറെ ഏകീകൃത അറ്റാദായത്തിൽ 74% വളർച്ച രേഖപ്പെടുത്തി. ഇത് 5566 കോടി രൂപയായി ഉയർന്നു.

സൊമാറ്റോ

ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ആദ്യ പാദത്തിലെ ഏകീകൃത അറ്റാദായം 253 കോടി രൂപയായി.

അദാനി എൻറർപ്രൈസസ്

അദാനി ഗ്രൂപ്പിൻറെ മുൻനിര സ്ഥാപനമായ അദാനി എൻറർപ്രൈസസിൻറെ ഏകീകൃത അറ്റാദായം 2024 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ 116 ശതമാനം ഉയർന്ന് 1,454 കോടി രൂപയായി.

റെയിൽടെൽ

റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയുട ജൂൺ പാദത്തിലെ അറ്റാദായം 38.39 കോടി രൂപയിൽ നിന്ന് 48.67 കോടി രൂപയായി ഉയർന്നു.


Tags:    

Similar News