ഈ മാസം 15,000 കോടി കടവിപണിയില്‍ എത്തിച്ച് എഫ്‍പിഐകള്‍
- ഇക്വിറ്റികളില്‍ നിന്നുള്ള പുറത്തുപോക്ക് തുടരുന്നു
- ജനുവരിയില്‍ കടവിപണിയില്‍ റെക്കോഡ് നിക്ഷേപം
- ജെപി മോര്‍ഗന്‍ സൂചികയില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ബോണ്ടുകളെ ആകര്‍ഷകമാക്കി
ഈ മാസം ഇതുവരെ രാജ്യത്തിന്‍റെ കടവിപണിയില്‍ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) എത്തിച്ചത് 15,000 കോടിയിലധികം രൂപ. താരതമ്യേന സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ എന്നതും ഇന്ത്യൻ സർക്കാർ ബോണ്ടുകളെ ജെപി മോർഗന്‍റെ വികസ്വര വിപണി സൂചികകളില്‍ ഉള്‍പ്പെടുത്തുന്നതുമാണ് ഇന്ത്യന്‍ ബോണ്ടുകളില്‍ വിദേശ നിക്ഷേപകര്‍ക്ക് പ്രിയം വര്‍ധിപ്പിക്കുന്നത്.
ജനുവരിയിലെ 19,836 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഡെറ്റുകളില്‍ രേഖപ്പെടുത്തിയിരുന്നത്, ഇത് ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണ്. 2017 ജൂണിൽ അവർ 25,685 കോടി രൂപയുടെ അറ്റ നിക്ഷേപം ഡെറ്റുകളില്‍ നടത്തിയിരുന്നു.
മറുവശത്ത്, അവലോകന കാലയളവിൽ വിദേശ നിക്ഷേപകർ ഇക്വിറ്റികളിൽ നിന്ന് 3,000 കോടിയിലധികം രൂപ പിൻവലിച്ചു. ഇതിന് മുമ്പ് ജനുവരിയിൽ അവർ 25,743 കോടി രൂപ പിൻവലിച്ചതായി ഡിപ്പോസിറ്ററികളിലെ കണക്കുകൾ വ്യക്തമാക്കുന്നു.
"ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റിലെ ഉയർന്ന മൂല്യനിർണ്ണയവും യുഎസിലെ വർദ്ധിച്ചുവരുന്ന ബോണ്ട് വരുമാനവുമാണ് ഇക്വിറ്റിയിലും കടത്തിലുമുള്ള ഈ വ്യത്യസ്‌ത പ്രവണതയ്‌ക്കുള്ള പ്രധാന ട്രിഗർ," ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ഈ മാസം (ഫെബ്രുവരി 9 വരെ) ഡെറ്റുകളില്‍ എഫ്പിഐകൾ 15,093 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ എഫ്‍പിഐകളുടെ മൊത്തം നിക്ഷേപം 34,930 കോടി രൂപയായി. കഴിഞ്ഞ ഏതാനും മാസങ്ങളായി കടവിപണിയില്‍ എഫ്‍പിഐകള്‍ വാങ്ങലുകാരാണ്. ഡിസംബറിൽ 18,302 കോടി രൂപയും നവംബറിൽ 14,860 കോടി രൂപയും ഒക്ടോബറിൽ 6,381 കോടി രൂപയും എഫ്പിഐകൾ ഡെറ്റ് മാർക്കറ്റിൽ നിക്ഷേപിച്ചു.
2024 ജൂൺ മുതൽ തങ്ങളുടെ വികസ്വര വിപണി വിപണി സൂചികയിൽ ഇന്ത്യൻ സർക്കാർ ബോണ്ടുകൾ ചേർക്കുമെന്ന് ജെപി മോര്‍ഗന്‍ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്നുള്ള 18 മുതൽ 24 മാസങ്ങളിൽ ഏകദേശം 20-40 ബില്യൺ യുഎസ് ഡോളർ ആകർഷിക്കുന്നതിലൂടെ ഈ ഉൾപ്പെടുത്തൽ ഇന്ത്യയ്ക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.