എഫ്പിഐകളുടെ വില്‍പ്പന തുടരുന്നു; ഇതുവരെ പിന്‍വലിക്കപ്പെട്ടത് 64,156 കോടി
- രൂപയുടെ മൂല്യത്തകര്‍ച്ച, യുഎസ് ബോണ്ട് വരുമാനത്തിലെ വര്‍ധന എന്നിവ പ്രധാന കാരണം
- മൂന്നാം പാദത്തിലെ നിരാശാജനകമായ ഫലങ്ങളും വിറ്റൊഴിയാന്‍ വിദേശ നിക്ഷപകരെ പ്രേരിപ്പിക്കുന്നു
- തിരുത്തലുകള്‍ ഉണ്ടായിരുന്നിട്ടും, ഇന്ത്യന്‍ ഓഹരികളുടെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയം ആശങ്ക ഉയര്‍ത്തുന്നു
ഈ മാസം ഇതുവരെ 64,156 കോടി രൂപ (7.44 ബില്യണ്‍ യുഎസ് ഡോളര്‍) എഫ്പിഐകള്‍ ഇന്ത്യന്‍ ഓഹരിവിപണികളില്‍നിന്ന് പിന്‍വലിച്ചു. രൂപയുടെ മൂല്യത്തകര്‍ച്ച, യുഎസ് ബോണ്ട് വരുമാനത്തിലെ വര്‍ധന, കുറഞ്ഞ വരുമാന സീസണിന്റെ പ്രതീക്ഷ എന്നിവയാണ് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
ഡിസംബറില്‍ മുഴുവന്‍ 15,446 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന് ശേഷമാണ് ഇത് സംഭവിച്ചതെന്ന് ഡിപ്പോസിറ്ററികളുമായുള്ള ഡാറ്റ കാണിക്കുന്നു.
ഇന്ത്യന്‍ രൂപയുടെ തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച വിദേശ നിക്ഷേപകരെ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് മോണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടര്‍ - മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
അതിനുപുറമെ, സമീപകാല തിരുത്തലുകള്‍ ഉണ്ടായിരുന്നിട്ടും, ഇന്ത്യന്‍ ഓഹരികളുടെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയം, താരതമ്യേന മിതമായ വരുമാന സീസണിനെക്കുറിച്ചുള്ള പ്രതീക്ഷ തുടങ്ങിയവ നിക്ഷേപകരെ ജാഗരൂകരാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളുടെ പ്രവചനാതീതമായ സ്വഭാവം നിക്ഷേപകരെ കരുതലോടെ നടക്കാന്‍ പ്രേരിപ്പിച്ചതായും അപകടസാധ്യതയുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണക്കുകള്‍ പ്രകാരം, ഈ മാസം ഇതുവരെ (ജനുവരി 24 വരെ) ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്ന് 64,156 കോടി രൂപയുടെ ഓഹരികള്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) വിറ്റഴിച്ചു.ജനുവരി 2 ഒഴികെ ഈ മാസത്തെ എല്ലാ ദിവസങ്ങളിലും എഫ്പിഐകള്‍ വില്‍പ്പനക്കാരാണ്.
'ഡോളറിന്റെ സുസ്ഥിരമായ ശക്തിയും യുഎസ് ബോണ്ട് ആദായത്തിലെ വര്‍ധനയുമാണ് എഫ്‌ഐഐ വില്‍പനയെ നയിക്കുന്ന പ്രധാന ഘടകങ്ങള്‍. ഡോളര്‍ സൂചിക 108-ന് മുകളില്‍ തുടരുകയും 10 വര്‍ഷത്തെ യുഎസ് ബോണ്ട് വരുമാനം 4.5 ശതമാനത്തിന് മുകളില്‍ തുടരുകയും ചെയ്യുന്നിടത്തോളം, വില്‍പ്പന തുടരാന്‍ സാധ്യതയുണ്ട്,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
യുഎസ് ബോണ്ട് യീല്‍ഡുകള്‍ ആകര്‍ഷകമായതിനാല്‍, എഫ്പിഐകള്‍ ഡെറ്റ് മാര്‍ക്കറ്റിലും വില്‍പ്പനക്കാരാണ്.