ഓവർ സബ്സ്ക്രിപ്ഷൻ ലഭിച്ച ഈ ഓഹരി ലിസ്റ്റ് ചെയ്തത് കിഴിവിൽ
- ഓഹരികളുടെ ലിസ്റ്റിംഗ് വില 1,228.70 രൂപ
- പോളിസിൽ ഇറിഗേഷൻ സിസ്റ്റംസ് ഓഹരികൾ 3.70 % പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു
എൻ്ററോ ഹെൽത്ത് കെയർ സൊല്യൂഷൻസ് ഓഹരികൾ വിപണിയിലെത്തിയത് 2.33 ശതമാനം കിഴിവിൽ. ഇഷ്യൂ വിലയായിരുന്നു 1258 രൂപയിൽ നിന്നും 29.30 രൂപ താഴ്ന്ന് 1,228.70 രൂപയിലാണ് ഓഹരികളുടെ ലിസ്റ്റിംഗ്.
ഇഷ്യൂ വഴി 1600 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇതിൽ 1000 കോടി രൂപയുടെ പുതിയ ഇഷ്യൂവും 600 കോടി രൂപയുടെ ഓഫർ ഫോർ സയിലുമായിരുന്നു. ഇഷ്യൂ തുക വായ്പകളുടെ തിരിച്ചടവ്, ദീർഘകാല പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുള്ള ഫണ്ടിംഗ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
പ്രഭാത് അഗർവാൾ, പ്രേം സേഥി, ഓർബിമെഡ് ഏഷ്യ III മൗറീഷ്യസ് ലിമിറ്റഡ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
2018-ൽ സ്ഥാപിതമായ എൻ്ററോ ഹെൽത്ത് കെയർ സൊല്യൂഷൻസ് ലിമിറ്റഡ് ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളുടെ വിതരണക്കാരാണ്. കമ്പനിയുടെ സാങ്കേതികവിദ്യാധിഷ്ഠിത പ്ലാറ്റ്ഫോം ഇന്ത്യയിലുടനീളമുള്ള ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിലേക്ക് ആരോഗ്യ സംരക്ഷണ ഉൽപ്പന്ന വിതരണ സേവനങ്ങൾ നൽകുന്നു.
കമ്പനിക്ക് 1,900-ലധികം ആരോഗ്യ സംരക്ഷണ ഉൽപ്പന്ന നിർമ്മാതാക്കളുമായി ബന്ധമുണ്ട്. 19 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 37 നഗരങ്ങളിലുമായി കമ്പനിക്ക് 73 വെയർഹൗസുകളുണ്ട്. കൂടാതെ കമ്പനിയുടെ ഉപഭോക്തൃ അടിത്തറയിൽ 495 ജില്ലകളിലായി 81,400 ഫാർമസികളും 3,400 ആശുപത്രികളും ഉൾപ്പെടുന്നു.
പോളിസിൽ ഇറിഗേഷൻ സിസ്റ്റംസ്
പോളിസിൽ ഇറിഗേഷൻ സിസ്റ്റംസ് ഓഹരികൾ 3.70 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 54 രൂപ, ലിസ്റ്റിംഗ് വില 56 രൂപ. ഓഹരിയൊന്നിന് രണ്ടു രൂപയുടെ നേട്ടം. ഇഷ്യൂ വഴി 17.44 കോടി രൂപ കമ്പനി സ്വരൂപിച്ചു. ഇതിൽ 7.80 കോടി രൂപയുടെ പുതിയ ഇഷ്യൂവും 9.64 കോടി രൂപയുടെ ഓഫർ ഫോർ സയിലുമായിരുന്നു.
1985-ൽ സ്ഥാപിതമായി പോളിസിൽ ഇറിഗേഷൻ സിസ്റ്റംസ് ലിമിറ്റഡ് HDPE പൈപ്പുകൾ, ഫിറ്റിംഗുകൾ, ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റങ്ങൾ, സ്പ്രിംഗ്ളർ ഇറിഗേഷൻ സിസ്റ്റങ്ങൾ തുടങ്ങിയ മൈക്രോ ഇറിഗേഷൻ സംവിധാനങ്ങളും അവയുടെ ഘടകങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളും പോളിസിൽ എന്ന ബ്രാൻഡിന് കീഴിൽ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.
കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ HDPE പൈപ്പുകൾ, പൈപ്പ് ഫിറ്റിംഗുകൾ, ഡിസ്ക് ഫിൽട്ടറുകൾ, സ്ക്രീൻ ഫിൽട്ടറുകൾ, ഹൈഡ്രോ സൈക്ലോൺ ഫിൽട്ടറുകൾ, മണൽ ഫിൽട്ടറുകൾ (ചരൽ), കംപ്രഷൻ ഫിറ്റിംഗുകൾ, വാൽവുകൾ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ), വളം ടാങ്കുകൾ, ഡിജിറ്റൽ കൺട്രോളറുകൾ, പ്രഷർ ഗേജുകൾ തുടങ്ങിയ ജലസേചന ഉപകരണങ്ങൾ ഉൾപ്പെടുന്നു.
ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. സ്ഥാപന വിപണികളിലൂടെയും ഓപ്പൺ മാർക്കറ്റിലൂടെയും കമ്പനി ഉൽപ്പന്നങ്ങൾ വിൽക്കുന്നു. കമ്പനിയുടെ നിർമ്മാണ യൂണിറ്റ് ഗുജറാത്തിലെ വഡോദരയിലാണ് സ്ഥിതി ചെയ്യുന്നത്.