നേട്ടം തുടർന്ന് ആഭ്യന്തര വിപണി; കരുത്തേകി ഐടി, ഓട്ടോ ഓഹരികൾ
- ഏഷ്യൻ വിപണികളിലെ റാലി സൂചികകൾക്ക് താങ്ങായി
- ഇന്ത്യ വിക്സ് രണ്ട് ശതമാനം ഉയർന്ന് 14.05 എത്തി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 83.43 എത്തി
;
റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളുടെ കരുത്തിൽ സൂചികകൾ നേട്ടം തുടരുകയാണ്. ഏഷ്യൻ വിപണികളിലെ റാലിയും സൂചികകൾക്ക് താങ്ങായി. സെൻസെക്‌സ് 69.63 പോയിൻ്റ് ഉയർന്ന് 79,102.36 ലും നിഫ്റ്റി 37.85 പോയിൻ്റ് ഉയർന്ന് 24,048.45 ലും എത്തി.
ഹീറോ മോട്ടോകോർപ്പ്, ഭാരതി എയർടെൽ, മാരുതി സുസുക്കി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, അപ്പോളോ ഹോസ്പിറ്റൽ, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികൾ ഇടിഞ്ഞു.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, എനർജി, ഇൻഫ്രാ എന്നിവ ഇടിവിലാണ്. നിഫ്റ്റി എനർജി സൂചികയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, അദാനി ഗ്രീൻ തുടങ്ങിയ ഓഹരികളിലെ ഇടിവ് സൂചികയേ തളർത്തി. നിഫ്റ്റി ഓട്ടോ, മെറ്റൽ സൂചികകളാണ് മികച്ച നേട്ടം നൽകിയത്.
നിഫ്റ്റി മിഡ്‌ക്യാപ്‌സും സ്‌മോൾ ക്യാപ്‌സും യഥാക്രമം 0.2, 0.7 ശതമാനം ഉയർന്നു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് രണ്ട് ശതമാനം ഉയർന്ന് 14.05 എത്തി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടത്തോടെയുള്ള വ്യപാരം തുടരുന്നു. വെള്ളിയാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ബ്രെൻ്റ് ക്രൂഡ് 0.52 ശതമാനം ഉയർന്ന് ബാരലിന് 85.44 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 23.09 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വർണം ട്രോയ് ഔൺസിന് 0.28 ശതമാനം താഴ്ന്ന് 2333 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 83.43 എത്തി.
വെള്ളിയാഴ്ച്ച സെൻസെക്സ് 210.45 പോയിൻ്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 79,032.73 ലും നിഫ്റ്റി 33.90 പോയിൻറ് അഥവാ 0.14 ശതമാനം താഴ്ന്ന് 24,010.60 ലുമാണ് ക്ലോസ് ചെയ്തത്.