നാലാം നാളും ചുവപ്പണിഞ്ഞ് ആഭ്യന്തര വിപണി; സെൻസെക്സ് 670 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 22,700ൽ

  • നിഫ്റ്റിയിൽ 50 ഓഹരികളിൽ 37 ഓഹരികളും വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിലാണ്
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞ് 83.39 ലെത്തി
  • ബിഎസ്ഇ മിഡ്ക്യാപ് 0.38 ശതമാനം ഇടിഞ്ഞു

Update: 2024-05-29 11:00 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെ. ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനത്തോളം ഇടിഞ്ഞു. തുടർച്ചയായി നാലാം ദിവസമാണ് വിപണി ചുവപ്പിൽ അവസാനിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായുള്ള നിക്ഷേപകരുടെ ജാഗ്രതയാണ് വിപണിക്ക് വിനയായത്. ഉയർന്നു വരുന്ന ലാഭമെടുപ്പും സൂചികകൾ വലച്ചു.

സെൻസെക്‌സ് 667.55 പോയിൻ്റ് അഥവാ 0.89 ശതമാനം ഇടിഞ്ഞ് 74,502.90 ലും നിഫ്റ്റി 183.45 പോയിൻ്റ് അഥവാ 0.80 ശതമാനം ഇടിഞ്ഞ് 22,704.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ 50 ഓഹരികളിൽ 37 ഓഹരികളും വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിലാണ്. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ദിവിസ് ലബോറട്ടറീസ്, പവർ ഗ്രിഡ് കോർപ്പറേഷൻ, ബജാജ് ഓട്ടോ, സിപ്ല എന്നിവ മികച്ച നേട്ടം നൽകിയപ്പോൾ എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ്, ടെക് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.

ബിഎസ്ഇ മിഡ്ക്യാപ് 0.38 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ സ്മോൾക്യാപ് 0.23 ശതമാനവും ഉയർന്നു.  സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനങ്ങൾ, ഓയിൽ ആൻഡ് ഗ്യാസ്, ഐടി സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ് സൂചികകൾ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ, മീഡിയ സൂചികകൾ നേട്ടമുണ്ടാക്കി.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞ് 83.39 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.50 ശതമാനം താഴ്ന്ന് 2362 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 65.57 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.88 ശതമാനം ഉയർന്ന് ബാരലിന് 84.94 ഡോളറിലെത്തി.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോങ് എന്നിവ താഴ്ന്നപ്പോൾ ഷാങ്ഹായ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ ചൊവ്വാഴ്ച മിക്സഡ് നോട്ടിലാണ് അവസാനിച്ചത്. യുഎസ് വിപണികളിൽ ചൊവ്വാഴ്ച സമ്മിശ്ര വ്യാപാരമായിരുന്നു.

ജൂൺ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ്. പൊതുതെരഞ്ഞെടുപ്പിൻ്റെ ഫലം ജൂൺ നാലിന് പ്രഖ്യാപിക്കും.

ചൊവ്വാഴ്ച സെൻസെക്സ് 220.05 പോയിൻ്റ് അഥവാ 0.29 ശതമാനം താഴ്ന്ന് 75,170.45 ലും നിഫ്റ്റി 44.30 പോയിൻ്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 22,888.15 ലും ആണ് ക്ലോസ് ചെയ്തത്.

Tags:    

Similar News