വിപണിക്ക് ഫ്ലാറ്റ് എൻഡ്; 52 ആഴ്ച്ചയിലെ ഉയർന്ന നിലയിൽ റീയൽറ്റി സൂചിക
- റിലയൻസ് ഇൻഡസ്ട്രീസ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിൽ
- ബ്രെന്റ് ക്രൂഡ് 1.06 ശതമാനം താഴ്ന്ന് 83.76 ഡോളറിലെത്തി
തുടക്കവ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന ലെവലായ 22,297ൽ എത്തിയ നിഫ്റ്റി 22,212ൽ ക്ലോസ് ചെയ്തു. ബാങ്കിംഗ് ഓഹരികളിലെ വില്പന സൂചികയേ ബാധിച്ചു. സെൻസെക്സും 73,142 ൽ ഫ്ലാറ്റ് ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്മോൾക്യാപ് 100 എന്നിവ 0.3 ശതമാനം ഉയർന്നു.
ബിഎസ്ഇ സെൻസെക്‌സ് 15.44 പോയിൻ്റ് അഥവാ 0.02 ശതമാനം ഇടിഞ്ഞ് 73,142.80 പോയിൻ്റിൽ ക്ലോസ് ചെയ്തു, സൂചികയിൽ 17 ഓഹരികളും വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിലാണ്.
എഫ്എംസിജി, ഫാർമ, ഫിനാൻഷ്യൽ ഓഹരികൾ ഉയർന്നപ്പോൾ ഐടി, സ്വകാര്യ ബാങ്ക് ഓഹരികൾ നഷ്ടത്തിലായതിനാൽ നിഫ്റ്റി 4.75 പോയിൻ്റ് അല്ലെങ്കിൽ 0.02 ശതമാനം ഇടിഞ്ഞ് 22,212.70 പോയിൻ്റിലാണ് ക്ലോസ് ചെയ്തത്.
52 ആഴ്ച്ചയിലെ ഉയർന്ന ലെവലായ 925.25 പോയിന്റും തൊട്ട് നിഫ്റ്റി റീയൽറ്റി സൂചിക. വ്യാപാര മധ്യേ ഉയർന്ന നിലയിലെത്തിയ സൂചിക 918.75 ക്ലോസ് ചെയ്തു.
റിലയൻസ് ഇൻഡസ്ട്രീസ് ഒരു ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. റിലയൻസ് ജിയോ ഫിനാൻഷ്യൽ സർവീസസ് 14.5 ശതമാനത്തിലധികം ഉയർന്ന് ഒരു വർഷത്തെ ഉയർന്ന വിലയിലുമെത്തി. കമ്പനിയുടെ വിപണി മൂല്യം 2 ലക്ഷം കോടി രൂപ കടന്നു.
നിഫ്റ്റിയിൽ ബജാജ് ഫിൻസേർവ് (1.51%), എസ്ബിഐ ലൈഫ് ഇൻഷുറൻസ് (1.29%), ഡോ റെഡ്ഡീസ് ലബോറട്ടറീസ് (1.23%), എച്ച്ഡിഎഫ്സി ലൈഫ് (1.07%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (1.03%) നേട്ടത്തിൽ വ്യാപാരം അവസാനിച്ചപ്പോൾ ഭാരത് പെട്രോളിയം (-1.27%), എച്സിഎൽ ടെക് (-1.22%), മാരുതി സുസുക്കി (-1.05%), ഏഷ്യൻ പൈന്റ്‌സ് (-1.04%), ഭാരതി എയർടെൽ (-0.98%) എന്നിവ ഇടിവ് രേഖപ്പെടുത്തി.
ടെക്‌നോളജി കമ്പനിയായ എൻവിഡിയയുടെ ഡിസംബർ പാദഫലങ്ങളാണ് പ്രധാനമായും യുഎസ് വിപണികളിലെ നേട്ടത്തിന് കാരണമായത്. ഇതിനെ തുടർന്ന് ആഗോള വിപണികളിലും മുന്നേറ്റം പ്രകടമായിരുന്നു.
ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.6 ശതമാനം ഉയർന്നു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് മാറ്റമില്ലാതെ തുടർന്നു. ടോക്കിയോയിൽ വിപണിക്ക് ഇന്ന് അവധിയാണ്. ജർമ്മനിയുടെ DAX, പാരീസിലെ CAC 40, ലണ്ടനിലെ FTSE 100 എന്നിവ 0.1 ശതമാനം നേട്ടമുണ്ടാക്കി.
സ്വർണം ട്രോയ് ഔൺസിന് 0.11 ശതമാനം ഉയർന്ന് 2032.75 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് 1.06 ശതമാനം താഴ്ന്ന് 83.76 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസഇടിഞ്ഞ് 82.93 രൂപയിലുമെത്തി.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) വ്യാഴാഴ്ച 1,410.05 കോടി രൂപയുടെ ഓഹരികൾ വിറ്റതിനാൽ അറ്റ വിൽപ്പനക്കാരായി.