ആഭ്യന്തര വിപണി ഇന്ന് വ്യപാരം അവസാനിപ്പിച്ചത് വമ്പൻ ഇടിവോടെയാണ്. സെൻസെക്‌സ് 930.55 പോയിൻ്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 24,500 ലെവലിനു താഴെയാണ് ക്ലോസ് ചെയ്തത്. രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിഫ്റ്റി. തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി നഷ്ടത്തിൽ ക്ലോസ് ചെയുന്നത്.
സെൻസെക്‌സ് 930.55 പോയിൻ്റ് അഥവാ 1.15 ശതമാനം ഇടിഞ്ഞ് 80,220.72 ൽ വ്യാപരം അവസാനിപ്പിച്ചു. ഓഗസ്റ്റ് 14 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗ് ലെവലാണിത്. ഇൻട്രഡയിൽ സൂചിക 1,001.74 പോയിൻ്റ് അഥവാ 1.23 ശതമാനം ഇടിഞ്ഞ് 80,50,143 വരെ എത്തിയിരുന്നു.
നിഫ്റ്റി 309 പോയിൻറ് അഥവാ 1.25 ശതമാനം ഇടിഞ്ഞ് 24,472.10 ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻട്രഡയിൽ സൂചിക 24,445.80 പോയിന്റ് വരെ താഴ്ന്നിരുന്നു.
സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, ബജാജ് ഫിനാൻസ്, റിലയൻസ് ഓഹരികൾ ഇടിഞ്ഞു. ഐസിഐസിഐ ബാങ്ക്, നെസ്ലെ, ഇൻഫോസിസ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്.
നിഫ്റ്റി ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ, പവർ, റിയൽറ്റി, ടെലികോം, മീഡിയ, പിഎസ്‌യു ബാങ്ക് സൂചികകൾ 2 മുതൽ 3 ശതമാനം ഇടിഞ്ഞതോടെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 2.5 ശതമാനവും സ്‌മോൾക്യാപ് സൂചിക 3.8 ശതമാനവും ഇടിഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 2,261.83 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ആഭ്യന്തര നിക്ഷേപ (ഡിഐഐ) 3,225.91 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും താഴ്ന്നപ്പോൾ ഷാങ്ഹായിയും ഹോങ്കോങ്ങും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു.
ബ്രെൻ്റ് ക്രൂഡ് 0.61 ശതമാനം ഉയർന്ന് ബാരലിന് 74.74 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.30 ശതമാനം ഉയർന്ന് 2747 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.07ൽ എത്തി.