നേരിട്ട് നിക്ഷേപിക്കുന്നവരുടെ എണ്ണം 8.35 കോടിയെന്ന് എന്‍എസ്ഇ മേധാവി
- കോര്‍പ്പറേറ്റുകളും വിശ്വാസ്യതയും വിപണിയുടെ വളര്‍ച്ചയ്ക്ക് കാരണം;
- നിക്ഷേപകരില്‍ 17 ശതമാനത്തോളം ഗാര്‍ഹിക ഉപഭോക്താക്കൾ
- ഇന്ത്യയുടെ വിപണി മൂല്യം നാല് ലക്ഷം കോടി ഡോളര്‍
കോര്‍പറേറ്റ് ഭരണ നിര്‍വ്വഹണം, വിശ്വാസ്യത എന്നിവയ്ക്ക് രാജ്യത്തെ ഓഹരി വിപണിയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും പ്രധാന സംഭാവന നല്‍കാന്‍ കഴിയുമെന്ന് എന്‍എസ്ഇ ചീഫ് ആശിഷ്‌കുമാര്‍ ചൗഹാന്‍.
ഓഹരി വിപണി കോര്‍പറേറ്റ് ഭരണം ഇല്ലാതെ വളര്‍ന്നു വരാന്‍ ഒരു വഴിയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിഐഐ സംഘടിപ്പിച്ച ഗ്ലോബല്‍ ഇക്കണോമിക് പോളിസി ഫോറ (ജിഇപിഎഫ്) ത്തില്‍ സംസാരിക്കുകയായിരുന്നു എന്‍എസ്ഇയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കുന്ന നിക്ഷേപകരുടെ എണ്ണം 83.5 ദശലക്ഷമായി ഉയര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നിക്ഷേപകരില്‍ 17 ശതമാനത്തോളം ഗാര്‍ഹിക ഉപഭോക്താക്കളാണ്. ഇവര്‍ എന്‍എസ്ഇയുടെ രാജ്യത്തൊട്ടാകെയുള്ള ട്രേഡിംഗ് അംഗങ്ങള്‍ വഴി ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്തുന്നുണ്ട്.
എന്‍എസ്ഇയെ ഒരു രാജ്യമായി സങ്കല്‍പ്പിച്ചാല്‍ എന്‍എസ്ഇ രാജ്യത്തെ 20ാമത്തെ വലിയ രാജ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റ് ഭരണ സംവിധാനം കഴിഞ്ഞാല്‍ അടുത്ത പ്രധാനപ്പെട്ട ഘടകം വിശ്വാസ്യതയാണ്. ഇതും ഓഹരി വിപണിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.
വിപണി മൂല്യം നാല് ലക്ഷം കോടി ഡോളര്‍
ഇന്ത്യയുടെ വിപണി മൂല്യം നാല് ലക്ഷം കോടി ഡോളറാണ്. ഇതോടെ രാജ്യത്തെ ലോകത്തെ നാലമത്തെ വലിയ ഓഹരി വിപണിയുള്ള രാജ്യമാണ് ഇന്ത്യ. ഇതില്‍ ഹോങ്കോംഗ് ഉള്‍പ്പെടില്ല. കാരണം അവിടെ ലിസ്റ്റ് ചെയ്തിട്ടുള്ളതില്‍ കൂടുതലും ചൈനീസ് കമ്പനികളാണ്.
ഓഹരി വിപണികളിലെ മൂല്യത്തിന്റെ കാര്യത്തില്‍ യുഎസ്, ചൈന, ജപ്പാന്‍, ഹോങ്കോംഗ് എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഈ ശക്തമായ വളര്‍ച്ച കാണിക്കുന്നത് സര്‍്ക്കാര്‍, ജുഡീഷ്യറി, റെഗുലേറ്റര്‍മാരുടെ നയങ്ങള്‍ എന്നിവയിലുള്ള ആത്മവിശ്വാസമാണ്.
ഇത് കാണിക്കുന്നത് സര്‍ക്കാര്‍ ഭരണത്തിലുള്ള വിശ്വാസം മാത്രമല്ല കാണിക്കുന്നത്. മറിച്ച് ജൂഡീഷ്യറിയിലും റെഗുലേറ്റര്‍മാരിലുമുള്ള വിശ്വാസം കൂടിയാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളായി ഇന്ത്യ നിക്ഷേപകരെ സംബന്ധിച്ച് വിശ്വാസ്യതയുള്ള രാജ്യമായി തുടരുന്നു.
ബോണ്ട് വിപണി
അതേസമയം, ഓഹരി വിപണിക്ക് സമാനമായ ഒരു ബോണ്ട് വിപണി വികസിപ്പിക്കേണ്ടതുണ്ടെന്നും ഇത് പണലഭ്യത വര്‍ധിപ്പിക്കാനും നിക്ഷേപ ഓപ്ഷനുകള്‍ വൈവിധ്യവത്കരിക്കാനും ബിസിനസുകള്‍ക്ക് ബദല്‍ ഫണ്ടിംഗ് സ്രോതസ്സുകള്‍ നല്‍കാനും കഴിയുമെന്നും മാസ്റ്റര്‍കാര്‍ഡ് ഇന്ത്യ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. ബാങ്കിംഗ് വിപണിക്ക് ഒരു റെഗുലേറ്റര്‍ ഉണ്ട്, ഇക്വിറ്റി മാര്‍ക്കറ്റിന് ഒരു റെഗുലേറ്റര്‍ ഉണ്ട്, പക്ഷേ ബോണ്ട് മാര്‍ക്കറ്റിന് രണ്ട് റെഗുലേറ്റര്‍മാരുണ്ട്. പന്ത് എല്ലായ്‌പ്പോഴും രണ്ട് ഫീല്‍ഡര്‍മാര്‍ക്കിടയിലാണ് വീഴുന്നത് അവരവര്‍ക്ക് ക്യാച്ച് ചെയ്യാനുള്ള സമയമാണെന്ന് ഇരുവരും കരുതുമെന്നും അദ്ദേഹം പറഞ്ഞു.
ബോണ്ട് മാര്‍ക്കറ്റിന്റെ കാര്യം വരുമ്പോള്‍, റെഗുലേറ്റര്‍ റിസ്‌കിനോട് വിമുഖത കാണിക്കും. ജനങ്ങളും അപകടസാധ്യതയെ വെറുക്കുന്നവരാണ്. ബോണ്ട് മാര്‍ക്കറ്റിലൂടെ ഫണ്ട് സ്വരൂപിക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് അമിതമായ നിയന്ത്രണങ്ങള്‍ നല്‍കുന്നതും വല്ലുവിളി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ്‌ബോണ്ട് വിപണിയില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുന്നത് എളുപ്പമല്ലാത്തവിധമാണ് ഇന്നത്തെ നിയന്ത്രണങ്ങള്‍. അതുകൊണ്ട് തന്നെ ഒരു ബാങ്കിനെ സമീപിക്കുന്നതാണ് നല്ലതെന്നുള്ള ചിന്തയിലേക്ക് കോര്‍പ്പറേറ്റുകളെ എത്തിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.