കുതിപ്പ് തുടർന്ന് ബുള്ളുകൾ; തുണയായത് ബാങ്ക് നിഫ്റ്റി
- ആഭ്യന്തര സൂചികകൾ ആദ്യ വ്യാപാരത്തിൽ പുതിയ റെക്കോർഡ് ഉയരങ്ങളിൽ
- എഫ്ഐഐകൾ ബുധനാഴ്ച 2,766.75 കോടി രൂപയുടെ അറ്റ വാങ്ങൽ രേഖപ്പെടുത്തി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 82.74 ലെത്തി
യുഎസ് വിപണികളിലെ മുന്നേറ്റവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങലും ആഭ്യന്തര സൂചികകളെ ആദ്യ വ്യാപാരത്തിൽ പുതിയ റെക്കോർഡ് ഉയരങ്ങളിലെക്ക് നയിച്ചു. സെൻസെക്‌സ് 159.18 പോയിൻ്റ് ഉയർന്ന് 74,245.17 എന്ന എക്കാലത്തെയും ഉയർന്ന പോയിന്റിലും നിഫ്റ്റി 49.6 പോയിൻ്റ് ഉയർന്ന് 22,523.65 ലുമാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടുള്ള വ്യാപാരത്തിൽ ആഭ്യന്തര വിപണി ചാഞ്ചാട്ടത്തിലായിരുന്നു.
നിഫ്റ്റിയിൽ ടാറ്റ സ്റ്റീൽ (2.94%), ജെഎസ്ഡബ്ല്യു സ്റ്റീൽ (2.80%), യുപിഎൽ (2.22%), ബജാജ് ഫിനാൻസ് (1.69%), ബജാജ് ഓട്ടോ (1.66%) എന്നിവ നേട്ടത്തിലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര (-3.62%), ഭാരത് പെട്രോളിയം (-1.37%), എസ്ബിഐ ലൈഫ് ഇൻഷുറൻസ് (-1.05%), ബ്രിട്ടാനിയ ഇൻഡസ്ട്രീസ് (-0.81%), ഐടിസി (-0.76%) എന്നിവ ഇടിവിലാണ്.
സെക്ടറൽ സൂചികയിൽ നിഫ്റ്റി മെറ്റൽ ഒരു ശതമാനത്തിലധികം ഉയർന്നു. സ്‌മോൾ ക്യാപ് സൂചികകൾ കുതിപ്പ് തുടരുന്നു. ഫാർമാ, ഐടി മേഖലയും നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ബുധനാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 2,766.75 കോടി രൂപയുടെ അറ്റ വാങ്ങൽ രേഖപ്പെടുത്തി.
"ഇപ്പോൾ വിപണിയിൽ പ്രത്യേക ട്രെൻഡുകൾ ഉണ്ട്. ഒന്ന്, ലാർജ് ക്യാപ്‌സ് മിഡ്, സ്മോൾ ക്യാപ്‌സ് എന്നിവയെ മറികടക്കുന്നു. രണ്ട്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക് തുടങ്ങിയ സ്വകാര്യ മേഖല ബാങ്കുകളുടെ പിൻബലത്തിൽ ബാങ്ക് നിഫ്റ്റി ശക്തമായി ഉയർന്നുവരുന്നു. മൂന്ന്, ചില എൻബിഎഫ്‌സികളുടെ നിയന്ത്രണ നടപടികൾ ബാങ്കിങ് ഇതര സാമ്പത്തിക കമ്പനികളെ മുഴുവനായിട്ടും ബാധിച്ചു. ഇതിനെ തുടർന്ന് ഉയർന്ന നിലവാരമുള്ള സ്വകാര്യ ബാങ്കിംഗ് മേഖലയുടെ സ്വാധീനത്തെ മെച്ചപ്പെടുത്തുന്നു,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ബ്രെൻ്റ് ക്രൂഡ് 0.13 ശതമാനം ഇടിഞ്ഞ് ബാരലിന് 82.85 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.33 ശതമാനം ഉയർന്ന് 2165.35 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 82.74 എന്ന നിലയിലെത്തി.
ബുധനാഴ്ച സെൻസെക്സ് 408.86 പോയിൻ്റ് (0.55%) ഉയർന്ന് 74,085.99 ലും നിഫ്റ്റി 117.75 പോയിൻ്റ് (0.53%) 22,474.05 ലുമാണ് ക്ലോസ് ചെയ്തത്.