ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ക്ക് ശുഭാന്ത്യം
- മെറ്റല്‍ സൂചികയാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്
- മിഡ്ക്യാപ്, സ്‍മാള്‍ക്യാപ് ഓഹരികളില്‍ ഇടിവ്
- ബാങ്ക് സൂചികയാണ് വലിയ നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്
ഇന്ന് കയറ്റിറങ്ങള്‍ക്കിടെ വലിയ ചാഞ്ചാട്ടം പ്രകടമാക്കിയ ആഭ്യന്തര വിപണി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികളില്‍ നിന്നുള്ള ശുഭ സൂചനകള്‍ നിക്ഷേപകരെ സ്വാധീനിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ഓഹരിവിപണികളില്‍ കനത്ത ഇടിവ് പ്രകടമായിരുന്നു.
ഇന്ന് സെന്‍സെക്സ് 167.06 പോയിന്‍റ് അഥവാ 0.23 ശതമാനം കയറി 71,595.49ല്‍ എത്തി. നിഫ്റ്റി 64.55 പോയിന്‍റ് അഥവാ 0.3 ശതമാനം മുന്നേറി 21,782.50ല്‍ എത്തി.
നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.89 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 1.40 ശതമാനവും താഴ്ച രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.82 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 1.36 ശതമാനവും ഇടിവ് പ്രകടമാക്കി.
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ മെറ്റല്‍ സൂചികയാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്, 1.54 ശതമാനം. ഓയില്‍&ഗ്യാസ് സൂചികയും വലിയ നഷ്ടത്തിലാണ് (1.39%). ഐടി, ഓട്ടോ, മീഡിയ, റിയല്‍റ്റി എന്നിവയും ഇടിവ് രേഖപ്പെടുത്തി. ബാങ്ക് സൂചികയാണ് വലിയ നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്, 1.38 ശതമാനം. സ്വകാര്യ ബാങ്ക്, പൊതുമേഖലാ ബാങ്ക്, ആരോഗ്യ പരിപാലനം എന്നിവയും മികച്ച നേട്ടം രേഖപ്പെടുത്തി. മറ്റു മേഖലകളെല്ലാം നേട്ടത്തിലാണ്.
നിഫ്റ്റി 50-യില്‍ ഗ്രാസിം ഇൻഡസ്ട്രീസ് (5.92%), , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (3.70%), അപ്പോളോ ഹോസ്പിറ്റല്‍സ് (3.25%), സൺ ഫാർമ (2.80%), ഐസിഐസിഐ ബാങ്ക് (2.19% ) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. എം&എം (2.46%), ഭാരതി എയർടെൽ (1.94%), എന്‍ടിപിസി (1.87 %), ഒഎൻജിസി (1.85%), ടാറ്റ സ്റ്റീൽ (1.64%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ എസ്‍ബിഐ (3.55 %), സൺ ഫാർമ (2.31 %), ഐസിഐസിഐ ബാങ്ക് (2.14 %), ആക്സിസ് ബാങ്ക് (1.39 %), ടൈറ്റൻ കമ്പനി (1.17 %) എന്നിവ മികച്ച നേട്ടം കൊയ്തു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര (2.40%), ഭാരതി എയർടെൽ (1.94%), എന്‍ടിപിസി (1.84%), ടാറ്റ സ്‍റ്റീല്‍ (1.67%), ഇൻഫോസിസ് (1.39%) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി.
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പി, ചൈനയുടെ ഷാങ്ഹായ്, ജപ്പാന്‍റെ നിക്കി എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ് നഷ്ടത്തിലായിരുന്നു.