തകർപ്പൻ ലിസ്റ്റിംഗുമായി 2 എസ്എംഇ ഓഹരികൾ
- 186% പ്രീമിയത്തിൽ ആൽപെക്‌സ് സോളാർ ഓഹരികൾ ലിസ്റ്റ് ചെയ്തു
- രുദ്ര ഗ്യാസ് എൻ്റർപ്രൈസ് ഓഹരികളുടെ ലിസ്റ്റിംഗ് 90% പ്രീമിയത്തോടെ
ചെറുകിട ഇടത്തരം സംരംഭങ്ങളായ ആൽപെക്‌സ് സോളാർ, രുദ്ര ഗ്യാസ് എൻ്റർപ്രൈസ് എന്നിവയുടെ ഓഹരികൾ മികച്ച പ്രീമിയത്തോടെയാണ് വിപണിയിലെത്തിയത്. ആൽപെക്‌സ് സോളാർ ഓഹരികൾ 186 ശതമാനം പ്രീമിയം നൽകിയപ്പോൾ രുദ്ര ഗ്യാസ് എൻ്റർപ്രൈസ് ഓഹരികൾ 90 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്‌തത്.
ആൽപെക്‌സ് സോളാർ
സോളാർ പാനലുകളുടെ നിർമാതാക്കളായ ആൽപെക്‌സ് സോളാറിന്റെ ഓഹരികൾ 186 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വിലയായിരുന്ന 115 രൂപയിൽ നിന്നും ഓഹരിയൊന്നിന് 214 രൂപ ഉയർന്ന് 329 രൂപയ്ക്കാണ് ഓഹരികൾ വിപണിയിലെത്തിയത്. ഇഷ്യൂ വഴി 74.52 കോടി രൂപ കമ്പനി സ്വരൂപിച്ചു.
അശ്വനി സെഹ്ഗാൾ, മോണിക്ക സെഹ്ഗാൾ, വിപിൻ സെഹ്ഗാൾ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
750 മെഗാവാട്ട് വർദ്ധിപ്പിച്ച് നിലവിലുള്ള സോളാർ മൊഡ്യൂൾ നിർമ്മാണ കേന്ദ്രം നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ചെലവ്, സോളാർ മൊഡ്യൂളിനായുള്ള അലുമിനിയം ഫ്രെയിമിനായി ഒരു പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ചെലവ്, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
1993 ഓഗസ്റ്റിൽ സ്ഥാപിതമായ ആൽപെക്സ് സോളാർ ലിമിറ്റഡ് സോളാർ പാനലുകളുടെ നിർമ്മാതാക്കളാണ്. മോണോക്രിസ്റ്റലിൻ, പോളിക്രിസ്റ്റലിൻ സെൽ സാങ്കേതികവിദ്യകളാണ് കമ്പനി ഉപയോഗിക്കുന്നത്.
ബൈഫേഷ്യൽ, മോണോ PERC, ഹാഫ് കട്ട് മൊഡ്യൂൾ എന്നിവയുൾപ്പെടെ നിരവധി സോളാർ പാനൽ മൊഡ്യൂളുകൾ കമ്പനി നിർമിച്ചു നൽകുന്നുണ്ട്. ഉപരിതല, സബ്‌മേഴ്‌സിബിൾ വിഭാഗങ്ങൾക്കായി എസി/ഡിസി സോളാർ പമ്പുകൾ ഇപിസി ഉൾപ്പെടെയുള്ള സൗരോർജ്ജ പരിഹാരങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.
സോളാർവേൾഡ് എനർജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ബിവിജി ഇന്ത്യ ലിമിറ്റഡ്, ടാറ്റ പവർ, ഹിൽഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്, ശക്തി പമ്പ്സ് ഇന്ത്യ ലിമിറ്റഡ് എന്നിവ കമ്പനിയുടെ ക്ലയൻ്റുകളിൽ ഉൾപ്പെടുന്നു. കമ്പനിയുടെ നിർമ്മാണ കേന്ദ്രം ഗ്രേറ്റർ നോയിഡയിലും മറ്റ് ഓഫീസുകൾ ഡൽഹി, മുംബൈ, ഹിമാചൽ പ്രദേശ്, ചിറ്റോർഗഡ്, ജയ്പൂർ, തിരുപ്പൂർ, ലുധിയാന എന്നിവിടങ്ങളിലും സ്ഥിതി ചെയ്യുന്നു.
രുദ്ര ഗ്യാസ് എൻ്റർപ്രൈസ്
രുദ്ര ഗ്യാസ് എൻ്റർപ്രൈസ് ഓഹരികൾ വിപണിയിൽ അരങ്ങേറിയത് 90 ശതമാനം പ്രീമിയത്തിൽ. ഇഷ്യൂ വിലയായിരുന്നു 63 രൂപയിൽ നിന്നും 56.70 രൂപ ഉയർന്ന് 119.70 രൂപയിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വഴി 14.16 കോടി രൂപ കമ്പനി സമാഹരിച്ചു.
2015 ൽ സ്ഥാപിതമായ രുദ്ര ഗ്യാസ് എൻ്റർപ്രൈസ് ലിമിറ്റഡ് ഗ്യാസ് വിതരണ ശൃംഖല പദ്ധതികൾ, ഫൈബർ കേബിൾ നെറ്റ്‌വർക്കുകൾ, നിർമ്മാണ ഉപകരണങ്ങൾ, വാഹന വാടക എന്നി മേഘലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്.
പൈപ്പ് ലൈൻ നിർമ്മാണം, സിവിൽ വർക്കുകൾ, നഗര വാതക വിതരണത്തിൽ പൈപ്പ്ലൈൻ നെറ്റ്‌വർക്കുകളുടെ പ്രവർത്തനവും പരിപാലനവും എന്നീ മേഖലകളിലും കമ്പനി സേവനങ്ങൾ നൽകുന്നു. ഫൈബർ ഒപ്റ്റിക് കേബിളുകൾ സ്ഥാപിക്കുന്നതിനും അവയുടെ പരിപാലനത്തിനുമുള്ള സേവനങ്ങളും കമ്പനി നൽകുന്നുണ്ട്.
കമ്പനിയുടെ ഉപഭോക്താക്കളിൽ പൊതുമേഖലയിലും സ്വകാര്യമേഖലയിലും സിറ്റി ഗ്യാസ് വിതരണ, ടെലികമ്മ്യൂണിക്കേഷൻ മേഖലകളിലെ കമ്പനികൾ ഉൾപ്പെടുന്നു.