മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഏകീകൃത എക്‌സ്‌പെന്‍സ് റേഷ്യോ നിര്‍ദ്ദേശിച്ച് സെബി
- സുതാര്യത കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗം
- മ്യൂച്ചല്‍ ഫണ്ട് വ്യവസായത്തില്‍ 40 ലക്ഷം കോടിയിലധികം രൂപയുടെ ആസ്തി കൈകാര്യംചെയ്യുന്നുണ്ട്
- 42 മ്യൂച്ചല്‍ ഫണ്ട് കമ്പനികളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്
മ്യൂച്ചല്‍ഫണ്ടില്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന യൂണിറ്റ് ഹോള്‍ഡര്‍മാരില്‍ (നിക്ഷേപകര്‍) നിന്ന് ഈടാക്കുന്ന തുകയില്‍ സുതാര്യത കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വ്യാഴാഴ്ച മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലുടനീളം ഏകീകൃത മൊത്തം ചെലവ് അനുപാതം (ടോട്ടല്‍ എക്‌സ്‌പെന്‍സ് റേഷ്യോ-ടിഇആര്‍) നിര്‍ദേശിച്ചു.
മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപത്തിന് അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ചെലവിനത്തില്‍ ഈടാക്കുന്ന തുകയാണ് മൊത്തം ചെലവ് അനുപാതം അഥവാ ടോട്ടല്‍ എക്‌സ്‌പെന്‍സ് റേഷ്യോ. ഫണ്ട് മാനേജേഴ്‌സ് ഫീസ്, അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ്, ഏജന്റിന് നല്‍കുന്ന കമ്മീഷന്‍ ഇതെല്ലാം ഇതില്‍ ഉള്‍പ്പെടും.
നിലവില്‍, സെബി അസറ്റ് മാനേജ്‌മെന്റ് കമ്പനികളെ മ്യൂച്ചല്‍ ഫണ്ടിന്റെ യൂണിറ്റ് ഹോള്‍ഡര്‍മാരില്‍നിന്ന് അഥവാ നിക്ഷേപകരില്‍നിന്ന് നിശ്ചിത ടിഇആര്‍ പരിധിക്ക് മുകളിലുള്ള നാല് അധിക ചെലവുകള്‍ ഈടാക്കാന്‍ അനുവദിക്കുന്നുണ്ട്.
ബ്രോക്കറേജ് ആന്‍ഡ് ട്രാന്‍സാക്ഷന്‍ കോസ്റ്റ്, ഡിസ്ട്രിബ്യൂഷന്‍ കമ്മീഷന്‍, ചരക്ക് സേവന നികുതികള്‍, എക്‌സിറ്റ് ലോഡുകള്‍ക്കുള്ള അധിക ചെലവ് എന്നിവയാണ് നാല് ചെലവുകള്‍.
ടോട്ടല്‍ എക്‌സ്‌പെന്‍സ് റേഷ്യോ-ടിഇആര്‍ എന്നത് ഒരു നിക്ഷേപകന്‍ അടയ്ക്കേണ്ട പരമാവധി എക്‌സ്‌പെന്‍സ് റേഷ്യോയെ പ്രതിഫലിപ്പിക്കുന്നു. അതിനാല്‍ ഒരു നിക്ഷേപകനില്‍ നിന്ന് ഈടാക്കാന്‍ അനുവദനീയമായ എല്ലാ ചെലവുകളും ഉള്‍പ്പെടുത്തിയിരിക്കണം. കൂടാതെ നിക്ഷേപകനില്‍ നിന്ന് നിശ്ചിത ടിഇആര്‍ പരിധിക്ക് മുകളിലുള്ള തുക ഈടാക്കാനും പാടില്ലെന്ന് ' കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ സെബി പറഞ്ഞു.
ഒരു നിക്ഷേപകനില്‍ നിന്ന് ഈടാക്കുന്ന എല്ലാ ചെലവുകളും ഉള്‍പ്പെടുന്നതായിരിക്കണം ടിഇആര്‍ എന്ന അടിസ്ഥാന തത്വം ചൂണ്ടിക്കാട്ടി, ബ്രോക്കറേജ്, ഇടപാട് ചെലവുകള്‍ ടിഇആറില്‍ ഉള്‍പ്പെടുത്താമെന്ന് സെബി നിര്‍ദ്ദേശിച്ചു. കൂടാതെ, എസ്ടിടി (സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ്) ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും നിക്ഷേപ ചെലവുകളും ടിഇആര്‍ പരിധിക്കുള്ളില്‍ ആയിരിക്കുകയും വേണം.
കൂടാതെ, ബി-30 നഗരങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഡിസ്ട്രിബ്യൂട്ടേഴ്‌സിനുള്ള അധിക കമ്മീഷന്‍ തുടരാമെന്നും സെബി നിര്‍ദ്ദേശിച്ചു.
വ്യവസായ തലത്തില്‍ ബി-30 നഗരങ്ങളില്‍ നിന്നുള്ള പുതിയ വ്യക്തിഗത നിക്ഷേപകരില്‍ നിന്നുള്ള (new PAN) നിക്ഷേപത്തിന് മാത്രമേ ഡിസ്ട്രിബ്യൂട്ടേഴ്‌സിനു പണം നല്‍കാവൂ.
അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ (എഎംസി) തങ്ങളുടെ ഡിസ്ട്രിബ്യൂഷന്‍ കമ്മീഷന്‍ പോളിസി രൂപകല്‍പ്പന ചെയ്യുന്നത് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (financial inclusion) പ്രോത്സാഹിപ്പിക്കുന്നതിനും ബി-30 നഗരങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് തക്ക പ്രതിഫലം നല്‍കുന്ന വിധത്തിലുമായിരിക്കണമെന്നു സെബി നിര്‍ദേശിച്ചു.
ടി-30 (ടോപ്പ് 30) നഗരങ്ങളില്‍നിന്നുള്ള നിക്ഷേപങ്ങള്‍ക്കുള്ള കമ്മീഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍, ബി-30 നഗരങ്ങളില്‍നിന്നുള്ള നിക്ഷേപത്തിന് ഉയര്‍ന്ന ശതമാനം കമ്മീഷന്‍ നല്‍കുന്ന കാര്യം എഎംസികള്‍ക്ക് പരിഗണിക്കാവുന്നതാണ്.
കൂടാതെ, എക്‌സിറ്റ് ലോഡിന് പ്രൊവിഷനുള്ള സ്‌കീമുകള്‍ക്ക് 5 ബേസിസ് പോയിന്റിന്റെ അധിക ചെലവ് ഈടാക്കുന്ന വ്യവസ്ഥ നിര്‍ത്തലാക്കണമെന്ന് സെബി നിര്‍ദേശിച്ചു.
10 വര്‍ഷത്തിലേറെയായി എഎംസികള്‍ക്ക് അധിക ചെലവുകള്‍ ഈടാക്കാന്‍ അനുമതിയുണ്ട്.
മാനേജ്‌മെന്റ് ഫീ, ബ്രോക്കറേജ് ആന്‍ഡ് ട്രാന്‍സാക്ഷന്‍ കോസ്റ്റ്, ബി-30 ഇന്‍സെന്റീവ് എന്നിവയുടെ ജിഎസ്ടി അടക്കമുള്ള എല്ലാ ചെലവുകള്‍ ഉള്‍പ്പെടുത്താനും ടിഇആര്‍ പരിധി എഎംസി തലത്തില്‍ നിലനിര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
20 ശതമാനം എഎംസികളും നിലവില്‍ ഇന്‍ഡസ്ട്രി എയുഎമ്മിന്റെ (അസറ്റസ് അണ്ടര്‍ മാനേജ്‌മെന്റ്) 75 ശതമാനവും കൈകാര്യം ചെയ്യുന്നുണ്ടെന്നും ചെറുകിട എഎംസികളില്‍ പലതും നഷ്ടമുണ്ടാക്കുന്ന സ്ഥാപനങ്ങളായി തുടരുന്നതിനാലും, പുതുക്കിയ ടിഇആര്‍ സ്ലാബുകള്‍ സെബി നിര്‍ദേശിച്ചു. ഇതിലൂടെ ചെറുകിടക്കാര്‍ക്ക് ഒരു ദോഷവും വരാതെ എല്ലാ വലുപ്പത്തിലുമുള്ള എഎംസികള്‍ തമ്മിലുള്ള മത്സരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഉറപ്പുവരുത്തുകയുമാണ് സെബി.
റെഗുലര്‍ പ്ലാന്‍, ഡയറക്ട് പ്ലാന്‍ എന്നിവയുടെ നിക്ഷേപകരില്‍ നിന്ന് ഓരോ ചെലവും ഈടാക്കുന്നതില്‍ ഏകരൂപം ഉണ്ടായിരിക്കണമെന്നു റെഗുലേറ്ററായ സെബി നിര്‍ദേശിച്ചു.
റെഗുലര്‍ പ്ലാനിന്റെയും ഡയറക്ട് പ്ലാനിന്റെയും ടിഇആര്‍ തമ്മിലുള്ള വ്യത്യാസം ഡിസ്ട്രിബ്യൂഷന്‍ കമ്മീഷനിലേക്കുള്ള ചെലവുകള്‍ മാത്രമായിരിക്കണമെന്നും സെബി നിര്‍ദ്ദേശിച്ചു.
നിര്‍ദ്ദേശങ്ങളില്‍ സെബി ജൂണ്‍ 1 വരെ അഭിപ്രായം തേടിയിട്ടുണ്ട്.
ടിഇആറില്‍ വര്‍ധന ഉണ്ടാകുമ്പോഴും ഒരു ഓപ്പണ്‍ എന്‍ഡഡ് സ്‌കീമിന്റെ എക്‌സിറ്റ് ലോഡ് പരമാവധി അനവദനീയമായ രണ്ട് ശതമാനത്തിലേക്ക് കുറയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുമ്പോള്‍
യൂണിറ്റ് ഹോള്‍ഡര്‍മാര്‍ക്ക് നിലവിലുള്ള നെറ്റ് അസറ്റ് മൂല്യത്തില്‍ (NAV) എക്‌സിറ്റ് ലോഡില്ലാതെ പുറത്തുകടക്കാന്‍ ഒരു ഓപ്ഷന്‍ നല്‍കണമെന്ന് സെബി നിര്‍ദേശിച്ചു.
കൂടാതെ, നിക്ഷേപകന്‍ നേരിട്ട് മുന്‍കൂര്‍ കമ്മീഷന്‍ അടയ്ക്കുന്നതും നിക്ഷേപകരുടെ നിക്ഷേപത്തില്‍ നിന്ന് ട്രാന്‍സാക്ഷന്‍ കോസ്റ്റ് കിഴിവ് ചെയ്യുന്നതും അനുവദിക്കാന്‍ പാടില്ലെന്ന് സെബി നിര്‍ദേശിച്ചു.
മ്യൂച്ചല്‍ ഫണ്ട് മേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കൈവരിക്കാന്‍ വനിതാ നിക്ഷേപകരില്‍ നിന്നുള്ള പുതിയ നിക്ഷേപങ്ങള്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് അധിക പ്രോത്സാഹനം ഏര്‍പ്പെടുത്താമെന്നും സെബി നിര്‍ദ്ദേശിച്ചു
മ്യൂച്ചല്‍ ഫണ്ട് വ്യവസായത്തില്‍ 40 ലക്ഷം കോടിയിലധികം രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന 42 കമ്പനികളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്.