ഇവര്‍ ഫ്‌ളെക്‌സി കാപ് ഫണ്ടുകളിലെ വമ്പന്‍മാര്‍

  • രണ്ടിനും അതിന്റേതായ പ്രത്യേകതകളും സവിശേഷതകളുമുണ്ട്.
  • ഓരോ ഫണ്ടിന്റേയും നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വൈവിധ്യമാര്‍ന്നതാണ്.
  • ഫണ്ടിന്റെ പ്രകടനത്തോടൊപ്പം ഫണ്ട് മാനേജരുടെ ട്രാക്ക് റെക്കോഡും പരിഗണിക്കണം.

Update: 2024-02-22 07:08 GMT

മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച നിക്ഷേപ ഓപ്ഷനായി ആളുകള്‍ തെരഞ്ഞെടുക്കുന്നുണ്ട്. ഫണ്ട് മാനേജരുടെ കഴിവില്‍ വിശ്വസിക്കുന്ന ഏതൊരു നിക്ഷേപകനും ഫ്‌ളെക്‌സി കാപ് ഫണ്ടുകളോട് അല്‍പ്പം ഇഷ്ടം കൂടുതലുണ്ടെങ്കിലെയുള്ളു. ഫളെക്‌സി കാപ് ഫണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന രണ്ട് ഫണ്ടുകളാണ് പരാഗ് പരിഖ് ഫ്‌ളെക്‌സി കാപ് ഫണ്ടും ക്വാന്റ് ഫ്‌ളെക്‌സി കാപ് ഫണ്ടും. ഇതില്‍ ഏതാണ് കൂടുതല്‍ മികച്ചതെന്ന് കണ്ടെത്തുക അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. കാരണം രണ്ടിനും അതിന്റേതായ പ്രത്യേകതകളും സവിശേഷതകളുമുണ്ട്. അതൊന്നു നോക്കാം.

പരാഗ് പരിഖ് ഫ്‌ളെക്‌സി കാപ്

പത്ത് വര്‍ഷവും എട്ട് മാസവും പ്രായമുള്ള ഫണ്ടിന് ജനുവരി 31 വരെ 55,034 കോടി രൂപയുടെ കൈകാര്യം ചെയ്യുന്ന ആസ്തിയുണ്ട്. ഈ ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ നെറ്റ് അസെറ്റ് വാല്യു (എന്‍എവി) ഫെബ്രുവരി 21 ന് 68.93 രൂപയാണ്. ഫണ്ട് ബെഞ്ച്മാര്‍ക്ക് സൂചികകളായ എസ് ആന്‍ഡ് പി 500 ബിഎസ്ഇ ടിആര്‍ഐ, ഇക്വിറ്റി എന്നിവയ്‌ക്കെതിരെ സ്ഥിരതയാര്‍ന്ന മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുള്ള ഫണ്ട് തുടക്കം മുതല്‍ 20.62 ശതമാനം റിട്ടേണും നല്‍കിയിട്ടുണ്ട്.

ഓഹരികളില്‍ 86.86 ശതമാനത്തോളം നിക്ഷേപം നടത്തുന്ന ഫണ്ട് 12.96 ശതമാനത്തോളം ഡെറ്റിലും 0.18 ശതമാനത്തോളം പണത്തിലും പണ ഉപകരണങ്ങളിലും നിക്ഷേപിക്കുന്നുണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്ക് (8.05%), ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് (6.99%), പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (5.65%), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (5.36%), കോള്‍ ഇന്ത്യ (5.12%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഫണ്ടിന്റെ പ്രധാന നിക്ഷേപം. ഫണ്ടിന്റെ എക്‌സ്പന്‍സ് റേഷ്യോ 0.58 ആണ്.

ക്വാന്റ് ഫ്‌ളെക്‌സി കാപ് ഫണ്ട്

ക്വാന്റ് ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ ജനുവരി 31 വരെയുള്ള കൈകാര്യം ചെയ്യുന്ന ആസ്തി 3,540 കോടി രൂപയാണ്. ഫെബ്രുവരി 21 ലെ വിവരമനുസരിച്ച് 93.73 രൂപയാണ് ഫണ്ടിന്റെ നെറ്റ് അസെറ്റ് വാല്യു. റിലയന്‍സ്, അദാനി പവര്‍, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബ്രിട്ടാനിയ എന്നിവയിലാണ് ഫണ്ടിന്റെ നിക്ഷേപത്തിന്റെ കൂടിയ പങ്കും. ഇക്വിറ്റിയില്‍ 95.13 ശതമാനം നിക്ഷേപം കേന്ദ്രീകരിച്ചിരിക്കുന്ന ഫണ്ട് ഡെറ്റില്‍ 4.89 ശതമാനം, പണം, പണ ഉപകരണങ്ങള്‍ എന്നിവയില്‍ -0.02 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപം. കമ്പനിയുടെ എക്‌സപന്‍സ് റേഷ്യോ 0.77 ആണ്

ഏതാണ് മികച്ചത്

ലാര്‍ജ് കാപ്, മിഡ് കാപ്, സ്‌മോള്‍ കാപ് കമ്പനികളിലെല്ലാം നിക്ഷേപം നടത്തുന്ന രണ്ട് ഫണ്ടിന്റേയും നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വൈവിധ്യമാര്‍ന്നതാണ്. രണ്ട് ഫണ്ടുകളും ഓഹരികളില്‍ 65 ശതമാനത്തോളം നിക്ഷേപം നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

പരാഗ് പരിഖ് ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ എക്‌സപന്‍സ് റേഷ്യോ കുറവാണ് അത് കോസ്റ്റിനെ (ചെലവ്) ക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്ന നിക്ഷേപകരെ സംബന്ധിച്ച് ആകര്‍ഷകമായ ഘടകമാണ്. എന്നാല്‍, അസ്ഥിരതയെ അളക്കുന്ന ബീറ്റ കുറഞ്ഞിരിക്കുന്നത് പരാഗ് പരീഖ് ഫ്‌ളെക്‌സി കാപ് ഫണ്ടിനാണുള്ളതും മറ്റൊരു സവിശേഷതയാണ്.

ക്വാന്റ് ഫ്‌ളെക്‌സി കാപ് ഫണ്ടിനെ മികച്ച റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുത്തേക്കാം. എന്തൊക്കെയായാലും അന്തിമ തീരുമാനം നിക്ഷേപകന്റെയാണ്. നിക്ഷേപിക്കും മുമ്പ് ഫണ്ടിന്റെ നിക്ഷേപ രീതി, പോര്‍ട്ട്‌ഫോളിയോ, ഫണ്ട് മാനേജരുടെ ട്രാക്ക് റെക്കോഡ് തുടങ്ങിയ ഘടകങ്ങളും പരിഗണിക്കണം.

Tags:    

Similar News