ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 26 ശതമാനം ഇടിഞ്ഞു
- ചെറുകിട, ഇടത്തരം പദ്ധതികളിലുള്ള നിക്ഷേപങ്ങളിലെ കുറവാണ് ഇടിവിന് കാരണം
- ഫെബ്രുവരിയില്‍ ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത് 29,303 കോടി
- ജനുവരിയില്‍ എത്തിയത് 39,688 കോടിയാണ്
;
ഫെബ്രുവരിയില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 26 ശതമാനം ഇടിഞ്ഞ് 29,303 കോടി രൂപയായി. വിപണിയിലെ അസ്ഥിരത തുടരുന്നതിനിടയില്‍ ചെറുകിട, ഇടത്തരം പദ്ധതികളിലെ നിക്ഷേപങ്ങളില്‍ ഗണ്യമായ കുറവുണ്ടായതാണ് ഇതിന് പ്രധാന കാരണം. ഈ വിഭാഗത്തിലെ നിക്ഷേപത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇടിവ് രേഖപ്പെടുത്തിയത്.
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഫെബ്രുവരിയില്‍ ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് 29,303 കോടി രൂപയുടെ നിക്ഷേപം എത്തി. ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത 39,688 കോടി രൂപയില്‍ നിന്നും ഡിസംബറിലെ 41,156 കോടി രൂപയില്‍ നിന്നും വളരെ കുറവാണ് ഇത്.
മിഡ്-ക്യാപ് ഫണ്ടുകളിലെയും സ്മോള്‍-ക്യാപ് ഫണ്ടുകളിലെയും നിക്ഷേപം കുറഞ്ഞതാണ് കുത്തനെ ഇടിവിന് പ്രധാന കാരണം.
ജനുവരിയില്‍ യഥാക്രമം 5,147 കോടി രൂപയും 5,720 കോടി രൂപയും ആയിരുന്ന നിക്ഷേപം ഫെബ്രുവരിയില്‍ 3,406 കോടി രൂപയും 3,722 കോടി രൂപയുമായി കുറഞ്ഞു. ലാര്‍ജ്-ക്യാപ് ഫണ്ടുകളിലെ നിക്ഷേപം ജനുവരിയില്‍ 3,063 കോടി രൂപയായിരുന്നത് ഫെബ്രുവരിയില്‍ 2,866 കോടി രൂപയായി കുറഞ്ഞു.
ഓഹരികള്‍ക്ക് പുറമെ, ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഇടിഎഫ്) 1,980 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. ജനുവരിയില്‍ ഇത് 3,751 കോടി രൂപയായിരുന്നു.
ജനുവരിയില്‍ 1.87 ലക്ഷം കോടി രൂപയുടെ അമ്പരപ്പിക്കുന്ന നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍, അവലോകന മാസത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ 40,000 കോടി രൂപയിലധികം മാത്രമാണ് ആകര്‍ഷിച്ചത്.
ഫെബ്രുവരി അവസാനത്തോടെ മ്യൂച്വല്‍ ഫണ്ടുകളുടെ മാനേജ്മെന്റിന് കീഴിലുള്ള മൊത്തം ആസ്തി 64.53 ലക്ഷം കോടി രൂപയായി കുറഞ്ഞു. ജനുവരിയില്‍ ഇത് 67.25 ലക്ഷം കോടി രൂപയായിരുന്നു.