ഐന്‍സ്റ്റീന്‍ എട്ടാം ലോകാത്ഭുതമെന്ന് വിശേഷിപ്പിച്ച കൂട്ടു പലിശയും എസ്‌ഐപി നിക്ഷേപവും
- എസ്‌ഐപി നിക്ഷേപത്തിന്റെ നിര്‍ണായക വശമാണ് നിക്ഷേപത്തില്‍ സ്ഥിരത സൂക്ഷിക്കുക എന്നത്
- ഓരോ മാസവും മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിയിലേക്ക് എസ്‌ഐപിയിലൂടെ എത്തുന്നത് 19,000 കോടി രൂപയോളമാണ്
- സ്ഥിരമായി നിക്ഷേപം നടത്തിയാല്‍ സമ്പത്തിന്റെ ഗണ്യമായ വര്‍ധനവ് പ്രകടമാകും
സ്ഥിര വരുമാനം നല്‍കുന്ന നിക്ഷേപ ഓപ്ഷനുകളില്‍ പണം നിക്ഷേപിക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല. അവ വരുമാനം ഉറപ്പാക്കുകയും നിക്ഷേപ തുകയ്ക്ക് സംരക്ഷണം നല്‍കുകയും ചെയ്യും. എന്നാല്‍. ദീര്‍ഘകാലത്തെ പ്രകടനം പരിഗണിക്കുമ്പോള്‍ അത് പണപ്പെരുപ്പത്തെ മറികടക്കുന്നില്ല എന്നതാണ് പ്രശ്‌നം. അവിടെയാണ് എസ്‌ഐപി വഴിയുള്ള നിക്ഷേപം മികച്ച ഓപ്ഷനാകുന്നത്. നിക്ഷേപ തുകയുടെ വലിപ്പം പരിഗണിക്കാതെ എസ്‌ഐപി സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്നു. നിക്ഷേപകര്‍ക്ക് അവര്‍ക്കിഷ്ടമുള്ള നിക്ഷേപ കാലയളവും നിക്ഷേപ തുകയും തെരഞ്ഞെടുക്കാനും സാധിക്കും. ഓരോ മാസവും മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിയിലേക്ക് എസ്‌ഐപിയിലൂടെ എത്തുന്നത് 19,000 കോടി രൂപയോളമാണ്.
റിട്ടേണില്‍ നിന്നും റിട്ടേണ്‍
എല്ലാവരും ഓരോ നിക്ഷേപ ഓപ്ഷനുകള്‍ കണ്ടെത്തുന്നത് വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. നിക്ഷേപിച്ച തുകയില്‍ നിന്നും റിട്ടേണ്‍ ലഭിക്കും. ആ റിട്ടേണില്‍ നിന്നും പിന്നെയും വരുമാനമുണ്ടാക്കുന്നു. ഇവിടെയാണ് കൂട്ടു പലിശയുടെ അത്ഭുതം പ്രകടമാകുന്നത്. എസ്‌ഐപിയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഈ അത്ഭുതം കാണാനാകും.
ഇതൊരു എസ്‌ഐപി പ്ലാനിന് പകരം ഒരു പരമ്പരാഗത നിക്ഷേപ ഓപ്ഷനില്‍ നിങ്ങള്‍ 12,000 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക, നിങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് 10 ശതമാനം പലിശ ലഭിക്കും. മൂന്ന് വര്‍ഷത്തെ കാലയളവ് അവസാനിക്കുമ്പോള്‍ നിങ്ങള്‍ക്ക് 3,600 രൂപ പലിശയായി ലഭിക്കും. ഇനി എസ്‌ഐപിയായാണ് നിക്ഷേപിക്കുന്നതെങ്കിലോ. പ്രതിമാസം 1000 രൂപ നിക്ഷേപിക്കുന്നു. റിട്ടേണ്‍ 10 ശതമാനം തന്നെയാണെന്നിരിക്കട്ടെ. മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപിക്കുന്നത് 36,000 രൂപയാണ്. പ്രതീക്ഷിക്കുന്ന റിട്ടേണ്‍ 6,130 രൂപയാണ്. കൂട്ട് പലിശയുടെ (കോംപൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റ് 5.1 ശതമാനം വെച്ച് കണക്കാക്കുമ്പോള്‍) പ്രവര്‍ത്തനം കൂടിയാകുമ്പോള്‍ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപകന് ലഭിക്കുന്നത് 42,130 രൂപയാണ്. പണപ്പെരുപ്പം ആറ് ശതമാനം അടിസ്ഥാനമാക്കുമ്പോള്‍ കിട്ടുന്ന തുക 38,309 രൂപയാണ്.
നേരത്തെ തുടങ്ങുക: കൂട്ടു പലിശയുടെ യഥാര്‍ത്ഥ പ്രവര്‍ത്തനം സമയത്തിലാണ്. നേരത്തെ നിക്ഷേപം ആരംഭിച്ചാല്‍ ആ നേട്ടം കൂടുതല്‍ ലഭിക്കുമെന്ന് അര്‍ഥം. കാലക്രമേണ, കുറഞ്ഞ നിക്ഷേപ മാണെങ്കില്‍ പോലും സ്ഥിരമായി നിക്ഷേപം നടത്തിയാല്‍ സമ്പത്തിന്റെ ഗണ്യമായ വര്‍ധനവ് പ്രകടമാകും. ഉദാഹരണത്തിന്, രണ്ട് പേര്‍ യഥാക്രമം 25, 35 വയസുകളില്‍ ഒരു എസ്‌ഐപിയില്‍ നിക്ഷേപം ആരംഭിക്കുന്നു എന്നിരിക്കട്ടെ. ഒരേ തുക തന്നെയാണ് നിക്ഷേപിക്കുന്നത്. പക്ഷേ, 25ാം വയസില്‍ നിക്ഷേപിച്ചവനാകും നേട്ടം കൂടുതല്‍. 35 വയസുള്ള വ്യക്തി 10 വര്‍ഷത്തേക്ക് അധികമായി നിക്ഷേപിച്ചാലും 25 വയസില്‍ നിക്ഷേപമാരംഭിച്ചവന്റെ നേട്ടം ലഭിക്കില്ല. കാരണം കൂട്ടു പലിശയ്ക്ക് പ്രവര്‍ത്തിക്കാനുള്ള സമയം അധികമായി ലഭിക്കുന്നത് 25 വയസില്‍ നിക്ഷേപമാരംഭിച്ചവയാള്‍ക്കാണ്.
ഉദാഹരണം നോക്കാം: 25 വയസുള്ള ആളും 35 വയസുള്ള ആളും 65ാം വയസില്‍ റിട്ടയര്‍ ചെയ്യുന്നുവെന്ന് കരുതുക. മാസം എസ്‌ഐപിയായി 1000 രൂപ നിക്ഷേപിക്കുന്നു. പ്രതീക്ഷിക്കുന്ന റിട്ടേണ്‍ 10 ശതമാനമാണ്. 25 വയസുള്ളയാള്‍ക്ക് 40 വര്‍ഷം കൊണ്ട് ലഭിക്കുന്നത് 6,324,079 രൂപയാണ്. 35 വയസുള്ളയാള്‍ക്ക് ലഭിക്കുന്നതാകട്ടെ 2,260,489 കോടി രൂപയും.
സ്ഥിരത: എസ്‌ഐപി നിക്ഷേപത്തിന്റെ നിര്‍ണായക വശമാണ് നിക്ഷേപത്തില്‍ സ്ഥിരത സൂക്ഷിക്കുക എന്നത്. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുക്കാതെ, പതിവായി ഒരു നിര്‍ദ്ദിഷ്ട തുക നിക്ഷേപിച്ചാല്‍ മികച്ച സമ്പത്ത് സൃഷ്ടിക്കാന്‍ കഴിയും. എസ്‌ഐപികള്‍ സാധാരണയായി ഒരു മുന്‍കൂട്ടി നിശ്ചയിച്ച തുക നിക്ഷേപകന് അനുവദിക്കും. ആ തുകയാണ് സ്ഥിരമായി നിക്ഷേപിക്കേണ്ടത്. കൂടാതെ നിക്ഷേപകന് അറ്റ ആസ്തി മൂല്യത്തെ (എന്‍എവി) അടിസ്ഥാനമാക്കിയാണ് നിക്ഷേപ യൂണിറ്റുകള്‍ ലഭിക്കുന്നത്. നിക്ഷേപ കാലയളവിന് മുമ്പ് ആസ്തികള്‍ പിന്‍വലിച്ചാല്‍ നിക്ഷേപകന് അതുവരെ ലഭിച്ച കോമ്പൗണ്ടിംഗ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടേക്കാം.
പതിവായി നിക്ഷേപം: നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് ഗണ്യമായ സമ്പത്ത് നേടുന്നതിന്, സമയബന്ധിതമായ എസ്‌ഐപി പേയ്‌മെന്റുകള്‍ അത്യാവശ്യമാണ്. പതിവ് നിക്ഷേപം പരിശീലിക്കുന്നതും നിക്ഷേപ തുക വര്‍ദ്ധിപ്പിക്കുന്നതും ക്രമേണ വ്യക്തികളെ അവരുടെ നിക്ഷേപ ലക്ഷ്യങ്ങളില്‍ താരതമ്യേന വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല