റെക്കോഡിട്ട് എംആര്‍എഫ്; ഒരു ഓഹരിക്ക് വില ഒരു ലക്ഷം രൂപ

  • രണ്ടാം സ്ഥാനത്തുള്ള ഹണിവെല്‍ ഓട്ടോമേഷന്റെ ഓഹരി വില 41,152 രൂപയാണ്
  • ഓഹരി വില 1.37 ശതമാനം ഉയര്‍ന്ന് 1,00,300 രൂപയിലെത്തി
  • ആദ്യമായിട്ടാണ് ഒരു കമ്പനിയുടെ ഓഹരി വില ഒരെണ്ണത്തിന് ഒരു ലക്ഷം രൂപ പിന്നിടുന്നത്
;

Update: 2023-06-13 06:22 GMT
MRF Share Price
  • whatsapp icon

പ്രമുഖ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫ് ചൊവ്വാഴ്ച (ജൂണ്‍ 13) ദലാല്‍ സ്ട്രീറ്റില്‍ ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടു. ഒരു ലക്ഷം രൂപ മൂല്യമുള്ള ആദ്യ ഓഹരി എന്ന അപൂര്‍വ്വതയ്ക്കാണ് എംആര്‍എഫ് അര്‍ഹമായത്.

ഓഹരി വില ചൊവ്വാഴ്ച (ജൂണ്‍ 13) വ്യാപാരത്തിനിടെ 1.37 ശതമാനം ഉയര്‍ന്ന് 1,00,300 രൂപയിലെത്തി റെക്കോഡിട്ടു. ആദ്യമായിട്ടാണ് ഒരു കമ്പനിയുടെ ഓഹരി വില ഒരെണ്ണത്തിന് ഒരു ലക്ഷം രൂപ പിന്നിടുന്നത്.

ഓഹരി വിലയുടെ കാര്യത്തില്‍ എംആര്‍എഫിനു താഴെ രണ്ടാം സ്ഥാനത്തുള്ളത് ഹണിവെല്‍ ഓട്ടോമേഷനാണ്. 41,152 രൂപയാണ് ഹണിവെല്‍ ഓട്ടോമേഷന്റെ ഓഹരി വില. പേജ് ഇന്‍ഡസ്ട്രീസ്, 3 എം ഇന്ത്യ, അബോട്ട് ഇന്ത്യ, നെസ്‌ലെ, ബോഷ് എന്നിവയും ഓഹരി വിലയില്‍ ഉയര്‍ന്നു നില്‍ക്കുന്നവയാണ്.

ഓഹരി വില ഉയര്‍ന്നെങ്കിലും അത് ഒരിക്കലും എംആര്‍എഫിനെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഓഹരിയാക്കി മാറ്റില്ല. കാരണം നിക്ഷേപകര്‍ സെക്യൂരിറ്റികള്‍ക്ക് പിഇ റേഷ്യോ(price to earnings), പ്രൈസ് ടു ബുക്ക് വാല്യു (price to book value) പോലുള്ളവയ്ക്കാണു മൂല്യം കല്‍പിക്കുന്നത്.

പ്രൈസ് ടു ഏണിംഗ്‌സ് റേഷ്യോ എന്നാല്‍ കമ്പനിയുടെ ഓഹരിവിലയും ഏണിംഗ്‌സ് പെര്‍ ഷെയറും തമ്മിലുള്ള അനുപാതമാണ്.

ഉയര്‍ന്ന പ്രൈസ് ടു ഏണിംഗ്‌സ് റേഷ്യോ വ്യക്തമാക്കുന്നത്, കമ്പനിയുടെ ഓഹരിവില കൂടി നില്‍ക്കുന്നു എന്നാണ്. കുറഞ്ഞ പ്രൈസ് ടു ഏണിംഗ്‌സ് റേഷ്യോ വ്യക്തമാക്കുന്നത് കമ്പനിയുടെ ഓഹരിവില കുറഞ്ഞുനില്‍ക്കുന്നു എന്നുമാണ്.

ചുരുക്കി പറഞ്ഞാല്‍, യഥാര്‍ഥത്തില്‍ ഉണ്ടാവേണ്ട വിലയേക്കാള്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന അവസ്ഥയാണിത്.

ഒരു കമ്പനിയുടെ പ്രൈസ് ടു ഏണിംഗ്‌സ് റേഷ്യോ വിപണിയിലെ ശരാശരിയേക്കാള്‍ കുറവാണെങ്കില്‍ അത് അണ്ടര്‍ വാല്യൂഡ് ആണ്. ഇത് നിക്ഷേപിക്കാന്‍ അനുയോജ്യമാണ്.

എന്നാല്‍ പ്രൈസ് ടു ഏണിംഗ്‌സ് റേഷ്യോ വിപണിയിലെ ശരാശരിയേക്കാള്‍ കൂടുതലാണെങ്കില്‍ അത് ഓവര്‍ വാല്യൂഡ് ആണ്. ഇത്തരം ഓഹരികളുടെ വില ഇടിയാന്‍ സാധ്യതയും ഏറെയാണ്.

ലിസ്റ്റ് ചെയ്തതിനു ശേഷം ഇതുവരെ സ്‌റ്റോക്ക് സ്പ്ലിറ്റ് ചെയ്തിട്ടില്ല ചെന്നൈ ആസ്ഥാനമായ എംആര്‍എഫ്. അതായത് സ്റ്റോക്ക് വിഭജിച്ചിട്ടില്ല. ഓഹരി വില ഒരു ലക്ഷം പിന്നിടാനുള്ള കാരണവും അതാണ്.

സാധാരണയായി ലിക്വിഡിറ്റി ഉറപ്പാക്കാനായി കമ്പനികള്‍ ഓഹരി സ്പ്ലിറ്റ് ചെയ്യാറുണ്ട്.

എംആര്‍എഫിന്റെ മൊത്തം ഓഹരികളുടെ എണ്ണം 42,41,143 ആണ്. ഇതില്‍ 30,60,312 ഓഹരികളും പൊതു ഉടമസ്ഥതയിലുള്ളതാണ്. പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളത് 11,80,831 ഓഹരികളാണ്. 27.84 ശതമാനം വരുമിത്.

എംആര്‍എഫില്‍, രണ്ട് ലക്ഷം രൂപയും അതിലും കുറവ് മൂല്യത്തിലും നിക്ഷേപം നടത്തിയിരിക്കുന്ന നിക്ഷേപകര്‍ വെറും 12.73 ശതമാനമാണ്. 2023 മാര്‍ച്ച് 31 വരെയുള്ള കണക്ക്പ്രകാരമാണിത്. ഉയര്‍ന്ന വിലയുള്ളതിനാല്‍ റീട്ടെയ്ല്‍ ഇന്‍വെസ്റ്റര്‍മാര്‍ നിക്ഷേപിക്കുന്നത് കുറവാണ്.

Tags:    

Similar News