അവസാന ദിനത്തിൽ 1,000 പോയിന്റ് ഉയർന്ന് സെൻസെക്സ്
സെൻസെക്സ് 1031.43 പോയിന്റ് വർധിച്ച് 58,991.52 ലും നിഫ്റ്റി 279.05 പോയിന്റ് നേട്ടത്തിൽ 17,359.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന ദിനത്തിൽ മികച്ച മുന്നേറ്റത്തിൽ അവസാനിച്ച് വിപണി. ആഗോള വിപണികളിലെ ശക്തമായ മുന്നേറ്റവും, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലുണ്ടായ നേട്ടവും സൂചികകൾ 2 ശതമാനത്തോളം ഉയരുന്നതിനു കാരണമായി. തുടർച്ചയായി രണ്ട് ദിവസങ്ങളിൽ തുടർന്ന വിദേശ നിക്ഷേപവും അനുകൂലമായി.
സെൻസെക്സ് 1031.43 പോയിന്റ് വർധിച്ച് 58,991.52 ലും നിഫ്റ്റി 279.05 പോയിന്റ് നേട്ടത്തിൽ 17,359.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 1108.38 പോയിന്റ് ഉയർന്ന് 59,068.47 ലെത്തിയിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, നെസ്‌ലെ, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച് സിഎൽ ടെക്നോളജിസ്, ടെക്ക് മഹീന്ദ്ര, ആക്സിസ് ബാങ്ക് എന്നിവ ലാഭത്തിൽ അവസാനിച്ചു.
സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ടൈറ്റൻ എന്നിവ നഷ്ടത്തിലായി. ഏഷ്യൻ വിപണിയിൽ സിയോൾ ജപ്പാൻ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിൽ അവസാനിച്ചു.
യൂറോപ്യൻ വിപണിയിൽ ഉച്ച കഴിഞ്ഞുള്ള സെഷനിൽ നേട്ടത്തോടെയാണ് വ്യാപാരം ചെയ്തിരുന്നത്. യു എസ് വിപണിയും വെള്ളിയാഴ്ച്ച ഉയർന്നിരുന്നു.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.11 ശതമാനം കുറഞ്ഞ് ബാരലിന് 79.18 ഡോളറായി. വിദേശ നിക്ഷേപകർ ബുധനാഴ്ച 1245.39 കോടി രൂപയുടെ ഓഹരികൾ വാങ്ങി.