18000 കോടി സമാഹരിച്ച് വോഡഫോൺ ഐഡിയ എഫ്പിഒ; ഇതുവരെ ലഭിച്ചത് 1.08 ഇരട്ടി അപേക്ഷകൾ
- എഫ്പിഒക്ക് ഇതുവരെ ലഭിച്ചത് 1.08 മടങ്ങ് അപേക്ഷകൾ
- ആങ്കർ നിക്ഷേപകരിൽ നിന്ന് 5,400 കോടി രൂപ കമ്പനി സമാഹരിച്ചിട്ടുണ്ട്
- 45,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് ഈ എഫ്പിഒ
ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവായ വോഡഫോൺ ഐഡിയയുടെ എഫ്പിഒ ഇന്ന് അവസാനിക്കും. മൂന്നാം ദിവസമായ ഇന്നാണ് 1260 കോടി ഓഹരികൾക്കും പൂർണമായി അപേക്ഷകൾ ലഭിച്ചത്. എഫ്പിഒക്ക് ഇതുവരെ ലഭിച്ചത് 1.08 മടങ്ങ് അപേക്ഷകൾ. ഇഷ്യൂവിലൂടെ 18,000.00 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡറ്റ്, ഇക്വിറ്റി സംയോജിപ്പിച്ച് 45,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് ഈ എഫ്പിഒ.
നോൺ-ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റർസ് (എൻഐഐ) അവർക്കായി നീക്കിവച്ചിരിക്കുന്ന ഭാഗത്തിൻ്റെ 1.37 മടങ്ങ് അപേക്ഷകളാണ് സമർപ്പിച്ചത്. ക്വാലഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയർമാർ (ക്യുഐബി) അവർക്ക് അനുവദിച്ച ഓഹരികളുടെ 94 ശതമാനം അപേക്ഷകൾ സമർപ്പിച്ചു. റീട്ടെയിൽ നിക്ഷേപകർ 28 ശതമാനം അപേക്ഷകളാണ് സമർപ്പിച്ചിട്ടുള്ളത്.
ആങ്കർ നിക്ഷേപകരിൽ നിന്ന് 5,400 കോടി രൂപ കമ്പനി സമാഹരിച്ചിട്ടുണ്ട്. ഏകദേശം 74 ആങ്കർ നിക്ഷേപകരിൽ നിന്നാണ് കമ്പനി തുക സ്വരൂപിച്ചത്. പ്രധാന നിക്ഷേപകരിൽ ജിക്യുജി പാർട്‌ണേഴ്‌സ്, ദി മാസ്റ്റർ ട്രസ്റ്റ് ബാങ്ക് ഓഫ് ജപ്പാൻ, യുബിഎസ്, മോർഗൻ സ്റ്റാൻലി ഇൻവെസ്റ്റ്‌മെൻ്റ് മാനേജ്‌മെൻ്റ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ്, ഓസ്‌ട്രേലിയൻ സൂപ്പർ, ഫിഡിലിറ്റി, ക്വാണ്ട്, മോത്തിലാൽ ഓസ്വാൾ എന്നിവർ ഉൾപ്പെടുന്നു. ഓഹരിയൊന്നിന് 11 രൂപ നിരക്കിൽ 491 കോടി ഓഹരികളായിരുന്നു ആങ്കർ നിക്ഷേപകർക്കായി അനുവദിച്ചിരുന്നത്.
ഇഷ്യൂവിനെ കുറിച്ച്
ഏപ്രിൽ 18ന് ആരംഭിച്ച ഇഷ്യൂ ഏപ്രിൽ 22-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 23-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 25-ന് ലിസ്‌റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 10-11 രൂപയാണ്. കുറഞ്ഞത് 1298 ഓഹരികൾക്കായി അപേക്ഷിക്കണം . റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,278 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 15 ലോട്ടുകളാണ് (19,470 ഓഹാരികൾ) തുക 214,170 രൂപ. ബിഎൻഐഐക്ക് 71 ലോട്ടുകളാണ് (92,158 ഓഹരികൾ) തുക 1,013,738 രൂപ.
ഇഷ്യൂ തുക നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിൻ്റെ വിപുലീകരണത്തിനായി ഉപകരണങ്ങൾ വാങ്ങൽ, പുതിയ 4G സൈറ്റുകൾ സ്ഥാപിക്കൽ, നിലവിലുള്ള 4G സൈറ്റുകളുടെയും പുതിയ 4G സൈറ്റുകളുടെയും ശേഷി വികസിപ്പിക്കുക, പുതിയ 5G സൈറ്റുകൾ സ്ഥാപിക്കുക, സ്‌പെക്‌ട്രത്തിനായുള്ള ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന് നൽകാനുള്ള തുക, ബാക്കി നിൽക്കുന്ന ജിഎസ്ടി തുക, മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
ആക്സിസ് ക്യാപിറ്റൽ, ജെഫറീസ് ഇന്ത്യ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവരാണ് എഫ്പിഒയുടെ ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.
കുമാർ മംഗളം ബിർള, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഗ്രാസിം ഇൻഡസ്ട്രീസ്, ബിർള ടിഎംടി ഹോൾഡിംഗ്സ്, വോഡഫോൺ ഇൻ്റർനാഷണൽ ഹോൾഡിംഗ്സ് ബിവി, അൽ-അമിൻ ഇൻവെസ്റ്റ്‌മെൻ്റ്, ഏഷ്യൻ ടെലികമ്മ്യൂണിക്കേഷൻ ഇൻവെസ്റ്റ്‌മെൻ്റ് (മൗറീഷ്യസ്), സിസിഐ (മൗറീഷ്യസ്), യൂറോ പസഫിക് സെക്യൂരിറ്റീസ്, വോഡഫോൺ ടെലികമ്മ്യൂണിക്കേഷൻസ് (ഇന്ത്യ), മൊബിൽവെസ്റ്റ്, പ്രൈം മെറ്റൽസ്, ട്രാൻസ് ക്രിസ്റ്റൽ, ഒമേഗ ടെലികോം ഹോൾഡിംഗ്സ്, ഉഷാ മാർട്ടിൻ ടെലിമാറ്റിക്സ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
കമ്പനിയെ കുറിച്ച്
1995 മാർച്ചിൽ സ്ഥാപിതമായ വോഡഫോൺ ഐഡിയ ലിമിറ്റഡ് ഇന്ത്യയിലെ ഒരു ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവാണ്. സംരംഭങ്ങൾക്കും ഉപഭോക്താക്കൾക്കുമായുള്ള ഡിജിറ്റൽ സേവനങ്ങൾ കമ്പനി നൽകുന്നു. 2G, 3G, 4G സാങ്കേതികവിദ്യകൾ മുഖേന വോയ്‌സ്, ഡാറ്റ, മൂല്യവർദ്ധിത സേവനങ്ങൾ എന്നിവ കമ്പനി നൽകി വരുന്നു.
2023 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് കമ്പനിക്ക് 223 ദശലക്ഷത്തിലധികം വരിക്കാരും 19.3 ശതമാനം വിപണി പങ്കാളിത്തവുമുണ്ട്. നിലവിൽ വോഡഫോൺ 17 രാജ്യങ്ങളിലെ 300 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് മൊബൈൽ, സ്ഥിര സേവനങ്ങൾ നൽകുന്നുണ്ട്. കൂടാതെ 45 മറ്റ് രാജ്യങ്ങളിലെ നെറ്റ്‌വർക്കുകളുമായി ഐഒടി (ഇൻ്റർനെറ്റ് ഓഫ് തിംഗ്സ്) സഹകരണവും നൽകുന്നു. കമ്പനിക്ക് ഇന്ത്യയിൽ ഏകദേശം 183,400 ടവർ ലൊക്കേഷനുകാളുണ്ട്. 438,900 യൂണിറ്റുകൾക്ക് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുന്നു. കമ്പനിക്ക് ഇന്ത്യയിൽ 2,300 നഗരങ്ങളിൽ സ്റ്റോറുകൾ ഉണ്ട്. സ്വന്തം, ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലുള്ളവയാണിവ.