പ്രസ്‌റ്റോണിക് എഞ്ചിനീയറിംഗ് ഇഷ്യൂ ഡിസംബർ 13 വരെ
- 23.30 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
- ഓഹരിയൊന്നിന് 72 രൂപയാണ് ഇഷ്യൂ വില
- ഒരു ലോട്ടിൽ 1600 ഓഹരികൾ
മെട്രോ റെയിൽ ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾക്കായി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പ്രസ്‌റ്റോണിക് എഞ്ചിനീയറിംഗ് ഇഷ്യൂ ഡിസംബർ 11-ന് ആരംഭിച്ചു. ഇഷ്യൂ വഴി 32.37 ലക്ഷം ഓഹരികൾ നൽകി 23.30 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡിസംബർ 13-ന് ഇഷ്യൂ അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് 14-ന് പൂർത്തിയാവും. ഡിസംബർ 18-ന് ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 72 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1600 ഓഹരികൾക്കായി അപേക്ഷിക്കണം. ഹെർഗ പൂർണചന്ദ്ര കെദിലയയും യെർമൽ ഗിരിധർ റാവുവുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
ഇഷ്യൂ തുക പ്ലാന്റുകളും മെഷിനറികളും വാങ്ങാനുള്ള ചെലവ്, കടം തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യം, ഇഷ്യൂ ചെലവുകൾ, പൊതു കോർപ്പറേറ്റ് ഉദ്ദേശം എന്നിവക്കായി ഉപയോഗിക്കും.
1996-ൽ സ്ഥാപിതമായ പ്രസ്‌റ്റോണിക് എഞ്ചിനീയറിംഗ് ലിമിറ്റഡ് മെട്രോ റെയിൽ റോളിംഗ് സ്റ്റോക്ക്, മെട്രോ റെയിൽ സിഗ്നലിംഗ്, ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.
റോളിംഗ് സ്റ്റോക്ക് ഇന്റീരിയർ ഉൽപ്പന്നങ്ങളായ സലൂൺ ബക്കറ്റ്/പ്ലെയിൻ ടൈപ്പ് സീറ്റുകൾ, ഇഷ്‌ടാനുസൃത നിറമുള്ള എഞ്ചിനീയറിംഗ് ഹാൻഡിലുകൾ, ഗ്രാബ് പോൾ സിസ്റ്റങ്ങൾ, ഹാൻഡ് റെയിൽ സംവിധാനങ്ങൾ, എമർജൻസി ഇവാക്വേഷൻ റാമ്പുകൾ, ഹണികോമ്പ് പാർട്ടീഷൻ പാനലുകൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ കമ്പനി നിർമിക്കുന്നുണ്ട്.
ഐപി റേറ്റഡ് എൻക്ലോഷറുകൾ, ബീക്കൺ മൗണ്ടിംഗ് ബ്രാക്കറ്റുകൾ, ബാലസ്റ്റ്ലെസ് സപ്പോർട്ട് ബ്രാക്കറ്റുകൾ, ഡിസിഎസ് മാസ്റ്റുകൾ, ഡിസിഎസ് മാസ്റ്റ് പ്ലാറ്റ്ഫോമുകളുള്ള ഗോവണി അസംബ്ലികൾ, സ്റ്റീൽ ഘടനകൾ, അലുമിനിയം മ്യൂറലുകൾ, സോളാർ പാനലുകൾക്കുള്ള സപ്പോർട്ട് സ്ട്രക്ചറുകൾ, വയർ ഫോമുകൾ എന്നിവയുടെ നിർമാണവും കമ്പനിയുടെ കീഴിലുണ്ട്.
ബാംഗ്ലൂരിലാണ് കമ്പനിയുടെ നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 28,317.50 ചതുരശ്ര അടി വിസ്‌തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണിത്
ഫിൻഷോർ മാനേജ്‌മെന്റ് സർവീസസ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജർ, കാമിയോ കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡാണ് രജിസ്ട്രാർ.