ഐപിഒ വഴി 1800 കോടി സമാഹരിക്കാൻ ജൂണിപ്പർ ഹോട്ടൽസ്
- ഇഷ്യൂ ഫെബ്രുവരി 23-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 342-360 രൂപ
- ഒരു ലോട്ടിൽ 40 ഓഹരികൾ
ആഢംബര ഹോട്ടൽ ശൃംഖല ജൂണിപ്പർ ഹോട്ടൽസ് ഇഷ്യൂ ഫെബ്രുവരി 21-ന് ആരംഭിക്കും. അഞ്ചു കോടി ഓഹരികളുടെ വില്പനയിലൂടെ 1800 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
ഇഷ്യൂ ഫെബ്രുവരി 23-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 26-ന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 28-ന് ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 342-360 രൂപയാണ്. കുറഞ്ഞത് 40 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,400 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 14 ാണ് (560 ഓഹരികൾ) തുക 201,600 രൂപ. ബിഎൻഐഐക്ക് ഇത് 70 ലോട്ടുകളാണ് (2,800 ഓഹരികൾ) തുക 1,008,000 രൂപ.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക കടം തിരിച്ചടവ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
1985ൽ സ്ഥാപിതമായ ജൂണിപ്പർ ഹോട്ടൽസ് ആഢംബര ഹോട്ടൽ ശൃംഖലയാണ്. നിലവിൽ കമ്പനിക്ക് 1,836 മുറികളുള്ള ഏഴ് ഹോട്ടലുകളും സർവീസ്ഡ് അപ്പാർട്ട്‌മെൻ്റുകളും ഉണ്ട്.
മുംബൈ, ഡൽഹി, അഹമ്മദാബാദ്, ലഖ്‌നൗ, റായ്പൂർ, ഹംപി എന്നിവിടങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. കമ്പനിക്ക് കീഴിലുള്ള ഗ്രാൻഡ് ഹയാത്ത് മുംബൈ ഹോട്ടൽ ആൻഡ് റെസിഡൻസസ് ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലാണ്. ഹയാത്ത് റീജൻസി ലഖ്‌നൗ, ഹയാത്ത് റീജൻസി അഹമ്മദാബാദ് എന്നിവ ആ പ്രദേശങ്ങളിലെ ഉയർന്ന നിലവാരമുള്ള ഹോട്ടലുകളാണ്. റായ്പൂരിലെ ഏക ആഢംബര ഹോട്ടലാണ് ഹയാത്ത് റായ്പൂർ.
ജെ എം ഫിനാൻഷ്യൽ, സിഎൽഎസ്എ ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവയാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർമാർ, കെഫിൻ ടെക്നോളജീസ് ആണ് രജിസ്ട്രാർ.