ഹോനാസ ഇഷ്യൂ നവംബർ 2 വരെ
- ഇഷ്യൂ ഒക്ടോബർ 31-ന് ആരംഭിക്കും
- പ്രൈസ് ബാൻഡ് 308-324 രൂപ
- നൂറു കോടി ഡോളർ കമ്പനി ലക്ഷ്യം
;

ഹോനാസ കൺസ്യൂമർ ഇഷ്യൂ ഒക്ടോബർ 31-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 1,701 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം. 365 കോടി രൂപയുടെ പുതിയ ഓഹരികളും 4.12 കോടി ഓഹരികളുടെ ഓഫർ ഫോർ സൈലും ഉൾപ്പെടുന്നതാണ് ഇഷ്യൂ. നവംബർ 2-ന് ഇഷ്യൂ അവസാനിക്കും.
പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 308-324 രൂപയാണ്. കുറഞ്ഞത് 46 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,904 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (644 ഓഹരികൾ), തുക 208,656 രൂപ. ബിഎൻഐഐക്ക് 68 ലോട്ടുകളാണ് (3,128 ഓഹരികൾ), തുക 1,013,472 രൂപ.
ഓഹരികളുടെ അലോട്ട്‌മെന്റ് നവംബർ 7 പൂർത്തിയാക്കും. നവംബർ 10-ന് എൻഎസ്ഇ ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.
ഇഷ്യൂ തുക കമ്പനിയുടെ പരസ്യ ചെലവുകൾ, പുതിയ എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ്, കമ്പനിയുടെ സബ്സിഡിയറിയായ ഭബാനി ബ്ലണ്ട് ഹെയർഡ്രെസിംഗിൽ പുതിയ സലൂണുകൾ സ്ഥാപിക്കുന്നതിനായുള്ള ചെലവ്, പൊതു കോർപ്പറേറ്റ് ആവിശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.
വരുൺ അലഗ്, ഗസൽ അലഗ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ. 2016-ൽ സ്ഥാപിതമായ ഹോനാസ കൺസ്യൂമർ ലിമിറ്റഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സൗന്ദര്യ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ നൽകി വരുന്നു. നിലവിൽ ഇന്ത്യയിലെ 500 നഗരങ്ങളിൽ സേവനം നൽകുന്നു. മമഎര്ത്, ദി ഡെര്മ കോ., അക്വാലോജിക്ക, ഡോ. സെത് സ്, ആയുഗ എന്നിവയുൾപ്പെടെ നിരവധി ഉപഭോക്തൃ ബ്രാൻഡുകൾ കമ്പനിയുടെ കീഴിലുണ്ട്. കമ്പനി അടുത്തിടെ ബിബി ലാന്റ്, മോംസ്‌പ്രെസോയിലും ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്.
സെക്വോയ കാപ്പിറ്റൽ ഇന്ത്യ, സോഫിന എസ്‌എ, ഫയർസൈഡ് വെഞ്ച്വേഴ്‌സ്, സ്റ്റെലാരിസ് വെഞ്ച്വർ പാർട്‌ണേഴ്‌സ്, എച്ച്‌സിഎൽ എന്നിവയുടെ പിന്തുണയോടെ ഹോനാസ കൺസ്യൂമർ നൂറു കോടി ഡോളറിന്റെ കമ്പനിയായി മാറും.
കമ്പനിയുടെ ഉൽപ്പന്ന പട്ടികയിൽ ശിശു സംരക്ഷണം, മുഖ സംരക്ഷണം, ശരീര സംരക്ഷണം, മുടി സംരക്ഷണം, കളർ കോസ്‌മെറ്റിക്‌സ്, സുഗന്ധങ്ങൾ എന്നിവ ഉൾപ്പെടുന്നു.
കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ് ഇന്ത്യ, ജെഎം ഫിനാൻഷ്യൽ, ജെപി മോർഗൻ ഇന്ത്യ എന്നിവരാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർമാർ. ക്ഫിൻ ടെക്നോളജീസ് ലിമിറ്റഡ് ആണ് രജിസ്ട്രാർ.