നാല് ആഴ്ചക്കു ശേഷം വിദേശ നാണ്യ കരുതൽ ശേഖരം $1.46 ബില്യൺ വർധനയിൽ
ഇതിനു മുൻപ് തുടർച്ചയായ നാലു ആഴ്ചകളിലും ശേഖരത്തിൽ കുറവാണു റിപ്പോർട്ട് ചെയ്തിരുന്നത്.
മാർച്ച് 3ൽ അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 1.46 ബില്യൺ ഡോളർ വർധിച്ച് 562.4 ബില്യൺ ഡോളറിലെത്തി. ഇതിനു മുൻപ് തുടർച്ചയായ നാല് ആഴ്ചകളിലും ശേഖരത്തിൽ കുറവാണു റിപ്പോർട്ട് ചെയ്തിരുന്നത്.
പോയ വാരങ്ങളിലായി 15.8 ബില്യൺ ഡോളറാണ് ഇടിഞ്ഞത്. ഫെബ്രുവരി 24ന് അവസാനിച്ച ആഴ്ചയിൽ 325 മില്യൺ ഡോളർ കുറഞ്ഞ് 560 .942 ബില്യൺ ഡോളറിലെത്തിയിരുന്നു. ഫെബ്രുവരി10 നു അവസാനിച്ച ആഴ്ചയിൽ വിദേശ നാണ്യ ശേഖരം 8.32 ബില്യൺ ഡോളർ ഇടിഞ്ഞിരുന്നു.
രൂപയുടെ മൂല്യം സമ്മർദ്ദത്തിലായതിനാലാണ് പ്രധാനമായും കരുതൽ ശേഖരത്തിൽ കുറവ് വരാൻ കാരണമായത്.
2022 ഒക്ടോബറിൽ ഇത് എക്കാലത്തെയും ഉയർന്ന 645 ബില്യൺ ഡോളറിലെത്തിയിരുന്നു.
വിദേശ കറൻസി ആസ്തിയുടെ മൂല്യത്തിലുണ്ടായ വർധനവാണ് പോയ വാരത്തിൽ കരുതൽ ശേഖരത്തിൽ വർധനവുണ്ടാകാൻ കാരണം. ആർബിഐ പുറത്തു വിട്ട പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് പ്രകാരം വിദേശ കറൻസി ആസ്തി 1.2 ബില്യൺ ഡോളർ ഉയർന്ന് 497.1 ബില്യൺ ഡോളറിലെത്തി.
ആഭ്യന്തര വിദേശ നിക്ഷേപം വർധിച്ചതിനാൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു ശതമാനം വർധിച്ചു.
യുഎസ് ഇതര കറൻസികളായ യൂറോ, പൗണ്ട്, യെൻ എന്നിവയുടെ മൂല്യത്തിന്റെ തുകയാണ് വിദേശ കറൻസി ആസ്തികൾ.
സ്വർണ ശേഖരം 28.2 മില്യൺ ഡോളർ വർധിച്ച് 41.79 ബില്യൺ ഡോളറായി.
സ്പെഷ്യൽ ഡ്രോവിങ് റൈറ്റ് (SDR) 18 മില്യൺ ഡോളർ കുറഞ്ഞ് 18.10 ബില്യൺ ഡോളറിലെത്തി.
അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) രാജ്യത്തിൻറെ കരുതൽ സ്ഥാനം 36 മില്യൺ ഡോളർ കുറഞ്ഞ് 5.062 ബില്യൺ ഡോളറിലെത്തി.