നാലാം ദിനവും ചുവപ്പിൽ; സെൻസെക്സ് 900 പോയിന്റ് ഇടിഞ്ഞ് 60000-നു താഴെ
സെൻസെക്സ് 927.74 പോയിന്റ് ഇടിഞ്ഞ് 59,744.98 ലും നിഫ്റ്റി 272.40 പോയിന്റ് നഷ്ടത്തിൽ 59,744.98 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്
തുടർച്ചയായ നാലാം ദിനവും കുത്തനെ ഇടിഞ്ഞ് വിപണി. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ മിനുട്ട്സ് പ്രഖ്യാപിക്കാനിരിക്കെ ആഗോള വിപണികളെല്ലാം നഷ്ടത്തിലായി. നിഫ്റ്റി നാലു മാസത്തെ താഴ്ചയിലേക്കാണ് കൂപ്പുകുത്തിയത്.
സെൻസെക്സ് 927.74 പോയിന്റ് ഇടിഞ്ഞ് 59,744.98 ലും നിഫ്റ്റി 272.40 പോയിന്റ് നഷ്ടത്തിൽ 59,744 .98 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. വ്യപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 991.17 പോയിന്റ് താഴ്ന്ന് 59,681.55 ലെത്തി.
നിഫ്റ്റിയിൽ 47 ഓഹരികൾ ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സിൽ ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റ സ്റ്റീൽ എന്നിവ നഷ്ടത്തിലായി.
ഐടിസി മാത്രമാണ് ലാഭത്തിൽ അവസാനിച്ചത്.
ഏഷ്യൻ വിപണിയിൽ സൗത്ത് കൊറിയ,ജപ്പാൻ, ചൈന, ഹോങ്കോങ് എന്നിവ ദുർബലമായി.
യൂറോപ്യൻ വിപണികൾ ഉച്ച കഴിഞ്ഞുള്ള സെഷനിൽ നഷ്ടത്തിലാണ് വ്യാപാരം ചെയുന്നത്. ചൊവ്വാഴ്ച യു എസ് വിപണിയും ഇടിഞ്ഞു.
"യുഎസും റഷ്യയും തമ്മിലുള്ള ശീതയുദ്ധത്തിന്റെ പുനർ ആരംഭം വിപണിയിൽ ആശങ്ക സൃഷ്ടിച്ചു. ഹ്രസ്വ കാലത്തേക്കാണെങ്കിലും റഷ്യയ്‌ക്കെതിരായ ഉപരോധത്തെക്കുറിച്ചുള്ള ഭയവും, ഭക്ഷണം, എണ്ണയുടെ കയറ്റുമതി ഉൾപ്പടയുള്ളവയിലും, സമ്പദ് വ്യവസ്ഥയിലുമുള്ള സ്വാധീനം ആശങ്ക വർധിപ്പിക്കുന്നതാണ്. കോവിഡ്, നിരക്ക് വർധന, പണപ്പെരുപ്പം പോലുള്ള വെല്ലുവിളികളിൽ നിന്ന് വിപണി തിരിച്ചു വരുന്ന സാഹചര്യമായിരുന്നു.
യുഎസും ഇന്ത്യയും പോലുള്ള ശക്തമായ സമ്പദ്‌വ്യവസ്ഥകളിൽ അതിന്റെ സ്വാധീനം പരിമിതപ്പെടുത്തിക്കൊണ്ട് ഈ യുദ്ധം ഒരു സാമ്പത്തിക മുന്നണിയിൽ നടക്കുമെന്ന് അനുമാനിക്കപ്പെടുന്നു. യു എസ് ഫെഡിന്റെയും, ആർ ബി ഐയുടെയും മിനിറ്റുകളുടെ പ്രഖ്യാപനവും നിക്ഷേപകർക്ക് നിർണായകമാണ്," ജിയോ ജിത് ഫിനാഷ്യൽ സർവീസസിന്റെ റിസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.11 ശതമാനം കുറഞ്ഞ് ബാരലിന് 82.11 ഡോളറായി.
വിദേശനിക്ഷേപകർ ചൊവ്വാഴ്ച 525.80 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.