ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ നിലയുറപ്പിച്ച് സെന്‍സെക്സും നിഫ്റ്റിയും
- ആഗോള വിപണികളും പൊതുവേ നെഗറ്റിവില്‍
വിദേശ ഫണ്ടുകളുടെ ഒഴുക്കും യുഎസ് വിപണിയിലെ ദുർബലമായ പ്രവണതകളും കാരണം ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നും ഇടിവിലേക്ക് നീങ്ങി. എങ്കിലും ഉച്ചയ്ക്ക് ശേഷം വിപണികളില്‍ വലിയൊരളവ് തിരിച്ചുവരവ് പ്രകടമായി.
30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 122.46 പോയിന്റ് അഥവാ 0.18 ശതമാനം താഴ്ന്ന് 66,144.36ലെത്തി. എൻഎസ്ഇ നിഫ്റ്റി 23.70 പോയിന്റ് അഥവാ 0.12 ശതമാനം താഴ്ന്ന് 19,636.20ലെത്തി.
സെൻസെക്സ് പാക്കിൽ നിന്ന്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്‍സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ പ്രധാന ഓഹരികള്‍. ഐസിഐസിഐ ബാങ്ക്, ജെഎസ്‍ഡബ്ല്യു സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
മറ്റ് ഏഷ്യൻ വിപണികള്‍ ഇന്ന് പൊതുവേ സമ്മിശ്രമായ തലത്തിലായിരുന്നു. ഷാങ്ഹായ്, ഹോങ്കോംഗ് , തായ്വാന്‍ എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ഓസ്ട്രേലിയ, നിക്കെയ് സൂചികകളില്‍ ഇടിവിലായിരുന്നു ക്ലോസിംഗ്. യൂറോപ്യന്‍ വിപണികളില്‍ പൊതുവേ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ഇന്നലെ ഇന്ത്യന്‍ വിപണിയില്‍ 3,979.44 കോടി രൂപയുടെ ഓഹരികൾ വിറ്റു, അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 2,528.15 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ കാണിക്കുന്നു.
വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 1130.96 കോടി രൂപയുടെ അറ്റ വാങ്ങലാണ് ഇന്നലെ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ 21.66 കോടി രൂപയുടെ അറ്റ വാങ്ങലാണ് എഫ്‍പിഐകളുടെ ഭാഗത്തു നിന്ന് ഉണ്ടായത്.
ബിഎസ്ഇ ബെഞ്ച്മാർക്ക് ഇന്നലെ 440.38 പോയിന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 66,266.82 ലും നിഫ്റ്റി 118.40 പോയിന്റ് അഥവാ 0.60 ശതമാനം ഇടിഞ്ഞ് 19,659.90ലും ക്ലോസ് ചെയ്തു.