പ്രമുഖ സോവറിന്‍ വെല്‍ത്ത് ഫണ്ട് 'അബു ദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി' (എ ഡി ഐ എ) കണ്ണടകളുടെ വില്പന നടത്തുന്ന മുന്‍നിര കമ്പനി 'ലെന്‍സ് കാര്‍ട്ടില്‍' 2885 -3300 കോടി (350 400 മില്യണ്‍ ഡോളര്‍ ) രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി വരികയാണ്. ലെന്‍സ് കാര്‍ട്ടിന്റെ എക്കാലത്തെയും ഉയര്‍ന്ന ഫണ്ട് സമാഹരണമാണ് ഇത്. ഇടപാട് പൂര്‍ത്തിയായാല്‍ ലെന്‍സ് കാര്‍ട്ടിന്റെ 10 ശതമാനം ഓഹരികള്‍ എഡിഐഎയ്ക്ക് സ്വന്തമാകും.
4.5 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന കമ്പനിയുടെ ഓഹരികള്‍ ഭാഗികമായി വിറ്റഴിക്കാന്‍ ചില ഓഹരിഉടമകള്‍ തയ്യാറായിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എഡിഐഎ ഇവരില്‍ നിന്നുമാണ് ഓഹരികള്‍ വാങ്ങിക്കുന്നത്.
സോഫ്റ്റ് ബാങ്ക്, കെകെആര്‍, പ്രേംജി ഇന്‍വെസ്റ്റ്, കേദാര കാപിറ്റല്‍, ടെമാസെക്, ഫാല്‍ക്കണ്‍ എഡ്ജ്, ബേ കാപിറ്റല്‍, തുടങ്ങിയവരാണ് ലെന്‍സ് കാര്‍ട്ടിന്റെ ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന പ്രധാന കമ്പനികള്‍. എന്നാല്‍ ഇതില്‍ ഏതൊക്കെ കമ്പനികളാണ് ഓഹരികള്‍ വിറ്റഴിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം കമ്പനി സിംഗപ്പൂര്‍, യുഎസ്, മിഡില്‍ ഈസ്റ്റ് എന്നിവടങ്ങളിലേക്ക് സാന്നിധ്യം വികസിപ്പിച്ചിരുന്നു.
കമ്പനി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് ഈ വര്‍ഷം മെയ് മാസത്തില്‍ കമ്പനിയുടെ സിഇഒ ബന്‍സാല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കണ്ണട ഉത്പന്നങ്ങളില്‍ നിന്നും മാത്രം 94.3 ശതമാനം വരുമാനമാണ് കമ്പനിക്ക് ലഭിച്ചത്. കൂടാതെ സബ്‌സ്‌ക്രിപ്ഷന്‍ ഫീസില്‍ നിന്നുമുള്ള വരുമാനം 14 ശതമാനം ഉയര്‍ന്നു. ലീസ്, വെബ്സൈറ്റ് ലൈസന്‍സ് ഫീസ്, സ്‌ക്രാപ്പ്, കസ്റ്റമര്‍ സപ്പോര്‍ട്ട് ഫീസ് എന്നിവയില്‍ നിന്നുള്ള വരുമാനം 36 കോടി രൂപയായി. നിലവില്‍ കമ്പനിക്ക് രാജ്യത്തിനകത്തും പുറത്തുമായി 1200 ഓളം സ്റ്റോറുകളുണ്ട്.