വിദേശ നിക്ഷേപങ്ങളുടെ വരവ്; ജൂലൈയിലെ കണക്ക് ഇങ്ങനെ
- കഴിഞ്ഞ വാരം എഫ്ഐഐകള്‍ വില്‍പ്പനയിലേക്ക് നീങ്ങി
- നിക്ഷേപകര്‍ക്ക് ആശങ്കയായി പണപ്പെരുപ്പവും പലിശ നിരക്കും
- ആഭ്യന്തര സ്ഥാപന നിക്ഷേപകർ പോയവാരത്തില്‍ വാങ്ങലുകാര്‍
കഴിഞ്ഞു പോയ വാരത്തില്‍ ആഭ്യന്തര ഓഹരി വിപണികള്‍ക്ക് പൊതുവില്‍ പറയാനുള്ളത് നഷ്ടക്കണക്കുകളാണ്. നെഗറ്റിവ് വികാരം വിദേശ നിക്ഷേപങ്ങളുടെ വരവിനെയും ബാധിച്ചിട്ടുണ്ട്. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) 3,074.71 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയത്. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 5,233.79 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി. എന്നാല്‍ ഈ മാസം ഇതുവരെയുള്ള മൊത്തം കണക്കെടുത്താല്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമാണ് എഫ്‌ഐഐ 14,623.18 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ ഡിഐഐ 3,672.40 കോടി രൂപയുടെ ഇക്വിറ്റികള്‍ വില്‍ക്കുകയായിരുന്നു.
ആഭ്യന്തര തലത്തിലെ സുസ്ഥിരമായ സൂക്ഷ്‍മ സാമ്പത്തിക ഘടകങ്ങള്‍, സ്ഥിരമായ വരുമാന വളർച്ച, ചൈനീസ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ എന്നിവയെല്ലാം വിദേശ നിക്ഷേപകരെ ഇന്ത്യന്‍ വിപണിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ പണപ്പെരുപ്പം സംബന്ധിച്ച ആശങ്ക, യുഎസ് ഫെഡ് റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തിയത്, ചില കമ്പനികളുടെ ആദ്യപാദ ഫലം പ്രതീക്ഷക്കൊത്ത് ഉയരാത്തത് എന്നിവയെല്ലാം വെല്ലുവിളികളായി മുന്നിലുണ്ട്.
ജൂലൈയില്‍ ഇനി 1 വ്യാപാര ദിനം മാത്രം ബാക്കി നില്‍ക്കെ, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയ അറ്റ നിക്ഷേപം 45365 കോടി രൂപയുടേതാണ്. എഫ്‍പിഐകള്‍ ഡെറ്റ് വിപണിയില്‍ നടത്തിയ അറ്റ നിക്ഷേപം 3340 കോടി രൂപയുടേതാണ്.
എഫ്‍പിഐകളിൽ നിന്നുള്ള നിരന്തരമായ ഒഴുക്ക് ജൂലൈ തുടക്കത്തില്‍ ഇന്ത്യൻ ഇക്വിറ്റി വിപണികളെ അവരുടെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഡാറ്റ അനുസരിച്ച്, ഇക്വിറ്റികളിലെ എഫ്‍പിഐ അറ്റനിക്ഷേപം 40,000 കോടി കവിയുന്ന തുടർച്ചയായ മൂന്നാം മാസമാണിത്. ഇത് ജൂണിൽ 47,148 കോടി രൂപയും മേയിൽ 43,838 കോടി രൂപയും ആയിരുന്നു.
ഫിനാൻഷ്യൽ, ഓട്ടോമൊബൈൽ, ക്യാപിറ്റൽ ഗുഡ്‌സ്, റിയൽറ്റി, എഫ്എംസിജി എന്നിവയിലാണ് വിദേശ നിക്ഷേകര്‍ പ്രധാനമായും തങ്ങളുടെ നിക്ഷേപങ്ങളുടെ ശ്രദ്ധ ഹ്രസ്വ കേന്ദ്രീകരിക്കുന്നത്.