ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളിലേക്കുള്ള ഒഴുക്കിൽ 68 ശതമാനം ഇടിവ്
- ഏപ്രിലില്‍ കടപ്പത്രങ്ങളില്‍ 1.06 കോടി രൂപയുടെ അറ്റ നിക്ഷേപമുണ്ടായി
- സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് വിഭാഗങ്ങളില്‍ നിക്ഷേപകര്‍ കൂടുതല്‍ പണമിറക്കി
- ഏപ്രിലില്‍ നിഫ്റ്റി 50 നാല് ശതമാനത്തിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്
മുന്‍ മാസത്തെ അപേക്ഷിച്ച് ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളിലെ നിക്ഷേപം ഏപ്രിലില്‍ 68 ശതമാനം ഇടിഞ്ഞ് 6,480 കോടി രൂപയായി.
അധിക നിക്ഷേപം വിനിയോഗിക്കുന്നതില്‍ നിക്ഷേപകര്‍ കാത്തിരുന്ന് തീരുമാനിക്കുക (wait and watch) എന്ന സമീപനം സ്വീകരിച്ചു. ഇതാണ് ഏപ്രിലില്‍ മ്യൂച്ചല്‍ ഫണ്ടുകളിലെ നിക്ഷേപം ഇടിയാന്‍ കാരണമായത്.
എന്നിരുന്നാലും ഇക്വിറ്റി വിഭാഗത്തിലേക്ക് ഇത് തുടര്‍ച്ചയായ 26-ാം മാസം നിക്ഷേപം ഒഴുകി. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് വിഭാഗങ്ങളില്‍ നിക്ഷേപകര്‍ കൂടുതല്‍ പണമിറക്കിയതോടെയാണ് ഇത് സംഭവിച്ചതെന്നു വ്യാഴാഴ്ച പുറത്തുവിട്ട അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍ സൂചിപ്പിച്ചു.
മൊത്തത്തില്‍ 42 പേരുള്ള മ്യൂച്ചല്‍ ഫണ്ട് വ്യവസായം ഏപ്രിലില്‍ അനുകൂല മാറ്റത്തിനു സാക്ഷ്യംവഹിച്ചു. കടപ്പത്രം അടിസ്ഥാനമാക്കിയ സ്‌കീമുകളിലൂടെ (debt-oriented schemes) 1.21 ലക്ഷം കോടി രൂപ ആകര്‍ഷിക്കാനായി. കഴിഞ്ഞ മാസം 19,263 കോടി രൂപയുടെ പിന്മാറ്റം ഉണ്ടായതിനു ശേഷമാണ് ഏപ്രിലില്‍ വലിയൊരു തുക ആകര്‍ഷിക്കാനായത്.
ഏപ്രിലില്‍ കടപ്പത്രങ്ങളില്‍ (debt funds) 1.06 കോടി രൂപയുടെ അറ്റ നിക്ഷേപമുണ്ടായി. കഴിഞ്ഞ മാസം 56,884 കോടി രൂപ പിന്‍വലിച്ചതിനു ശേഷമാണിത്.
വന്‍തോതിലുള്ള നിക്ഷേപം മ്യൂച്ചല്‍ ഫണ്ട് വ്യവസായത്തിലെ മാനേജ്‌മെന്റിനു കീഴിലെ ആസ്തിമൂല്യം ഏപ്രില്‍ അവസാനത്തോടെ 41.62 കോടി ലക്ഷമായി ഉയരാന്‍ സഹായിച്ചു. ഇത് മാര്‍ച്ച് അവസാനം 39.42 കോടി രൂപയായിരുന്നു.
മുന്‍മാസത്തില്‍ രേഖപ്പെടുത്തിയ 20,534 കോടി രൂപയുടെ റെക്കോഡ് നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലില്‍ ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളില്‍ 6,480 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനായി.
'മാര്‍ച്ച് മാസം മുതല്‍ ഇക്വിറ്റിയില്‍ നല്ല രീതിയിലുള്ള നിക്ഷേപമുണ്ടായതായി ഞങ്ങള്‍ വിശ്വസിക്കുന്നു. നിക്ഷേപകര്‍ തങ്ങളുടെ നിലവിലുള്ള എസ്‌ഐപികളില്‍ (Systematic Investment Plans) തുടരുന്നതിനിടെ അധിക നിക്ഷേപം വിനിയോഗിക്കുന്നതില്‍ 'wait and watch' എന്ന സമീപനമാണ് ഏപ്രിലില്‍ സ്വീകരിച്ചതെന്ന് ' കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ നാഷണല്‍ ഹെഡ് ആന്‍ഡ് സെയില്‍സ്, മാര്‍ക്കറ്റിംഗ് & ഡിജിറ്റല്‍ ബിസിനസ് മനീഷ് മേത്ത പറഞ്ഞു.
'ഓഹരികളുടെ വില കൂട്ടിക്കാണിക്കുന്നതും ഓഹരികളില്‍ പെട്ടെന്നുണ്ടാകുന്ന വില വര്‍ധനവില്‍ കമ്പനിഉടമകള്‍ തന്നെ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതും പുതിയ നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നതായി ' ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ശ്രീറാം ബി കെ ആര്‍ പറഞ്ഞു.
വിപണികളിലെ സമീപകാല റാലി കാരണം മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ നിക്ഷേപങ്ങളുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും അതിലൂടെ നിക്ഷേപകരുടെ ജാഗ്രതാ നിലപാടാണ് പ്രതിഫലിക്കുന്നതെന്നും മോത്തിലാല്‍ ഓസ്വാള്‍ എഎംസി ചീഫ് ബിസിനസ് ഓഫീസര്‍ അഖില്‍ ചതുര്‍വേദി പറഞ്ഞു.
ഏപ്രിലില്‍ നിഫ്റ്റി 50 നാല് ശതമാനത്തിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
എസ്‌ഐപി വഴിയുള്ള ഫണ്ട് കളക്ഷന്‍ മാര്‍ച്ചിലെ 14,276 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ മാസം 13,727 കോടി രൂപയായി കുറഞ്ഞു.
എസ്‌ഐപി നിക്ഷേപങ്ങളില്‍ ശുഭാപ്തി വിശ്വാസമാണ് ആംഫി (Amfi) ചീഫ് എക്‌സിക്യൂട്ടീവ് എന്‍എസ് വെങ്കിടേഷ് പ്രകടിപ്പിക്കുന്നത്. ഈ സാമ്പത്തികവര്‍ഷാവസാനത്തോടെ പ്രതിമാസ നിക്ഷേപം 17000-18000 കോടി രൂപ എന്ന നിലയിലെത്തുമെന്നും വെങ്കിടേഷ് പ്രതീക്ഷിക്കുന്നു.
ഓഹരികളില്‍ വച്ച് സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലും മിഡ് ക്യാപ് വിഭാഗങ്ങളിലും യഥാക്രമം 2,182 കോടി രൂപയുടെയും 1,791 കോടി രൂപയുടെയും നിക്ഷേപമുണ്ടായി.
ഈ വര്‍ഷം മുതല്‍ ഇക്വിറ്റി വിഭാഗങ്ങളിലേക്കുള്ള നിക്ഷേപങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഫോക്കസ്ഡ് ഇക്വിറ്റി കാറ്റഗറി ഒഴികെയുള്ള വിഭാഗങ്ങളില്‍ നിന്നും നിക്ഷേപകര്‍ പിന്മാറിയില്ല. ഫോക്കസ്ഡ് ഇക്വിറ്റി വിഭാഗത്തില്‍ 131 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
' ഈയിടെ കണ്ട വിപണികളിലെ കുത്തനെയുള്ള ഉയര്‍ച്ച കണക്കിലെടുക്കുമ്പോള്‍, നിക്ഷേപകര്‍ ഓഹരികളില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ അനുയോജ്യമായ സമയത്തിനായി കാത്തിരിക്കാനും തീരുമാനിച്ചിരിക്കാം ' മോണിംഗ് സ്റ്റാര്‍ ഇന്ത്യയുടെ റിസര്‍ച്ച് മാനേജറും അസോസിയേറ്റ് ഡയറക്ടറുമായ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞ.
ഇക്വിറ്റി സ്‌കീമുകളില്‍ 2021 മാര്‍ച്ച് മുതല്‍ അറ്റ നിക്ഷേപത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്. എന്നാല്‍ ഇതിനു മുന്‍പ് അതായത് 2020 ജൂലൈ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള എട്ട് മാസം ഈ സ്‌കീമുകളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്ന സാഹചര്യമായിരുന്നു. അതിലൂടെ 46,791 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ഡെബ്റ്റ് ഫണ്ടുകളുടെ വിഭാഗത്തില്‍, ക്രെഡിറ്റ് റിസ്‌ക്, ബാങ്കിംഗ്, പിഎസ്‌യു ഫണ്ട് ഒഴികെ എല്ലാ വിഭാഗങ്ങളും അറ്റ നിക്ഷേപത്തിനു സാക്ഷ്യം വഹിച്ചു. കുറഞ്ഞ മെച്യൂരിറ്റി പ്രൊഫൈലുകളുള്ള വിഭാഗങ്ങളായിരുന്നു ഏറ്റവും വലിയ ഗുണഭോക്താക്കള്‍.
ലിക്വിഡ് ഫണ്ടുകളില്‍ ഏറ്റവും ഉയര്‍ന്ന അറ്റ നിക്ഷേപമായ 63,219 കോടി രൂപ നിക്ഷേപിച്ചു. മണി മാര്‍ക്കറ്റ് ഫണ്ടുകളിലേക്ക് 13, 961 കോടി രൂപയുടെയും അള്‍ട്രാഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളിലേക്ക് 10,663 കോടി രൂപയുടെയും നിക്ഷേപം നടന്നു.
' മാര്‍ച്ചില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നികുതി ബാധ്യതകള്‍ നിറവേറ്റിയ ശേഷം, കോര്‍പ്പറേറ്റുകള്‍ അവരുടെ അധിക നിക്ഷേപ പണം ലിക്വിഡ് ഫണ്ടുകളിലും അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളിലും ഒരു ചെറിയ കാലയളവിലേക്ക് പാര്‍ക്ക് ചെയ്യുമായിരുന്നു, അതുവഴി ഈ വിഭാഗങ്ങളിലേക്ക് വലിയ നിക്ഷേപം ഒഴുകുമായിരുന്നു ' ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
കൂടാതെ കുറഞ്ഞ കാലാവധി, മണി മാര്‍ക്കറ്റ്, ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ എന്നിങ്ങനെ കുറഞ്ഞ മെച്യൂരിറ്റി പ്രൊഫൈലുകളുള്ള വിഭാഗങ്ങളില്‍ നിക്ഷേപിക്കാന്‍ നിക്ഷേപകര്‍ മുന്‍ഗണന നല്‍കുമായിരുന്നെന്നും ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
ഇക്വിറ്റി, ഡെറ്റ് ഫണ്ടുകള്‍ക്ക് പുറമെ, മറ്റ് സ്‌കീമുകളായ-ഇന്‍ഡെക്‌സ് ഫണ്ടുകള്‍, ഗോള്‍ഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്), മറ്റ് ഇടിഎഫുകള്‍, വിദേശത്ത് നിക്ഷേപിക്കുന്ന ഫണ്ടുകള്‍-എന്നിവടങ്ങളിലേക്ക് 6,945 കോടി രൂപയുടെ നിക്ഷേപമുണ്ടായി.