ക്രിപ്‌റ്റോ: നികുതികുറയ്ക്കുന്നതിന് രണ്ടുവര്‍ഷമെങ്കിലും കാത്തിരിക്കണം
- ക്രിപ്‌റ്റോ ഇടപാടുകള്‍ക്കുള്ള ടിഡിഎസ് കുറയ്ക്കണം
- നിക്ഷേപകര്‍ പ്രാദേശിക ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ ഉപേക്ഷിക്കുന്നു
- ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ ജോലിക്കാരെ വെട്ടിക്കുറച്ചു
ഇന്ത്യയിലെ ക്രിപ്‌റ്റോ ഇടപാടുകള്‍ക്കുള്ള നികുതി കുറയ്ക്കുന്നതിനായി രണ്ടുവര്‍ഷം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് രാജ്യത്തെ പ്രധാന ഡിജിറ്റല്‍ അസറ്റ് എക്സ്ചേഞ്ചുകളിലൊന്ന് സൂചന നല്‍കുന്നു. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഒരു ശതമാനം ടിഡിഎസ് ചുമത്തിയിരുന്നു. ഇതോടെ നിക്ഷേപകര്‍ ക്രിപ്റ്റോ ഇടപാടുകളിൽ നിന്ന് പിൻവലിഞ്ഞതോടു കൂടി എക്‌സ്‌ചേഞ്ചുകളിലെ ട്രേഡിംഗ് വോളിയം കുത്തനെ ഇടിഞ്ഞു. വെറും 10 മാസത്തിനുള്ളില്‍ ആഭ്യന്തര എക്സ്ചേഞ്ചുകളില്‍ 97 ശതമാനം തകര്‍ച്ചയ്ക്ക് നികുതി കാരണമായെന്ന് ക്രിപ്‌റ്റോ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇതുവരെ ഈ വിഷയത്തില്‍ ഔപചാരികമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലാത്തതിനാല്‍ ടിഡിഎസില്‍ ഉടനടി കുറവുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് രാജ്യത്തെ ഏറ്റവും വിശ്വസ്തതയുള്ള ബിറ്റ് കോയിൻന്റെയും മറ്റു ക്രിപ്റ്റോ കറൻസികളുടെയും എക്സ് ചേഞ്ച് ആയ വാസിര്‍ എക്‌സ് ന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിശ്ചല്‍ ഷെട്ടി പറയുന്നു.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പോലുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ ക്രിപ്റ്റോ നിയമങ്ങളോട് ആഗോളതലത്തില്‍ ഒരു ഏകോപന സമീപനത്തിന് ഇന്ത്യ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, ഹോങ്കോംഗ്, ദുബായ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിക്ഷേപകരെ സംരക്ഷിക്കുന്നതിനും ഡിജിറ്റല്‍-അസറ്റ് കമ്പനികള്‍ക്ക് വ്യക്തത നല്‍കുന്നതിനുമായി സ്വന്തം ചട്ടക്കൂടുകള്‍ വികസിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുകയും ചെയ്തു.
സൗഹൃദപരമായ ക്രിപ്റ്റോ നയത്തിലേക്ക് ഇന്ത്യ ചില നടപടികളെങ്കിലും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെട്ടി പറഞ്ഞു. എന്നാല്‍ അതെന്തെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ധനമന്ത്രാലയവും ഇതിനോട് പ്രതികരിച്ചില്ല.
ഉയര്‍ന്ന ടിഡിഎസ് കാരണം ഇന്ത്യയിലെ നിക്ഷേപകര്‍ പ്രാദേശിക ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ ഉപേക്ഷിക്കുന്നു. നികുതി ഏർപ്പെടുത്തിയത് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ്. വസീര്‍എക്‌സിന്റെ പ്രാദേശിക എതിരാളികളിലൊന്നായ കോയിന്‍ ഡിസിഎക്‌സ് തങ്ങളുടെ ഓഗസ്റ്റ് മാസത്തെ റിപ്പോര്‍ട്ടില്‍ ഫെബ്രുവരിക്കുശേഷം രണ്ട് ദശലക്ഷം നിക്ഷേപകരെ നഷ്ടപ്പെട്ടതായി പറയുന്നു. ആ സമയത്ത് വിദേശ പ്ലാറ്റ്ഫോമുകളിൽ ഇന്ത്യയില്‍ നിന്ന് ഒന്നര ദശലക്ഷം നിക്ഷേപകർ കുടിയേറി.
ടിഡിഎസ് ഒരു ശതമാനത്തില്‍ നിന്ന് 0.01 ശതമാനമായി കുറയ്ക്കാന്‍ കമ്പനി ഇന്ത്യന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ടെന്ന് കോയിന്‍ ഡിസിഎക്‌സ് സിഇഒ സുമിത് ഗുപ്ത പറയുന്നു. ക്രിപ്റ്റോ ഇടപാടുകാർ ഈ അവസരത്തിനായി രാജ്യത്ത് കാത്തിരിക്കുന്നില്ല. ഷെട്ടി തന്റെ പ്രവർത്തനം ദുബായിലേക്ക് മാറിയത് ഉദാഹരണമാണ്. കോയിന്‍ ഡിസിഎക്‌സും വിദേശത്തേക്ക് നോക്കുകയാണ്.
വാസിര്‍എക്‌സ് അവരുടെ ജീവനക്കാരുടെ എണ്ണം 2022-ല്‍ വെട്ടിക്കുറച്ചിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍, കോയിന്‍ സ്വിച്ച്, കോയിന്‍ ഡിസിഎക്‌സ് എന്നിവരും ജോലിക്കാരെ വെട്ടിക്കുറച്ചു. ഇതെല്ലാം മേഖലയിലെ പ്രതിസന്ധി വ്യക്തമാക്കുന്നതാണ്.