ആപ്പ് സ്റ്റോറില്‍ നിന്നും ' ബിനാന്‍സ് ആപ്പ് ' നെ നീക്കം ചെയ്തു

Update: 2024-01-10 09:13 GMT

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ ' ബിനാന്‍സ് ' ആപ്പിനെ ഇന്ത്യയിലെ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പിള്‍ നീക്കം ചെയ്തു.

ബിനാന്‍സിനു പുറമെ കുക്കോയിന്‍ (Kucoin), ഒകെഎക്‌സ് (OKX) തുടങ്ങിയ ആപ്പുകളെയും കമ്പനി നീക്കം ചെയ്തു.

വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളും, ഓഫ് ഷോര്‍ കമ്പനികളും ഉള്‍പ്പെടെ ഒമ്പത് കമ്പനികള്‍ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) 2023 ഡിസംബര്‍ 28ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ആപ്പിളിന്റെ നടപടി.

ഈ ഒമ്പത് കമ്പനികളുടെയും യുആര്‍എല്‍ (യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റര്‍) ബ്ലോക്ക് ചെയ്യണമെന്നും എഫ്‌ഐയു കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയോട് നിര്‍ദേശിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമത്തിലെ (പിഎംഎല്‍എ 2002) വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ടാണ് ഇന്ത്യയില്‍ ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും എഫ്‌ഐയു പറഞ്ഞു.

ഇന്ത്യയില്‍ ഈ ഒമ്പത് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. നികുതി സംബന്ധിച്ച നിയമങ്ങള്‍ അനുസരിക്കുന്നുമില്ലെന്നാണ് എഫ്‌ഐയു ആരോപിക്കുന്നത്.

ബിനാന്‍സ്, കുക്കോയിന്‍, ഹൂബി, ക്രാക്കന്‍, ഗേറ്റ്.ഐഒ, ബിറ്ററെക്‌സ്, ബിറ്റ്‌സ്റ്റാംപ്, എംഇഎക്‌സ് സി ഗ്ലോബല്‍, ബിറ്റ്ഫിനെക്‌സ് എന്നിവയാണ് ഒമ്പത് കമ്പനികള്‍.

ഈ കമ്പനികളുടെ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

Tags:    

Similar News