മധുസൂദൻ മസാല ഇഷ്യൂവിനു ആദ്യ ദിവസം 25 ഇരട്ടി അപേക്ഷകൾ
- സംഹി ഹോട്ടൽസ് ഇഷ്യൂ അവസാനിച്ചു
- സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ ഇഷ്യൂ അവസാനിച്ചു
സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്കരണം, വിതരണം എന്നിവയില്‍ ഏർപ്പെട്ടിരിക്കുന്ന മധുസൂദൻ മസാലയുടെ ഇഷ്യൂവിന് ആദ്യ ദിവസം 25 ഇരട്ടി അപേക്ഷകൾ ലഭിച്ചു. ഇഷ്യു 21-ന് അവസാനിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 66-70 രൂപയാണ്. കുറഞ്ഞത് 2000 ഓഹരികൾക്ക് അപേക്ഷിക്കണം.
ഓഹരികൾ ഒക്ടോബർ 3-ന് എൻഎസ്ഇ എസ്എംഇ-യിൽ ലിസ്റ്റ് ചെയ്യും.
"ഡബിൾ ഹാത്തി", "മഹാരാജ" എന്നീ ബ്രാൻഡുകളിൽ 32-ലധികം തരം സുഗന്ധവ്യഞ്ജനങ്ങള്‍ കമ്പനി വിപണിയിലെത്തിക്കുന്നു. ജാംനഗറിന് സമീപമുള്ള ഹാപ്പയിലെ ഇൻഡസ്ട്രിയൽ ഏരിയായിലാണ് കമ്പനിയുടെ ഉത്പാദനകേന്ദ്രം.
സംഹി ഹോട്ടൽസ്
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹോട്ടല്‍ മുറികളുള്ള മൂന്നാമത്തെ പ്ലാറ്റ്ഫോമും പ്രമോട്ടർമാരുമില്ലാത്തതുമായ സംഹി ഹോട്ടൽസ് ഇഷ്യൂവിനു ഇതുവരെ 5.33 മടങ് അപേക്ഷയാണ് ലഭിച്ചത്. ഇഷ്യു അവസാനിച്ചു. പ്രൈസ് ബാൻഡ് 119-126 രൂപയാണ്. സെപ്റ്റംബർ 27 -ന് ഓഹരികൾ എൻഎസ്ഇലും ബിഎസ് യിലും ലിസ്റ്റ് ചെയ്യും.
ഹയാത്ത് റീജൻസി (പൂനെ, മാരിയറ്റ് (ബെംഗളൂരു ) തുടങ്ങിയവ കമ്പനിയുടെ അസറ്റ് മാനേജ്മെന്റിൽപ്പെടുന്നവയാണ്.
സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ്
സെപ്റ്റംബർ 18 -ന് അവസാനിച്ച സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ് ഇഷ്യൂവിന് 12.57 ഇരട്ടി അപേക്ഷകളാണ് വന്നിട്ടുള്ളത്. പ്രൈസ് ബാൻഡ് 156 മുതൽ 164 രൂപയാണ്. സെപ്റ്റംബർ 27 ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ ലിസ്റ്റ് ചെയ്യും.
നൂതനവുമായ വർക്ക്ഫ്ലോകളിലൂടെ കോർപ്പറേറ്റ് ബിസിനസ് ചെലവുകൾ നിയന്ത്രിക്കുന്നതിന് സാമ്പത്തിക, സാങ്കേതിക (ഫിൻടെക്) ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനിയാണ് സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ് ലിമിറ്റഡ്.
യാത്ര ഓൺലൈൻ
ഇഷ്യു അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ ഓൺലൈൻ ട്രാവൽ കമ്പനിയായ യാത്ര ഓൺലൈൻ ഇഷ്യൂവിനു ഇതുവരെ ലഭിച്ചത് 0.30 ഇരട്ടി അപേക്ഷകള്‍ മാത്രം. ഇഷ്യു വഴി 875 കോടി രൂപ സ്വരൂപിക്കുവാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 602 കോടി രൂപയുടെ പുതിയ ഓഹരികളും 12,183,099 ഓഹരിയുടെ ഓഫർ ഫോർ സെയിലും ( ഒഎഫ് എസ്) ഉൾപ്പെടുന്നതാണ് ഇഷ്യു.
പ്രൈസ് ബാൻഡ് ഒരു ഓഹരിക്ക് 135-142 രൂപയാണ് വില. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും സെപ്തംബര്‍ 29-ന് ലിസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
കോഡി ടെക്നോലാബ് ലിമിറ്റഡ്
ആദ്യ ദിവസംതന്നെ കോഡി ടെക്നോലാബ് ഇഷ്യൂവിനു എട്ടു മടങ്ങ് അപേക്ഷ ലഭിച്ചു. ഇഷ്യൂ സെപ്റ്റംബർ 20-ന് അവസാനിക്കും. പത്തു രൂപ മുഖ വിലയുള്ള ഓഹരിയൊന്നിന് 160 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 800 ഓഹരികൾക്ക് അപേക്ഷിക്കണം. സെപ്റ്റംബർ 28-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
സെല്ലെകോർ ഗാഡ്ജെറ്റ്സ് ലിമിറ്റെഡ്
സെപ്റ്റംബർ 15-ന് ആരംഭിച്ച സെല്ലെകോർ ഗാഡ്ജെറ്റ്സ് ഇഷ്യൂവിനു ഇതുവരെ 16.87 ഇരട്ടി അപേക്ഷകൾ ലഭിച്ചു. ഇഷ്യു 20-ന് അവസാനിക്കും. പ്രൈസ് ബാൻഡ് 87-92 രൂപ.കുറഞ്ഞത് 1200 ഓഹരികൾക്ക് അപേക്ഷിക്കണം. സെപ്റ്റംബർ 28-ന് എൻഎസ്ഇ എസ്എംഇ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും.
2020-ൽ സ്ഥാപിതമായ സെല്ലെകോർ ഗാഡ്ജെറ്റ്സ് ലിമിറ്റഡ് ടെലിവിഷനുകൾ, മൊബൈൽ ഫോണുകൾ, സ്മാർട്ട് വിയറബിളുകൾ, മൊബൈൽ ആക്സസറികൾ, സ്മാർട്ട് വാച്ചുകൾ, നെക്ബാൻഡുകൾ എന്നിവയുടെ സംഭരണം, ബ്രാൻഡിംഗ്, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. സെല്ലെകോർ ഗാഡ്ജെറ്റുകൾക്ക് രാജ്യമൊട്ടാകെ 1200-ലധികം സേവന കേന്ദ്രങ്ങളും 800-ലധികം വിതരണക്കാരുമുണ്ട്. 300-ലധികം ഉൽപ്പന്ന ശ്രേണികളുള്ള 24,000 റീട്ടെയിൽ സ്റ്റോറുകളിലും ഓഫ്ലൈൻ, ഓൺലൈൻ ചാനലുകളിലൂടെ പാൻ ഇന്ത്യയിൽ 100 ദശലക്ഷം ഉപയോക്താക്കളുമുണ്ട്.
ഹോൾമാർക് ഒപ്റ്റോ-മെക്കാട്രോണിക്സ് ലിമിറ്റഡ്
സെപ്റ്റംബർ 20-ന് അവസാനിക്കുന്ന ഹോൾമാർക് ഒപ്റ്റോ-മെക്കാട്രോണിക്സ് ഇഷ്യൂവിനു ഇതുവരെ 8 ഇരട്ടി അപേക്ഷകൾ ലഭിച്ചു. ഗവേഷണം, വ്യവസായം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കാവശ്യമായ ശാസ്ത്ര, എഞ്ചിനീയറിംഗ് ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഹോൾമാർക് ഒപ്റ്റോ-മെക്കാട്രോണിക്സ്.
ഓഹരിയൊന്നിന് 40രൂപയാണ് വില. കുറഞ്ഞത് 3000 ഓഹരികൾക്ക് അപേക്ഷിക്കണം. സെപ്റ്റംബർ 28-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
മാസ്റ്റർ കോംപോണെന്റ്സ്
മാസ്റ്റർ കോംപോണെന്റ്സ് ഇഷ്യുവിന് ആദ്യ ദിവസം ഒരു മടങ് അപേക്ഷകൾ ലഭിച്ചു.
ഇലക്ട്രിക്കൽ, മെഡിക്കൽ, വ്യാവസായിക, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ ഉയർന്ന ഗുണമേന്മയുള്ള ഘടകവസ്തുക്കള്‍ നിർമിക്കുന്ന മാസ്റ്റർ കോംപിനേൻറ്സ് ഇഷ്യുവഴി 15.43 കോടി രൂപ സമാഹരിക്കും. ഇഷ്യൂ സെപ്റ്റംബർ 18-ന് ആരംഭിച്ചു 21-ന് അവസാനിക്കും. എൻഎസ്ഇ എസ്എംഇ -യിൽ സെപ്റ്റംബർ 29 ലിസ്റ്റ് ചെയ്യും.ഓഹരിയൊന്നിന് 140 രൂപയാണ് വില. കുറഞ്ഞത് 1000 ഓഹരികൾക്ക് അപേക്ഷിക്കണം.
ഉയർന്ന ഗുണമേന്മയുള്ള പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ഘടകങ്ങള്‍ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് മാസ്റ്റർ കംപോണന്റ്സ്. കമ്പനിക്ക് തെർമോപ്ലാസ്റ്റിക് ഇൻജക്ഷൻ മോൾഡിംഗ്, തെർമോസെറ്റ് ഇൻജക്ഷൻ മോൾഡിംഗ്, തെർമോസെറ്റ് ട്രാൻസ്ഫർ മോൾഡിംഗ്, കംപ്രഷൻ മോൾഡിംഗ് തുടങ്ങിയവയാണ് കമ്പനിയുടെ മുഖ്യ ഉത്പന്നങ്ങള്‍.