കറന്റ് അക്കൗണ്ട് കമ്മിയും, പോളിസി നിരക്കും വിപണിയില്‍ പ്രതിഫലിച്ചേക്കാം
തുടര്‍ച്ചയായ ഏഴ് ദിവസത്തെ നഷ്ടത്തിന് ശേഷം വിപണി ഇന്ന് കാത്തിരിക്കുന്നത് ആര്‍ബിഐ പണനയ അവലോകന തീരുമാനത്തിനാണ്. നിരക്ക് വര്‍ധന എത്രയാകും എന്നതിലാണ് വ്യാപാരികളുടെ ശ്രദ്ധ. 50 ബേസിസ് പോയിന്റ് വരെയുള്ള വര്‍ധനവ് വിപണി കണക്കിലെടുത്തിട്ടുണ്ട്. അതിന് മുകളിലേയ്ക്ക് പോയാല്‍ മാത്രമേ വിപണികളില്‍ തിരിച്ചടി പ്രതീക്ഷിക്കേണ്ടതുള്ളു. പൊതുവേ ഇന്നത്തെ സാഹചര്യം അത്ര അനുകൂലമല്ല. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.8 ശതമാനം എത്തിനില്‍ക്കുന്നത് നെഗറ്റീവായ ഘടകമാണ്. രൂപയുടെ തകര്‍ച്ചയ്ക്ക് ഇത് ആക്കം കൂട്ടും. വിദേശ നിക്ഷേപകര്‍ക്ക് വിപണിയിലുള്ള […]
തുടര്‍ച്ചയായ ഏഴ് ദിവസത്തെ നഷ്ടത്തിന് ശേഷം വിപണി ഇന്ന് കാത്തിരിക്കുന്നത് ആര്‍ബിഐ പണനയ അവലോകന തീരുമാനത്തിനാണ്. നിരക്ക് വര്‍ധന എത്രയാകും എന്നതിലാണ് വ്യാപാരികളുടെ ശ്രദ്ധ. 50 ബേസിസ് പോയിന്റ് വരെയുള്ള വര്‍ധനവ് വിപണി കണക്കിലെടുത്തിട്ടുണ്ട്. അതിന് മുകളിലേയ്ക്ക് പോയാല്‍ മാത്രമേ വിപണികളില്‍ തിരിച്ചടി പ്രതീക്ഷിക്കേണ്ടതുള്ളു. പൊതുവേ ഇന്നത്തെ സാഹചര്യം അത്ര അനുകൂലമല്ല. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.8 ശതമാനം എത്തിനില്‍ക്കുന്നത് നെഗറ്റീവായ ഘടകമാണ്. രൂപയുടെ തകര്‍ച്ചയ്ക്ക് ഇത് ആക്കം കൂട്ടും. വിദേശ നിക്ഷേപകര്‍ക്ക് വിപണിയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടാനും ഇടയാക്കും. ആഗോള എണ്ണവില താഴ്ന്ന് നില്‍ക്കുന്നതാണ് ഏക ആശ്വാസ ഘടകം.
യുഎസ്-ഏഷ്യന്‍ വിപണികള്‍
ഏഷ്യന്‍ വിപണികളില്‍ ഇന്ന് രാവിലെ സമ്മിശ്ര പ്രതികരണമാണ്. ചൈനയുടെ വ്യവസായ ഉത്പാദനം സെപ്റ്റംബറില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നത് കൊണ്ട് ചൈനയുമായി ബന്ധപ്പെട്ട വിപണികളെല്ലാം ഉന്മേഷത്തിലാണ്. ഷാങ്ഹായ് കോമ്പസിറ്റ്, ചൈന എ50, ഹാങ്‌സെങ്, കോസ്പി എന്നീ സൂചികകള്‍ ഉയര്‍ച്ചയിലാണ്. എന്നാല്‍ സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി, ടോക്യോയിലെ നിക്കി, തായ്‌വാന്‍ വെയ്റ്റഡ്, ഷെന്‍സെന്‍ കമ്പോണന്റ് എന്നിവ നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു. അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലായിരുന്നു. ഇന്നലെ പുറത്ത് വന്ന സാമ്പത്തിക സൂചനകളെല്ലാം നല്ല നിലയിലുള്ളവയായിരുന്നു. പ്രത്യേകിച്ച് ആദ്യമായി തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും, തുര്‍ച്ചയായ അപേക്ഷകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് വിപണി നെഗറ്റീവായാണ് പരിഗണിച്ചത്. ഇത്തരം പോസിറ്റീവായ ഘടകങ്ങള്‍ കടുത്ത നിരക്കു വര്‍ധന നടപ്പിലാക്കാന്‍ യുഎസ് ഫെഡിനെ പ്രേരിപ്പിക്കുമെന്നതാണ് കാരണം.
ക്രൂഡ് ഓയില്‍
തുടര്‍ച്ചയായ നാലാം മാസവും നഷ്ടത്തിലേയ്ക്കാണ് ക്രൂഡ് ഓയില്‍ വിപണി പോകുന്നത്. രാവിലെ ഏഷ്യന്‍ വിപണിയില്‍ 87 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ചൈന, അമേരിക്ക, യൂറോപ്പ് എന്നിവയടക്കമുള്ള പ്രധാന സമ്പദ് വ്യവസ്ഥകളിലെല്ലാം മാന്ദ്യ ഭീതി നിഴലിക്കുന്നതിനാല്‍ ക്രൂഡ് ഓയില്‍ ഡിമാന്റ് കുറയുകയാണ്. ഈ ഡിമാന്റ് കുറവാണ് വിലയിടിവിലേക്ക് നയിക്കുന്നത്. ഇതിന് പ്രതിവിധിയായി ഒപെകിലെ പല രാജ്യങ്ങളും ഉത്പാദനം കുറയ്ക്കണമെന്ന് വാദിക്കുന്നുണ്ട്. അടുത്തയാഴ്ച്ച ഒപെക് മീറ്റിംഗ് ചേരുന്നുണ്ട്. വിപണിയിലെ ഊഹാപോഹങ്ങള്‍ ഇതിലെടുത്തേക്കാവുന്ന തീരുമാനങ്ങളെ ചുറ്റിപ്പറ്റിയാണ്. റഷ്യന്‍ എണ്ണയ്ക്ക് മേല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളും അതുമറികടക്കാന്‍ റഷ്യ സ്വീകരിക്കുന്ന തന്ത്രങ്ങളും ഒപെകിനു തന്നെ തലവേദനയാകുന്നുണ്ട്.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റാ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 3,600 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 3,162 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വിദേശ നിക്ഷേപകര്‍ ഏഷ്യന്‍ വിപണികളിലെ റിസ്‌ക് അധികമുള്ള ഓഹരികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന പ്രവണത തുടരുകയാണ്. പ്രത്യേകിച്ചും ആഗോള വളര്‍ച്ച കുറയുന്നതിനാലും, ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്ന സാഹചര്യത്തിലും അവര്‍ കൂടുതല്‍ ജാഗരൂകരായിരിക്കും.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "യൂറോപ്പിലേയും, അമേരിക്കയിലേയും വിപണികളുടെ ബെയറിഷ് സ്വാഭാവം തുടരുകയാണ്. അമേരിക്കയില്‍ അടുത്ത വര്‍ഷം ഒരു മാന്ദ്യം സംഭവിക്കാനുള്ള സാധ്യതയും ആഗോള വളര്‍ച്ച കുറയാനുള്ള സാധ്യതയും വിപണികള്‍ കണക്കിലെടുക്കുന്നുണ്ട്. ഇന്ത്യയ്ക്കും ഇതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാവില്ലെങ്കിലും ശക്തമായ ആഭ്യന്തര വിപണിയുടേയും ഡിമാന്റിന്റേയും പുറത്ത് ഇതിനെ അതിജീവിക്കാനാകുമെന്ന് കരുതുന്നു. ഇന്നത്തെ നിരക്ക് വര്‍ധന 50 ബിപിഎസ് മാത്രമാണെങ്കില്‍ അത് വിപണിയില്‍ ചലനമുണ്ടാക്കില്ല. വിപണി ഇത് പ്രതീക്ഷിക്കുന്നതാണ്."
"കമ്പനികളുടെ രണ്ടാംപാദ ഫലങ്ങളായിരിക്കും വിപണിയുടെ ചലനത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകം. അവ അടുത്ത ആഴ്ച്ച മുതല്‍ വന്ന് തുടങ്ങും. ബാങ്കിംഗ്-ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക്ക് സ്ഥാപനങ്ങള്‍, ഓട്ടോ മൊബൈല്‍ കമ്പനികള്‍, ഐടി-ടെലകോം, പെയ്ന്റ്‌സ്, ഫാര്‍മ എന്നിവയുടെ ഫലങ്ങള്‍ അനുകൂലമായിരിക്കുമെന്ന് കരുതപ്പെടുന്നു. ചാഞ്ചാട്ടം കാണിക്കുന്ന വിപണിയില്‍ ഏറ്റവും നല്ലത് പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഫാര്‍മ, എഫ്എംസിജി ഓഹരികള്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും."
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,640 രൂപ (സെപ്റ്റംബര്‍ 30)
ഒരു ഡോളറിന് 81.60 രൂപ (സെപ്റ്റംബര്‍ 30)
ബ്രെന്റ് ക്രൂഡ് ബാരലിന് 88.51 ഡോളര്‍ (സെപ്റ്റംബര്‍ 30, 8.15 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 16,49,075 രൂപ (സെപ്റ്റംബര്‍ 30, 8.16 am, വസീര്‍എക്‌സ്)