ഉയരുന്ന പണപ്പെരുപ്പം വിപണിയില്‍ ആശങ്കയായേക്കും

മൂന്ന് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് ശേഷം ഇന്ന് ഓഹരി വിപണിയില്‍ ചില ഘടകങ്ങള്‍ പ്രതികൂലമായി വരാനിടയുണ്ട്. ഇന്നലെ വ്യാപാര സമയത്തിന് ശേഷം പുറത്തുവന്ന ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകളും, വ്യവസായ ഉത്പാദന സൂചികയും (IIP) അത്ര ആശാവഹമല്ല. പണപ്പെരുപ്പം തുടര്‍ച്ചയായ കുറവ് രേഖപ്പെടുത്തിയതിന് ശേഷം ഓഗസ്റ്റില്‍ ഏഴ് ശതമാനത്തിലേയ്ക്ക് ഉയര്‍ന്നിരിക്കുകയാണ്. ജൂലൈയില്‍ ഇത് 6.71 ശതമാനമായിരുന്നു. ജൂലൈ മാസത്തിലെ ഐഐപിയില്‍ 2.4 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണില്‍ ഇത് 12.3 ശതമാനമായിരുന്നു. ഈ […]

Update: 2022-09-12 22:17 GMT

മൂന്ന് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് ശേഷം ഇന്ന് ഓഹരി വിപണിയില്‍ ചില ഘടകങ്ങള്‍ പ്രതികൂലമായി വരാനിടയുണ്ട്. ഇന്നലെ വ്യാപാര സമയത്തിന് ശേഷം പുറത്തുവന്ന ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകളും, വ്യവസായ ഉത്പാദന സൂചികയും (IIP) അത്ര ആശാവഹമല്ല. പണപ്പെരുപ്പം തുടര്‍ച്ചയായ കുറവ് രേഖപ്പെടുത്തിയതിന് ശേഷം ഓഗസ്റ്റില്‍ ഏഴ് ശതമാനത്തിലേയ്ക്ക് ഉയര്‍ന്നിരിക്കുകയാണ്. ജൂലൈയില്‍ ഇത് 6.71 ശതമാനമായിരുന്നു. ജൂലൈ മാസത്തിലെ ഐഐപിയില്‍ 2.4 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണില്‍ ഇത് 12.3 ശതമാനമായിരുന്നു. ഈ രണ്ടു ഫലങ്ങളോടുമുള്ള വിപണിയുടെ പ്രതികരണം ഇന്നറിയാം.

യുഎസ്-ഏഷ്യന്‍ വിപണികള്‍

ആഗോള സൂചനകള്‍ ഇന്ന് ഏറെ അനുകൂലമാണ്. അമേരിക്കന്‍ വിപണി ഇന്നലെ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണികളും രാവിലെ ലാഭത്തില്‍ വ്യാപാരം നടത്തുന്നു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.19 ന് 0.56 ശതമാനം നേട്ടത്തിലാണ്. എന്നാല്‍ ഇന്ന് വൈകീട്ടോടെ പുറത്ത് വന്നേക്കാവുന്ന അമേരിക്കന്‍ സിപിഐ ഫലങ്ങളും, ഒപെക് പ്രതിമാസ റിപ്പോര്‍ട്ടും വിപണികളില്‍ നേരിയ ആശങ്ക പരത്തുന്നുണ്ട്. അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ യുഎസ് ഫെഡിന്റെ നിരക്ക് നിര്‍ണ്ണയത്തെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ്. ഒപെക് റിപ്പോര്‍ട്ട് ആഗോള എണ്ണ വിലയെ കാര്യമായി സ്വാധീനിക്കും. നിക്ഷേപകരെല്ലാം ഈ കണക്കുകള്‍ പുറത്തു വരാനായി കാത്തിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഇന്നലെ പുറത്തുവിട്ട വ്യവസായ ഉത്പാദന കണക്കുകളും, ജിഡിപി വളര്‍ച്ചാ നിരക്കും കാര്യമായ പുരോഗതി കാണിക്കുന്നില്ല. ഇത് യൂറോപ്യന്‍ വിപണികള്‍ക്ക് നെഗറ്റീവായ ഘടകമാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തര വിപണിയിലും ലേശം ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

ക്രൂഡ് ഓയില്‍

ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്ന് നില്‍ക്കുകയാണ്. ഒപെക് റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കെ വിപണിയില്‍ കാര്യമായ മുന്നേറ്റം ഉണ്ടാകാനിടയില്ല. ഇതോടൊപ്പം ചൈന പുതിയതായി ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ അവിടുത്തെ ഉപഭോഗം കുറയുന്നതിന്റെ മറ്റൊരു സൂചനയാണ്. ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചൈനയിലെ വളര്‍ച്ച കുറയുന്നതും, ഒന്നാമനായ അമേരിക്കയിലെ ക്രൂഡ് ഓയില്‍ ശേഖരം മാറ്റമില്ലാതെ തുടരുന്നതും വിപണിയെ തളര്‍ത്തുന്നുണ്ട്.

വിദേശ നിക്ഷേപം

എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച് ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2,050 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 890 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. വിദേശ നിക്ഷേപകര്‍ ഈ മാസം ഓഹരികളിലെ അറ്റ വാങ്ങലുകാരായി തുടരുന്നത് വിപണിയെ ഉത്തേജിപ്പിക്കുന്ന ഘടകമാണ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,675 രൂപ (സെപ്റ്റംബര്‍ 13)
ഒരു ഡോളറിന് 79.70 രൂപ (സെപ്റ്റംബര്‍ 13)
ബ്രെന്റ് ക്രൂഡ് ബാരലിന് 93.29 ഡോളര്‍ (സെപ്റ്റംബര്‍ 13, 8.13 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 18,38,200 രൂപ (സെപ്റ്റംബര്‍ 13, 8.13 am, വസീര്‍എക്‌സ്)

Tags:    

Similar News