ആഭ്യന്തര സൂചനകള്‍ ഇന്ന് വിപണിയെ സ്വാധീനിക്കും

ഇന്ന് യുഎസില്‍ നിര്‍ണ്ണായകമായ ജാക്‌സണ്‍ ഹോള്‍ കോണ്‍ഫറന്‍സ് നടക്കുന്നതിനാല്‍ ഓഹരി വിപണികളുടെ ശ്രദ്ധ മുഴുവന്‍ അവിടേയ്ക്കായിരിക്കും. ഫെഡ് ചീഫ് ജെറോം പവ്വല്‍ കേന്ദ്ര ബാങ്ക് സ്വീകരിക്കാന്‍ പോകുന്ന കര്‍ശന പണനയത്തിന്റെ ചില സൂചനകളെങ്കിലും നല്‍കിയേക്കാം. 50 ബേസിസ് പോയിന്റ് വര്‍ധനവ് വിപണികള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ നിരക്ക് വര്‍ധന അതിനും മുകളിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല. അമേരിക്കന്‍ വിപണി ഫെഡിന്റെ നടപടികളോട് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ അനുകൂലമായാണ് പ്രതികരിക്കുന്നത്. ഇന്നലെ പുറത്ത് വന്ന ജിഡിപി വളര്‍ച്ചാ കണക്കുകള്‍ ഏറെ ആശ്വാസം […]

Update: 2022-08-25 22:32 GMT

Bombay Stock Exchange 

ഇന്ന് യുഎസില്‍ നിര്‍ണ്ണായകമായ ജാക്‌സണ്‍ ഹോള്‍ കോണ്‍ഫറന്‍സ് നടക്കുന്നതിനാല്‍ ഓഹരി വിപണികളുടെ ശ്രദ്ധ മുഴുവന്‍ അവിടേയ്ക്കായിരിക്കും. ഫെഡ് ചീഫ് ജെറോം പവ്വല്‍ കേന്ദ്ര ബാങ്ക് സ്വീകരിക്കാന്‍ പോകുന്ന കര്‍ശന പണനയത്തിന്റെ ചില സൂചനകളെങ്കിലും നല്‍കിയേക്കാം. 50 ബേസിസ് പോയിന്റ് വര്‍ധനവ് വിപണികള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ നിരക്ക് വര്‍ധന അതിനും മുകളിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല.
അമേരിക്കന്‍ വിപണി
ഫെഡിന്റെ നടപടികളോട് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ അനുകൂലമായാണ് പ്രതികരിക്കുന്നത്. ഇന്നലെ പുറത്ത് വന്ന ജിഡിപി വളര്‍ച്ചാ കണക്കുകള്‍ ഏറെ ആശ്വാസം നല്‍കുന്നു. ജിഡിപി ഇപ്പോഴും നെഗറ്റീവ് സോണിലാണ്. ഓഗസ്റ്റ് 25ന് പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് ജിഡിപി 0.6 ശതമാനമായി ചുരുങ്ങി. ജൂലൈയില്‍ 0.9 ശതമാനമായിരുന്നു ചുരുങ്ങല്‍. ജൂണില്‍ സമീപകാലത്തെ ഏറ്റവും വലിയ നിരക്കായ 1.6 ശതമാനം ചുരുങ്ങലിന് സമ്പദ്ഘടന വിധേയമായിരുന്നു. അമേരിക്കയിലെ തുടര്‍ച്ചയായ തൊഴിലില്ലായ്മാ വേതനത്തിനുള്ള അപേക്ഷകള്‍ കുറയുകയാണ്. ആദ്യമായി ഇതിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. ഇത് കാണിയ്ക്കുന്നത് തൊഴില്‍ വിപണി ഏറെക്കുറേ ശക്തമായ നിലയിലാണെന്നാണ്. ഫെഡിന് അവരുടെ കണക്ക് കൂട്ടലുകള്‍ക്കനുസരിച്ച് മുന്നോട്ട് നീങ്ങാവുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ പവ്വലിന്റെ ഇന്നത്തെ സൂചനകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അമേരിക്കന്‍ വിപണികള്‍ ഇന്നലെ ലാഭത്തിലാണ് ക്ലോസ് ചെയ്തത്.
ഏഷ്യന്‍ വിപണി
ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് രാവിലെ മികച്ച നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.17ന് 0.59 ശതമാനം ഉയര്‍ച്ചയിലാണ്. ഡോളര്‍ ഇന്ന് രാവിലെ സ്ഥിരമായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയിലും മുന്നേറ്റം പ്രതീക്ഷിക്കാം. ഇന്നലെ വിപണിയുടെ തുടക്കത്തില്‍ ശുഭപ്രതീക്ഷയായിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം ചിത്രം മാറി. അത്തരത്തിലുള്ള ചാഞ്ചാട്ടങ്ങള്‍ക്ക് ഇന്നും സാധ്യതയുണ്ട്. പ്രത്യേകിച്ച്, വിപണികളെല്ലാം പവ്വലിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുമ്പോള്‍.
ക്രൂഡ് ഓയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ബാരലിന് 100 ഡോളറിന് മുകളില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നു. ഇതിന് പ്രധാന കാരണം ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറച്ചേയ്ക്കുമെന്ന സൗദി അറേബ്യയില്‍ നിന്നുള്ള സൂചനയാണ്. ഇറാന്‍ ക്രൂഡ് ഓയില്‍ വിപണിയിലേക്ക് വരികയും അവിടെ അധിക വിതരണം നടത്തുകയും ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുവെങ്കിലും ഒപെക്കിന്റെ തീരുമാനത്തിലാണ് ഇപ്പോള്‍ വിപണി ഊന്നല്‍ കൊടുക്കുന്നത്.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റാ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 369 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 334 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. വിദേശ നിക്ഷേപകരുടെ ഓഹരികളിലെ അറ്റനിക്ഷേപം വര്‍ധിക്കാത്തത് വിപണിയുടെ ഉയര്‍ച്ചയ്ക്ക് വിലങ്ങുതടിയാകുന്നുണ്ട്. ആഭ്യന്തര വിപണിയില്‍ ഇന്ന് ബാങ്ക് വായ്പാ - നിക്ഷേപ കണക്കുകള്‍ പുറത്ത് വരും. ഇത് ബാങ്കിംഗ് ഓഹരികളെ നിര്‍ണ്ണായകമായി സ്വാധീനിക്കും. കൂടാതെ വിദേശ നാണ്യ ശേഖരത്തിന്റെ കണക്കുകളും ഇന്ന് പുറത്ത് വരാനിടയുണ്ട്. ആഭ്യന്തരമായി വിപണിയെ സ്വാധീനിക്കാന്‍ ഇടയുള്ള ഘടകങ്ങള്‍ ഇവയാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,750 രൂപ (ഓഗസ്റ്റ് 26 )
ഒരു ഡോളറിന് 79.87 രൂപ (ഓഗസ്റ്റ് 26, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 100.1 ഡോളര്‍ (ഓഗസ്റ്റ് 26, 9.00 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 21,585.84 ഡോളര്‍ (ഓഗസ്റ്റ് 26, 9.10 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)
Tags:    

Similar News