വിദേശ നിക്ഷേപകരുടെ ഓഹരി വാങ്ങല്‍ വിപണിയ്ക്ക് നേട്ടമാവും
അമേരിക്കന്‍ വിപണിയിലെ നേട്ടം ഏഷ്യന്‍ വിപണികളിലേയ്ക്ക് ഇന്നു രാവിലെ കടന്നു വരുന്നില്ല. പ്രമുഖ ഏഷ്യന്‍ വിപണികളായ സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി, തായ്‌വാന്‍ വെയ്റ്റഡ്, കോസ്പി എന്നിവ മാത്രമാണ് നേരിയ ലാഭം കാണിക്കുന്നത്. മറ്റെല്ലാ വിപണികളും നഷ്ടത്തിലാണ്. ചൈനയില്‍ വര്‍ധിച്ചുവരുന്ന കോവിഡ് നിയന്ത്രണങ്ങളും, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ പ്രതിസന്ധികളുമാണ് പ്രധാനമായും വിപണികളെ തളര്‍ത്തുന്നത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അത് എത്രത്തോളം താഴുമെന്ന കാര്യത്തില്‍ മാത്രമേ ചര്‍ച്ചകള്‍ നടക്കുന്നുള്ളു. ബാങ്ക് ഓഫ് ജപ്പാന്റെ പണനയ […]
അമേരിക്കന്‍ വിപണിയിലെ നേട്ടം ഏഷ്യന്‍ വിപണികളിലേയ്ക്ക് ഇന്നു രാവിലെ കടന്നു വരുന്നില്ല. പ്രമുഖ ഏഷ്യന്‍ വിപണികളായ സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി, തായ്‌വാന്‍ വെയ്റ്റഡ്, കോസ്പി എന്നിവ മാത്രമാണ് നേരിയ ലാഭം കാണിക്കുന്നത്. മറ്റെല്ലാ വിപണികളും നഷ്ടത്തിലാണ്. ചൈനയില്‍ വര്‍ധിച്ചുവരുന്ന കോവിഡ് നിയന്ത്രണങ്ങളും, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ പ്രതിസന്ധികളുമാണ് പ്രധാനമായും വിപണികളെ തളര്‍ത്തുന്നത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അത് എത്രത്തോളം താഴുമെന്ന കാര്യത്തില്‍ മാത്രമേ ചര്‍ച്ചകള്‍ നടക്കുന്നുള്ളു. ബാങ്ക് ഓഫ് ജപ്പാന്റെ പണനയ തീരുമാനങ്ങള്‍ ഇന്ന് പുറത്തു വരും. അവര്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന അയഞ്ഞ സമീപനം തന്നെ തുടരാനാണ് സാധ്യത.
ക്രൂഡ് ഓയില്‍
യൂറോപ്പിലേയ്ക്കുള്ള റഷ്യന്‍ ഗ്യാസ് വിതരണം ഇന്നു പുനഃരാരംഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ഇതും ഏഷ്യന്‍ വിപണികളില്‍ ഒരു ആശങ്കയാണ്. ക്രൂഡ് ഓയില്‍ വില രണ്ടാം ദിവസമായ ഇന്നും നേരിയ താഴ്ച്ചയിലാണ്. രാവിലെ 8.15 ന് 106 ഡോളറിനടുത്താണ് ഒരു ബാരല്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സിന്റെ വില. അമേരിക്കന്‍ എനര്‍ജി അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, ഏറ്റവും ഉപഭോഗം വര്‍ധിക്കേണ്ട വേനല്‍കാലത്ത് എണ്ണയുടെ ആവശ്യം പരിമിതമായ തോതില്‍ മാത്രമേ വര്‍ധിക്കുന്നുള്ളു. മാന്ദ്യ ഭീതിയില്‍ ലോകമെമ്പാടും എണ്ണയുടെ ആവശ്യം കുറയുകയാണ്. എന്നാല്‍ ഉത്പാദനത്തിലെ ഞെരുക്കം അതേപടി തുടരുകയുമാണ്. അതിനാല്‍ എണ്ണ വില ഒരു പരിധിയിലേറെ താഴാനും സാധ്യതയില്ല. ഇത് ഇന്ത്യയുള്‍പ്പടെയുള്ള ക്രൂഡ് ഇറക്കുമതിക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയല്ല.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ (ഇസിബി) പണനയ തീരുമാനം പ്രഖ്യാപിക്കുന്നതിനുള്ള മീറ്റിംഗ് ഇന്നു തുടങ്ങും. 25 ബേസിസ് പോയിന്റ് വര്‍ധനവ് അടിസ്ഥാന നിരക്കില്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ബാങ്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീന ലെഗാദേ പ്രഖ്യാപിച്ചിരുന്നു. നിരക്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ വര്‍ധനവ് സംഭവിച്ചേക്കാമെന്ന ഊഹാപോഹങ്ങളും വിപണിയില്‍ നിലവിലുണ്ട്. അമേരിക്കന്‍ വിപണികളില്‍ ഇന്നലെ മുന്നേറ്റം പ്രകടമായിരുന്നു. ടെസ്ല പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വരുമാന ഫലമാണ് പ്രഖ്യാപിച്ചത്.
ആഭ്യന്തര വിപണി
ആഭ്യന്തര വിപണിയില്‍ ഇന്നു നിര്‍ണ്ണായകമാവുക കമ്പനി ഫലങ്ങളാണ്. ഇന്നലെ പുറത്തുവന്ന വിപ്രോയുടെ ലാഭക്കണക്കുകളില്‍ കുറവുണ്ടായത് ഐടി ഓഹരികളെ പ്രതികൂലമായി ബാധിച്ചേക്കാം. എംഫസിസിന്റെ ഫലം ഇന്നു പുറത്തുവരാനിരിക്കുന്നു. എഫ്എംസിജി ഭീമനായ ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഫലം വിപണിയ്ക്ക് ഉത്തേജനം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയെ ഏറ്റവും പ്രചോദിപ്പിക്കുന്ന ഘടകം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങലാണ്. കഴിഞ്ഞ പത്തു മാസമായി നിരന്തരമായി ഓഹരി വില്‍പ്പന നടത്തിയിരുന്ന അവര്‍ ഇന്നലെ 1,781 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 230 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. വിദേശ നിക്ഷേപകരുടെ നിര്‍ണ്ണായകമായ ഈ ചുവടുമാറ്റം വിപണിയുടെ മുന്നേറ്റേത്തിന് കരുത്തു പകരും.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസറ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "ജൂണ്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്നും 8.5 ശതമാനം ഉയര്‍ച്ച നിഫ്റ്റിയിലുണ്ടായത് ഏറെക്കുറേ നിലനിന്നു പോകാനാണ് സാധ്യത. സൂചികയുടെ അടുത്ത നീക്കം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും, യുഎസ് ഫെഡിന്റേയും പണനയ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. ഫെഡ് 75 ബേസിസ് പോയിന്റ് നിരക്ക് ഉയര്‍ത്താനാണ് എല്ലാ സാധ്യതയും. ഇസിബി 25 മുതല്‍ 50 ബേസിസ് പോയിന്റ് വരേയും. നിരക്കുകളേക്കാള്‍ ഉപരി ബാങ്കുകളുടെ പണപ്പെരുപ്പം നേരിടാനുള്ള സ്ട്രാറ്റജിയും, സാമ്പത്തിക വളര്‍ച്ചയുടെ സാധ്യതകളുമാവും വിപണിയുടെ ശ്രദ്ധയില്‍പ്പെടുക. പണപ്പെരുപ്പം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയെന്നും ഇനി അത് കുറയാനാണ് സാധ്യതയെന്നും കേന്ദ്ര ബാങ്കുകള്‍ അഭിപ്രായപ്പെട്ടാല്‍ വിപണിയുടെ മുന്നേറ്റത്തിന് അത് വഴിതെളിക്കും. ആഭ്യന്തര വിപണിയെ സംബന്ധിച്ച് ഏറ്റവും പ്രധാനം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങലാണ്. വിപണി ഉയരുമ്പോള്‍ അവര്‍ വിറ്റഴിച്ചാലും അത് നിരന്തരമായ വില്‍പ്പനയുടെ അത്രയും ദോഷം ചെയ്യില്ല. ഐടി, ബാങ്കിംഗ് ഓഹരികളാണ് ഇവരുടെ വില്‍പ്പനയുടെ ഇരകളായത്. അവര്‍ക്ക് ഇപ്പോള്‍ ആശ്വസിക്കാം."
ഇന്നു പുറത്തുവരാനുള്ള പ്രധാന കമ്പനി ഫലങ്ങള്‍ - ജെഎസ്ഡബ്ലിയു എനര്‍ജി, കജാരിയ സെറാമിക്‌സ്, പേഴ്‌സിസ്റ്റന്റ് സിസ്റ്റംസ്, പിവിആര്‍, ഇന്ത്യാ മാര്‍ട്ട്, ഹിന്ദുസ്ഥാന്‍ സിങ്ക്, ഐഡിബിഐ ബാങ്ക്, സിഎസ്ബി ബാങ്ക്, സിയന്റ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,620 രൂപ (ജൂലൈ 21)
ഒരു ഡോളറിന് 79.90 രൂപ (ജൂലൈ 21)
ബ്രെന്റ് ക്രൂഡ് ബാരലിന് 106.03 ഡോളര്‍ (ജൂലൈ 21, 8.12 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 18,84,679 രൂപ (ജൂലൈ 21, 8.12 am, വസീര്‍എക്‌സ്)