ഉള്ളി കയറ്റുമതി നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു

  • ഉള്ളി രാഷ്ട്രീയമായി സെന്‍സിറ്റീവ് ആയതിനാല്‍ തീരുമാനത്തിന് പ്രാധാന്യമേറെ
  • കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഉളളി കയറ്റുമതിക്ക് 40 ശതമാനം തീരുവ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നു
  • ഡിസംബറില്‍ രാജ്യം ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു

Update: 2024-05-04 09:41 GMT

ഉള്ളികയറ്റുമതി നിരോധനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ ടണ്ണിന് 550 ഡോളര്‍ എന്ന മിനിമം കയറ്റുമതി വില ഏര്‍പ്പെടുത്തി. ഉള്ളി രാഷ്ട്രീയമായി സെന്‍സിറ്റീവ് ആയതിനാലും രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാലും തീരുമാനത്തിന് പ്രാധാന്യമേറെയാണ്.

'ഉള്ളിയുടെ കയറ്റുമതി നിരോധനം പിന്‍വലിച്ചതായും ടണ്ണിന് 550 ഡോളര്‍ എന്ന മിനിമം കയറ്റുമതി വിലയില്‍ വില്‍പ്പന നടത്താമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഒരു വിജ്ഞാപനത്തില്‍ പറഞ്ഞു.ഇത് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും വിജ്ഞാപനം തുടരുന്നു.

ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയത് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ്. ഇതിന്റെ കാലാവധി 2023 ഡിസംബര്‍ ആയിരുന്നു. ഡിസംബര്‍ എട്ടിന് ഉള്ളി കയറ്റുമതി നിരോധിക്കുകയും ചെയ്തു. അതിനുശേഷം മാര്‍ച്ചില്‍ കയറ്റുമതി നിരോധനം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നീട്ടുകയും ചെയ്തു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-24ല്‍ ഖാരിഫ്, റാബി വിളകള്‍ കുറഞ്ഞതും അന്താരാഷ്ട്ര വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതുമായ പശ്ചാത്തലത്തില്‍ പ്രാദേശിക ഉപഭോഗത്തിന് മതിയായ ലഭ്യത ഉറപ്പാക്കാനായിരുന്നു ഈ നടപടി.

മാര്‍ച്ചില്‍ കേന്ദ്ര കൃഷി മന്ത്രാലയം ഉള്ളി ഉല്‍പാദനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. കണക്കുകള്‍ പ്രകാരം, 2023-24ല്‍ ഉള്ളി ഉല്‍പ്പാദനം (ആദ്യത്തെ മുന്‍കൂര്‍ എസ്റ്റിമേറ്റ്) കഴിഞ്ഞ വര്‍ഷത്തെ 302.08 ലക്ഷം ടണ്ണിനെ അപേക്ഷിച്ച് ഏകദേശം 254.73 ലക്ഷം ടണ്‍ ആയിരിക്കും. മഹാരാഷ്ട്രയില്‍ 34.31 ലക്ഷം ടണ്ണും കര്‍ണാടകയില്‍ 9.95 ലക്ഷം ടണ്ണും ആന്ധ്രാപ്രദേശില്‍ 3.54 ലക്ഷം ടണ്ണും രാജസ്ഥാനില്‍ 312 ലക്ഷം ടണ്ണും ഉല്‍പാദനം കുറഞ്ഞതാണ് ഇതിന് കാരണം.

ബംഗ്ലാദേശ്, യുഎഇ, ഭൂട്ടാന്‍, ബഹ്റൈന്‍, മൗറീഷ്യസ്, ശ്രീലങ്ക എന്നീ ആറ് അയല്‍രാജ്യങ്ങളിലേക്ക് 99,150 ടണ്‍ ഉള്ളി കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

Tags:    

Similar News