ബാങ്കിംഗ്,ധനകാര്യ ഓഹരികളിൽ സമർദം, സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനം ഇടിഞ്ഞു
ഹിന്‍ഡന്‍ബര്‍ഗ് പുറത്തു വിട്ട റിപ്പോര്‍ട്ടിന് പിന്നാലെയുള്ള ആശങ്കകള്‍ നിഴലിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയക്ക് ശേഷമുള്ള സെഷനില്‍ 1,200 ഓളം പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്. എന്നാല്‍ പിന്നീട് സെന്‍സെക്‌സ് 874 പോയിന്റ് കുറഞ്ഞ് 59,330.90 ലും നിഫ്റ്റി 287.60 പോയിന്റ് ഇടിഞ്ഞ് 17,604.35 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
തുടര്‍ച്ചയായ രണ്ടാം സെഷനിലും സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു. അദാനി വാര്‍ത്തകളെ തുടര്‍ന്ന്് ബാങ്കിംഗ്, ധനകാര്യ ഓഹരികളില്‍ വലിയ സമ്മര്‍ദം നേരിട്ടു.ഒപ്പം വിദേശ നിക്ഷേപ ഫണ്ടിന്റെ പിന്‍വാങ്ങലും മാര്‍ക്കറ്റിനെ പ്രതികൂലമായി ബാധിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനിടെ അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം നാല് ലക്ഷം കോടി രൂപ ഇടിഞ്ഞു.
ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന യുഎസ് ഫെഡിന്റെ പണ നയ യോഗവും വിപണിയെ അസ്ഥിരമാക്കി. ബാങ്കിങ്, ധനകാര്യ, ഓയില്‍ ഓഹരികള്‍ ദുര്‍ബലമായതും അദാനി ഗ്രൂപ്പിന്റെ ഓഹരികളുണ്ടായ വില്പന സമ്മര്‍ദ്ദവും ഇതിനു ആക്കം കൂട്ടി.
നിക്ഷേപകരുടെ ഈ ആശങ്ക ഇന്ത്യയുടെ വോളട്ടിലിറ്റി ഇന്‍ഡക്‌സ് (വിക്‌സ്) 13 ശതമാനമായി ഉയരുന്നതിനു കാരണമായി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 1230 .36 പോയിന്റ് ഇടിഞ്ഞ് 58,974.70 ലെത്തിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇത്. സെന്‍സെക്‌സില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ് സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടത്തിലായി.
എങ്കിലും ഓട്ടോ മൊബൈല്‍ ഓഹരികളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ ലാഭത്തില്‍ അവസാനിച്ചു. ഐടിസി, അള്‍ട്രാ ടെക്ക് സിമന്റ് എന്നിവയും നേട്ടത്തിലായിരുന്നു. ബിഎസ് എയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്ത വിപണി മൂലധനം 268,344 ലക്ഷം കോടി രൂപയായി കുറഞ്ഞതോടെ വിപണിയിലെ നിക്ഷേപകരുടെ 8.1 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.
യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബെര്‍ഗ് റിസേര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ടിന് പിന്നാലെ അദാനിയുടെ 10 ഓഹരികളും നഷ്ടത്തിലായിരുന്നു വ്യാപാരം ചെയ്തിരുന്നത്. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റര്‍പ്രൈസിന്റെ 20,000 കോടി രൂപയുടെ എഫ് പി ഒ ഇന്ന് ആരംഭിച്ചുവെങ്കിലും വിപണിയില്‍ ഓഹരികള്‍ 18 .52 ശതമാനമാണ് ഇടിഞ്ഞത്. അദാനി ടോട്ടല്‍ ഗ്യാസ് 20 ശതമാനവും, അദാനി വില്‍മര്‍ എന്‍ഡിടിവി , അദാനി പവര്‍ എന്നി ഓഹരികള്‍ 5 ശതമാനത്തോളവും ഇടിഞ്ഞു.
അദാനിയുടെ വലിയ തോതിലുള്ള ബാധ്യത വായ്പ ദാതാക്കള്‍ക്ക് വലിയ അപകടമുണ്ടാകുമെന്ന ഹിന്‍ഡന്‍ബെര്‍ഗിന്റെ പ്രസ്താവനയാണ് പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പെടയുള്ള ബാങ്കിങ് ഓഹരികള്‍ക്ക് തിരിച്ചടിയായത്. വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വിറ്റഴിക്കലും വിപണിക്ക് പ്രതികൂലമാവുന്നുണ്ട്. എന്‍എസ് ഡിഎല്‍ പുറത്തു വിട്ട കണക്കു പ്രകാരം ജനുവരിയില്‍ ഇതുവരെ 16,766 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. ബുധനാഴ്ച 2,394 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ചൈന പോലുള്ള താരതമ്യേന വില കുറഞ്ഞ വിപണികളിലേക്കാണ് ഇന്ത്യയില്‍ നിന്നും പിന്‍വലിക്കുന്ന നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ ഹോങ്കോങ് എന്നിവ നേട്ടത്തിലാണ് അവസാനിച്ചത്. യൂറോപ്യന്‍ വിപണികളും ഉച്ച കഴിഞ്ഞുള്ള സെഷനില്‍ ലാഭത്തിലാണ് വ്യപാരം ചെയ്തിരുന്നത്. യു എസ് വിപണിയും വ്യാഴാഴ്ച മികച്ച നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. ആഭ്യന്തര വിപണി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച അവധിയായിരുന്നു.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 1.35 ശതമാനം ഉയര്‍ന്ന് ബാരലിന് 88.65 ഡോളറായി.